തീവ്രവാദിയെന്ന് വിളിച്ചോളൂ; എനിക്ക് സ്വാതന്ത്ര്യം തരൂ; കോണ്‍ക്ലേവില്‍ കാവ്യാത്മകം കനിമൊഴി

kannimozhi-02
SHARE

തീവ്രവാദികളെന്നോ ദേശദ്രോഹികളെന്നോ വിളിച്ചുകൊള്ളൂ..  എന്നെ എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അനുവദിക്കുക. എന്‍റെ പുഴയെയും കാറ്റിനെയും സംരക്ഷിക്കാന്‍ അനുവദിക്കുക. മതം മറന്ന് ജീവിക്കാന്‍, ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ അനുവദിക്കുക. –സ്വാതന്ത്ര്യത്തെപ്പറ്റി കനിമൊഴി പറഞ്ഞുതുടങ്ങിയതിങ്ങനെ. മാധ്യമസ്വാതന്ത്ര്യം എന്ന വിഷയത്തിലാണ് ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരിച്ചത്. 

അടിയന്തരാവസ്ഥയേക്കാള്‍ മോശമായ സാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളത്. അക്കാലത്ത് സര്‍ക്കാരിനെതിരെ സംസാരിച്ചവരെ ജയിലിലടച്ചിരുന്നു എങ്കില്‍ ഇന്നവരുടെ ജീവനാണ് അപകടത്തിലാകുന്നത്. തൂത്തുക്കുടിയില്‍ ഒരു കുത്തകകമ്പനിക്കെതിരായ ജനങ്ങളുടെ പ്രതിഷേധത്തോട് സര്‍ക്കാര്‍ എങ്ങനെയാണ് പ്രതികരിച്ചത്? വെടിയുതിര്‍ക്കാനുള്ള ഉത്തരവ് മാത്രമാണ് അവിടെ നല്‍കിയത്., കനിമൊഴി പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം ഇല്ലാത്ത കാലത്താണ് നാം ജീവിക്കുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലാണ് ഭൂരിഭാഗം മാധ്യമങ്ങളും. എതിര്‍സ്വരമുയര്‍ത്തുന്ന മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാരാണ് നമ്മുടേത്.'', കനിമൊഴി പറഞ്ഞു. 

കലാപവും അക്രമവും ഭീരുക്കളുടെ അവസാന ആയുധമാണ്. കഴിക്കുന്ന ഭക്ഷണത്തിന്‍റെ പേരില്‍ പോലും ഇവിടെ ജനങ്ങളെ തല്ലിക്കൊല്ലുന്നു. ഒരു ഫാസിസ്റ്റ് സര്‍ക്കാരിന്‍റെ കീഴില്‍ ജീവിക്കാന്‍ നമുക്ക് കഴിയില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ഫാസിസത്തിനെതിരെ പോരാടാനുള്ള ആയുധമാണ്. 

വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ പെട്ടെന്നുണ്ടാകുന്ന സംഭവമായി കരുതുന്നില്ല. അത്തരം ആക്രമണങ്ങളെല്ലാം വ്യക്തമായ പദ്ധതിയോടെ നടക്കുന്നതാണെന്നും കനിമൊഴി പറഞ്ഞു.

MORE IN MANORAMA NEWS CONCLAVE 2018
SHOW MORE