
‘ഞാനൊരിക്കലും ഭയപ്പെട്ടില്ല, ഭരണസംവിധാനത്തില്‍ വിശ്വസിച്ചു, എന്നില്‍ വിശ്വസിച്ചു, സമാന ചിന്തയുള്ളവരില്‍ വിശ്വസിച്ചു..’, കശ്മീര്‍ താഴ് വരയില്‍ നിന്ന് പോരാടുന്നവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചു സംസാരിക്കാനെത്തിയ ദീപികാ സിങ്ങ് രജാവത്തിന്റെ വാക്കുകളില്‍ നിഴലിച്ചതും പോരാട്ടവീര്യം.
‘ഞാനും കുട്ടികളുടെ അമ്മയാണ് . എന്റെ മകള്‍ പീഡിപ്പിക്കപ്പെട്ടാലുണ്ടാകുന്ന അതേ വികാരമാണ് എനിക്കുണ്ടായത്. അവര്‍ എന്നെ ആക്രമിച്ചു, എന്നെ ആക്രമിക്കാമെങ്കില്‍ നിങ്ങളെയുമാകാം. ഞാന്‍ ആര്‍ക്കുമെതിരല്ല, പക്ഷേ പീഡനത്തിനെതിരാണ്.., നിങ്ങള്‍ നിശബ്ദ കാണികളായി ഇരിക്കേണ്ടതില്ല, മൗനം വെടിയുക'', മനോരമ ന്യൂസ് കോണ്‍ക്ലേവ് വേദിയില്‍ ദീപിക പറഞ്ഞു.
‘എല്ലാ മതങ്ങളുടെയും അമ്മയാണ് നമ്മുടെ രാജ്യം. എന്നാല്‍ കഠ്വ കേസിലേക്ക് രാഷ്ട്രീയം കൊണ്ടുവന്നു. ഒരു പെണ്‍കുട്ടി അതിക്രൂരമായി കൊല ചെയ്യപ്പെട്ടപ്പോള്‍ നമ്മള് സംസാരിച്ചത് മതത്തെക്കുറിച്ചാണ്. ഭയപ്പെടുത്താനാണ് പലരും ശ്രമിക്കുന്നത്. എന്തുകൊണ്ടാണ് നിങ്ങള്‍ സ്ത്രീകള്‍ക്കു വേണ്ടി മാത്രം ഹാജരാകുന്നതെന്ന് എന്നോടൊരാള്‍ ചോദിച്ചു. സ്ത്രീകള്‍ക്കു വേണ്ടി വാദിക്കുന്നത് ഒരു കുറ്റമാണോ.. '' ദേശീയത തന്റെ രക്തത്തിലുണ്ട്, അതാരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും ദീപിക സിങ്ങ് പറഞ്ഞു.
മനോരമ ന്യൂസ് കോൺക്ലേവിന് പ്രൗഡഗംഭീര തുടക്കം
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വതന്ത്ര ചിന്തകളുടെ ഉൽസവത്തിന്, മനോരമ ന്യൂസ് കോൺക്ലേവിന് കൊച്ചിയിൽ പ്രൗഡഗംഭീര തുടക്കം. കോൺഗ്രസ് ഭരണത്തേക്കാൾ രാജ്യം പലതലങ്ങളിലും ഇന്ന് സ്വാതന്ത്ര്യം അനുഭവിക്കുന്നതായി കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര മന്ത്രി രാജ്യവർധൻ സിങ്ങ് റാത്തോർ പറഞ്ഞു. കാലഘട്ടം ആവശ്യപ്പെട്ടതുകൊണ്ടാണ് താൻ രാഷ്ടീയത്തിൽ ഇറങ്ങിയതെന്ന് നടൻ കമലഹാസനും പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി രാജ്യത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ന്യൂസ് കോൺക്ലേവ് കൊച്ചിയിൽ തുടരുകയാണ്.
കേന്ദ്ര വാർത്താവിതരണ മന്ത്രി രാജ്യവർധൻ സിങ്ങ് റാത്തോർ തിരി തെളിയിച്ചതോടെയാണ് സ്വാതന്ത്ര്യം എന്ന വിഷയത്തെ അധികരിച്ചുള്ള ചിന്തകൾക്കും ആശയങ്ങൾക്കും തുടക്കം കുറിച്ചത്. എം.എം.ടി.വി. ഡയരക്ടർ ജയന്ത് മാമൻ മാത്യു അതിഥികളെ സ്വാഗതം ചെയ്തു. ഭരണകൂടവും പൗരന്റെ സ്വാതന്ത്ര്യവുമായിരുന്നു ഉദ്ഘാടന പ്രസംഗത്തിന് ഊന്നലായത്. നെഹ്റു വിന്റെയും രാജീവ് ഗാന്ധിയുടെയും കാലത്ത് സ്വാതന്ത്ര്യങ്ങൾക്ക് തടയിടാൻ നിയമപരമായ നീക്കങ്ങളുണ്ടായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എൻ ഡി എ സർക്കാറിനെതിരായ പല വിമർശനങ്ങളും വസ്തുതകൾ മനസ്സിലാക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ അഖണ്ഡത തകർക്കാൻ ശ്രമിക്കുന്നവരെ പുരോഗമന വാദികൾ എന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇന്ത്യൻ സൈന്യത്തെ പറ്റി അപവാദങ്ങൾ പറയുന്നതിനെയും മന്ത്രി വിമർശിച്ചു. സിനിമയിലാണെന്നങ്കിലും രാഷ്ടീയത്തിലാണെങ്കിലും മുതലാളി - തൊഴിലാളി സ്വഭാവം പാടില്ലെന്നായിരുന്നു സ്വാതന്ത്ര്യക്കുറിച്ചുള്ള നടൻ കമൽഹാസന്റെ ചിന്ത.
ബി ജെ പി ഒരിക്കൽ കൂടി അധികാരത്തിൽ എത്തിയാൽ ഇന്ത്യ, ഹിന്ദു പാക്കിസ്ഥാൻ ആകുമെന്ന ശശി തരൂരിന്റെ പ്രസ്താവനയെ ചൊല്ലി കേന്ദ്ര സഹമന്ത്രി അൽഫോൺസ് കണ്ണന്താനവും തരൂരുമായി ഉണ്ടായ സംവാദവും കോൺക്ലേവ് വേദിയെ സജീവമാക്കി.