
‘ഏറ്റവും വലിയ ജനാധിത്യ രാജ്യത്താണ് നാം ജീവിക്കുന്നത്, എന്നിട്ടും നിങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണോ..?, മനോരമ ന്യൂസ് കോണ്‍ക്ലേവ് വേദിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ ചോദ്യം. ഇന്ത്യ ഇതുവരെ ഇത്രയും സ്വാതന്ത്ര്യം അനുഭവിച്ചിട്ടില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രധാനനമന്ത്രിയെയും ഞങ്ങളെ ഓരോരുത്തരെയും വിമര്‍ശിച്ചുകൊണ്ട് എത്രയേറെ പരാമര്‍ശങ്ങള്‍ വന്നു, ശരിയാണ് ഒരു ജനാധിപത്യ രാജ്യത്ത് വിമര്‍ശിക്കാനുള്ള അധികാരമുണ്ട്. എന്നാലിവിടെ നടക്കുന്നത് ഏകാധിപത്യമാണെന്ന് ചിലര്‍ പറയുന്നു. സര്‍ക്കാരുകളെ കുറ്റപ്പെടുത്തുക എന്നുള്ളത് എളുപ്പമാണ്. എന്നാല്‍ ഓരോരുത്തരുടെയും പരിധി നിശ്ചയിക്കുന്നത് അവരവര്‍ തന്നെയാണ്. ഒരാളുടെയും സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടാകരുത്.- അദ്ദേഹം പറഞ്ഞു.
മോദിയുടെ ഭരണകാലത്തെപ്പോലെ സ്വാതന്ത്ര്യം ഇത്രയേറെ ആസ്വദിക്കാൻ സാധിച്ച മറ്റൊരു കാലമുണ്ടായിട്ടില്ല. പലരും പറയുന്നത് കേട്ടിട്ടുണ്ട്, ഞങ്ങൾക്കു സ്വാതന്ത്ര്യം വേണം എന്ന്. ജെഎൻയുവിലെ വിദ്യാർഥികൾ ഉൾപ്പെടെ സ്വാതന്ത്ര്യം വേണമെന്നാണു പറയുന്നത്. ആൾക്കൂട്ട വിചാരണകളും അതിനു പിന്നാലെ കൊലപാതകങ്ങളും രാജ്യത്തു പലയിടത്തും സംഭവിച്ചു. അതു സംഭവിക്കാന്‍ പാടില്ലായിരുന്നു. പാർലമെന്റിൽ അതിന്റെ പേരിൽ നടന്ന ചർച്ചയ്ക്കു മറുപടി നൽകേണ്ടി വന്നിരുന്നു. കേന്ദ്ര ഭരണത്തിൻ കീഴിലാണ് ഇതെല്ലാം സംഭവിക്കുന്നതെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ ഇനി ഇതൊരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ചുമതലയാണ്. ആൾക്കൂട്ടം തല്ലിക്കൊല്ലുന്ന സംഭവങ്ങൾ നടക്കാതിരിക്കാൻ നിർദേശങ്ങൾ നൽകാനാണു കേന്ദ്രത്തിനു സാധിക്കുക. അത് ചെയ്യുന്നുമുണ്ട്. എന്നാൽ കേന്ദ്രത്തിനെ കുറ്റം പറയാനാണ് എല്ലാവർക്കും താൽപര്യമെന്നും റിജ്ജു പറഞ്ഞു.
നവമാധ്യമങ്ങളുടെ കടന്നു വരവിനു മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. ഇത്തരം ചര്‍ച്ചകള്‍ നടന്നിരുന്നില്ല. അന്ന് കുറച്ചുകൂടി സ്വാതന്ത്ര്യമുണ്ടായിരുന്നു. സ്വാതന്ത്ര്യം ലഭിക്കണമെങ്കില്‍ ഓരോരുത്തരും സംഭാവന ചെയ്യണം. എല്ലാവരുടെയും സംഭാവനയാണ് സമൂഹത്തിന്റെ സ്വാതന്ത്ര്യം. ഇന്ത്യ കൂടുതല്‍ കരുത്തുള്ള രാജ്യമാകണം, മറ്റു രാജ്യങ്ങളുമായി മത്സരിക്കാനല്ല, ലോകത്തിന്റെ വളര്‍ച്ചക്ക് സംഭാവന ചെയ്യാന്‍.
ഓരോ പാര്‍ട്ടിക്കും ഓരോ തരത്തിലുള്ള പ്രവര്‍ത്തനരീതിയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ഷങ്ങളോളം ഇന്ത്യ ഭരിച്ചു. എന്നാല്‍ ഈ വിധത്തിലുള്ള സ്വാതന്ത്ര്യം നമ്മള് ഇതിനു മുന്‍പ് അനുഭവിച്ചിട്ടില്ല. ഞങ്ങള്‍ വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന് ആളുകള്‍ പറയുന്നു. പക്ഷേ വിമര്‍ശനങ്ങള്‍ ഞങ്ങളെ കൂടുതല്‍ കരുത്തരാക്കുകയാണ് ചെയ്യുന്നത്– അദ്ദേഹം പറഞ്ഞു.
‘ദേശീയ താൽപര്യമാണ് എനിക്കു വലുത്, അല്ലാതെ എന്റെ സ്വാതന്ത്ര്യമല്ല. ഇന്ത്യയെ തകർക്കുന്നതു പോലും ചിലർക്ക് ‘ഓകെ’യാണ്. ചിലർ പറയുന്നു വ്യക്തിസ്വാതന്ത്ര്യമാണ് എല്ലാമെന്ന്. എല്ലാവർക്കും ഇവിടെ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. എന്നിട്ടും ഈ സംവിധാനത്തെ ചിലർ ദുരുപയോഗം ചെയ്യുന്നുണ്ട്. സ്വാതന്ത്ര്യം എവിടെനിന്നും സൗജന്യമായി ലഭിക്കില്ല. യഥാർഥ സ്വാതന്ത്ര്യത്തിനു നാം സമൂഹത്തിനും ഏറെ നൽകേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന്റെ പേരില്‍ നക്സലുകളെ പിന്തുണയ്ക്കാം, വിഘടനവാദികളെ പിന്തുണയ്ക്കാം. എന്നാൽ അതു രാജ്യത്തെ ബാധിക്കുമ്പോള്‍ ഇടപെടേണ്ടി വരും. നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. സ്വന്തം രാജ്യത്തെ തകർക്കാനുള്ള സ്വാതന്ത്ര്യം ആർക്കുമില്ല’– റിജിജു പറഞ്ഞു.
സ്വാതന്ത്ര്യത്തിനു വേണ്ടി എന്തും ചെയ്യാം. എന്നാല്‍ രാജ്യനന്മയായിരിക്കണം എല്ലാറ്റിലും പ്രധാനം. സ്വാതന്ത്ര്യം നിരുത്തരവാദപരമായി ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങള്‍ രാജ്യത്തുണ്ട്. എന്നാല്‍ സ്വാതന്ത്ര്യം ഏറ്റവുമധികം ആസ്വദിക്കുന്ന ആളുകള്‍ തന്നെയാണ് തങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് വീണ്ടും വീണ്ടും പറയുന്നത്.
സംസ്ഥാനങ്ങള്‍ മുന്‍പെന്നത്തേക്കാളും സ്വതന്ത്രമാണ്. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങളുണ്ട്. നിയമം നടപ്പിലാക്കുന്നത് മനുഷ്യാവകാശം ഉറപ്പാക്കലാണ്. നിയമപാലകര്‍ക്കും സാധാരണക്കാരെപ്പോലെ തന്നെ സ്വാതന്ത്ര്യം അനുഭവിക്കാനുള്ള അവകാശമുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.