ദിലീപിനെ ക്രൂശിച്ചു; ശശി തരൂരിനെ ക്രൂശിച്ചില്ല; ചോദ്യങ്ങളുമായി സിദ്ദീഖ്

siddique-conclave-3
SHARE

ദിലീപിനെ ക്രൂശിക്കാമെങ്കില്‍ ശശി തരൂര്‍ എംപിയെയും ക്രൂശിക്കണമെന്ന് നടന്‍ സിദ്ദിഖ്. പൊലീസിന്‍റെയും സാധാരണക്കാരന്‍റെയും സ്വാതന്ത്ര്യത്തെക്കുറിച്ച് മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിപി ലോക്നാഥ് ബെഹ്റ, ജസ്റ്റിസ് കമാല്‍ പാഷ എന്നിവരും പങ്കെടുത്ത ചര്‍ച്ചയിലാണ് നിലപാട്. നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണ്.  അതിനു മുൻപുള്ള വിചാരണകൾ ഒഴിവാക്കണം. 

അന്വേഷണം ഇപ്പോൾ ശരിയായ വഴിയിലാണെന്നും സിദ്ദീഖ് പറഞ്ഞു.  നടിയെ ആക്രമിച്ച കേസിൽ മാധ്യമങ്ങളാണു പൗരനെന്ന പേരിൽ തന്റെ സ്വാതന്ത്ര്യം ഹനിച്ചതെന്നും സിദ്ദിഖ്  വിമര്‍ശനമുയര്‍ത്തി. തന്നെ ഉത്തരം പറയാൻ പോലും സമ്മതിക്കാതെ സ്വാതന്ത്ര്യം നിഷേധിക്കുന്നതു മാധ്യമങ്ങളാണ്.  ഒരു ചാനൽ അവതാരകൻ തന്നെ നരാധമൻ എന്നാണു വിളിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട നടനൊപ്പം നിന്നതിനാണ് അത്. സംഭവത്തിൽ സഹപ്രവർത്തകൻ ഉൾപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞതും ഗൂഢാലോചന നടത്തിയെന്നു പറഞ്ഞതും മറ്റൊരു കുറ്റവാളിയായ പൾസർ സുനിയാണ്. പിന്നീട്, ഗൂഢാലോചനയിൽ പങ്കുണ്ടെന്നു പൊലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ കോടതി തീരുമാനം പറയട്ടെയെന്നും സിദ്ദിഖ് പറഞ്ഞു.

സിനിമാമേഖലയിലുള്ളവരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം വലിയ വാര്‍ത്തയാകുന്നുവെന്ന് നടന്‍ സിദ്ദിഖ് പറഞ്ഞു. സിനിമയിലുള്ളവര്‍ മാത്രമല്ല, മറ്റ് മേഖലകളില്‍ നിന്നുള്ളവരും നികുതിവെട്ടിപ്പ് നടത്തുന്നുണ്ട്. അഞ്ഞൂറോളം അംഗങ്ങളുള്ള സിനിമാമേഖലയില്‍ നിന്ന് വെറും മൂന്ന് പേര്‍ മാത്രമാണ് നികുതിവെട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുള്ളത്. സിനിമയിലുള്ളവരുടെ കാര്യങ്ങളിലുള്ള പൊതുതാത്പര്യം കൊണ്ടായിരിക്കാം, മാധ്യമങ്ങളും ഇത് വലുതാക്കിക്കാണിക്കുന്നു, നടന്‍ സിദ്ദിഖ് പറഞ്ഞു.

സാധാരണക്കാരനാണെങ്കില്‍ പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ നിരപരാധിയാണെങ്കില്‍പ്പോലും പൊലീസ് ഉടന്‍ കേസെടുക്കും. എന്നാല്‍ സാമ്പത്തികസ്ഥിതിയുള്ളവരുടെ കാര്യം വ്യത്യസ്തമാണെന്നായിരുന്നു ജസ്റ്റിസ് കമാല്‍ പാഷയുടെ പ്രതികരണം.  പൊലീസ് ആത്മാഭിമാനം പണയം വച്ചാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് സ്വാതന്ത്യം വേണമെന്നില്ല– അദ്ദേഹം പറഞ്ഞു.

siddique-1

രാഷ്ട്രീയകൊലപാതകങ്ങള്‍ ഇല്ലാതാകണമെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തന്നെ വിചാരിക്കണമെന്നായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞത്. പൊലീസിന്‍റെ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയമില്ല. ഇന്നുവരെ ഒരു രാഷ്ട്രീയനേതാവും തന്നെ വിളിച്ച് പ്രവര്‍ത്തനത്തില്‍ ഇടപെട്ടിട്ടില്ല, ഡിജിപി പറഞ്ഞു.

പൊലീസിന്‍റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നാണ് സാധാരണക്കാരന് തോന്നുന്നതെന്ന് സിദ്ദിഖ് തിരിച്ചടിച്ചു. കസ്റ്റഡി മരണക്കേസില്‍ എന്തുകൊണ്ട് എവി ജോര്‍ജിനെ അറസ്റ്റ് ചെയ്തില്ലെന്നും സിദ്ദീഖ് ചോദിച്ചു. എന്തുകൊണ്ട് ഭരണകൂടത്തില്‍ നിന്നും ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്നും പൊലീസ് സ്വതന്ത്രമല്ല എന്നാണ് തനിക്ക് തോന്നുന്നതെന്നും സിദ്ദിഖ് മറുപടി പറഞ്ഞു.

MORE IN MANORAMA NEWS CONCLAVE 2018
SHOW MORE