പിണറായിയോട് എന്താണ് ഇത്ര സ്നേഹം; കമല്‍ഹാസന്‍ പറയുന്നു, വിഡിയോ

kamal-hassan
SHARE

അഭിനയിക്കാനറിയില്ല എന്നതാണ് പിണറായി വിജയനെ ഇഷ്ടപ്പെടാനുള്ള പ്രധാനകാരണമെന്ന് തെന്നിന്ത്യന്‍ നടനും രാഷ്ട്രീയനേതാവുമായ കമല്‍ ഹാസന്‍. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസുമായുള്ള ആശയസംവാദത്തിനിടെയാണ് കമല്‍ ഹാസന്റെ പ്രതികരണം. 

കലാകാരനെന്ന നിലയിലും രാഷ്ട്രീയനേതാവെന്ന നിലയിലും സ്വാതന്ത്ര്യത്തിന്റെ പ്രസക്തിയിലൂന്നിയാണ് കമല്‍ ഹാസന്‍ സംസാരിച്ചത്. സൂപ്പര്‍ താരങ്ങളെന്ന വിശേഷണം തന്നെ സ്വാതന്ത്ര്യമെന്ന ആശയത്തിനെതിരാണ്.  നിലവിലെ പരിതസ്ഥിതിയാണ് കലാകാരനില്‍ നിന്ന് രാഷ്ട്രീയത്തിലെത്താനുള്ള തീരുമാനത്തിന് പിന്നില്‍. തമിഴ്നാടിന് വേണ്ടി പ്രവര്‍ത്തിച്ചാലും അതിന്റെ പ്രതിഫലനം രാജ്യത്ത് മുഴുവനുണ്ടാകും. 

ചോദ്യങ്ങളെ എന്നും ഇഷ്ടപ്പെടുന്ന ആളാണ് താന്‍. രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോഴും ചോദ്യങ്ങളെ ഭയക്കുന്നില്ല. സ്വാതന്ത്ര്യത്തിലാണ് ജനാധിപത്യസര്‍ക്കാരിന്റെ അടിത്തറ. വാണിജ്യതാത്പര്യങ്ങള്‍ക്കുവേണ്ടി വ്യക്തിസ്വാതന്ത്ര്യം അടിയറവുവെക്കാന്‍ കഴിയില്ല. ജനങ്ങള്‍ തന്നെ നല്ല നടന്മാരായിക്കഴിഞ്ഞ സാഹചര്യത്തില്‍ രാഷ്ട്രീയത്തില്‍ ഇനി അഭിനയിക്കേണ്ട സാഹചര്യമില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

കലയുടെ സ്വാതന്ത്ര്യത്തെപ്പറ്റി എല്ലാവരും സംസാരിക്കുന്നു. എന്നാൽ സത്യത്തിൽ അത്തരമൊരു സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ? ഇന്നും ചില സാഹചര്യങ്ങളിൽ സെൻസർഷിപ്പുണ്ട്. സർട്ടിഫിക്കറ്റ് മതി, കട്ടുകൾ വേണ്ട സിനിമയിൽ എന്നു ശ്യാം ബെനഗൽ പറഞ്ഞിട്ടുണ്ട്. ചലച്ചിത്ര നിർമാതാക്കൾക്കു നിർദേശം നല്‍കാനാണു സെൻസർഷിപ്പിനു താൽപര്യം. പക്ഷേ അതു ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വിട്ടാൽ പോരേ? എന്തു കാണണം, എന്തു കാണേണ്ട എന്ന കാര്യത്തിൽ. ഇതു കുട്ടികൾക്ക് അല്ലെങ്കില്‍ മുതിർന്നവർക്ക് എന്ന സർട്ടിഫിക്കറ്റ് മതി. കട്ടുകൾ വേണ്ടെന്ന് കമൽ ഹാസൻ വ്യക്തമാക്കി.

ദേശീയ വിരുദ്ധത എന്നത് എല്ലായിടത്തും കേൾക്കുന്നു. എന്നാൽ ഭരണകൂടത്തിനെതിരെ സംസാരിക്കുന്നതെല്ലാം അങ്ങനെയാവുകയാണ്. തമിഴ്‌നാട്ടിൽ അടുത്തിടെ കൊണ്ടു വന്ന സ്ഥലമേറ്റെടുക്കൽ നിയമം തന്നെ ഉദാഹരണം. ഒരു പൗരനെന്ന നിലയിലാണു രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ഏറ്റവും യോഗ്യനാണ് അക്കാര്യത്തിൽ ഞാനെന്നു കരുതുന്നില്ല. പക്ഷേ ജനങ്ങൾക്ക് ആവശ്യമുണ്ടെന്നു തോന്നിയതിനാലാണു താൻ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ജനങ്ങള്‍ക്കിടയിലേക്ക് അഭിനയവുമായി എത്താനാകില്ല. പക്ഷേ അവരുമായി ഇപ്പോൾ താദാത്മ്യം പ്രാപിക്കാനായി.

രാജ്യത്തെ, എന്റെ സംസ്ഥാനത്തെ പൗരനാണ് ഞാൻ. ജന്മനാട് എന്ന നിലയിൽ തമിഴ്‌നാടിനു വേണ്ടി ആദ്യം ചെയ്യണം. പിന്നീട് രാജ്യത്തിനു വേണ്ടി പ്രവർത്തിക്കും. രാഷ്ട്രീയത്തിൽ മാത്രമല്ല, സിനിമയിലും ചിലർ സ്റ്റാർ ആകുമ്പോൾ സ്പെഷൽ ആണെന്നു തോന്നുന്നുണ്ട്. അതു ശരിയല്ല. ജനങ്ങള്‍ക്കാണു പ്രാധാന്യം നൽകേണ്ടത്. രാഷ്ട്രീയത്തിലും അങ്ങനെത്തന്നെ. പ്രായോഗിക രാഷ്ട്രീയത്തിൽ എന്റെ കയ്യിലെ എല്ലാ ആയുധങ്ങളും ഞാൻ ഉപയോഗിക്കുന്നുണ്ട്. മാധ്യമങ്ങളെ അഭിമുഖീകരിക്കുമ്പോൾ ഞാൻ ജനങ്ങളോടാണു സംസാരിക്കുന്നത്. 63 വയസ്സായി. എന്റെ കയ്യിലുള്ള സമയം കുറവാണ്. അത് ജനങ്ങൾക്കറിയാം. മക്കൾ നീതി മയ്യത്തിലുള്ളവർക്കും അതറിയാം. – കമൽ പറഞ്ഞ് അവസാനിപ്പിച്ചു.

MORE IN MANORAMA NEWS CONCLAVE 2018
SHOW MORE