
സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സാർഥക ചിന്തകളുടെ ചെപ്പു തുറന്ന് മനോരമ ന്യൂസ് കോൺക്ലേവ് രണ്ടാം പതിപ്പ്. വ്യക്തിസ്വാതന്ത്ര്യത്തെക്കാൾ വലുത് രാജ്യതാൽപര്യമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു അഭിപ്രായപ്പെട്ടപ്പോൾ, സ്ത്രീകളും കുട്ടികളും പിച്ചിച്ചീന്തപ്പെടുന്ന രാജ്യത്ത് സ്വാതന്ത്ര്യം ആഘോഷിക്കാനാവില്ലെന്ന് പ്രമുഖ അഭിഭാഷക ദീപിക സിങ് രജാവത്ത് തുറന്നടിച്ചു. ചൂടൻ സംവാദങ്ങളുമായി പത്തുമണിക്കൂർ നീണ്ട മനോരമ ന്യൂസ് കോൺക്ലേവ് കൊച്ചിയിൽ സമാപിച്ചു.
കേന്ദ്ര വാർത്താവിതരണ മന്ത്രി രാജ്യവർധൻ സിങ് റാത്തോർ സ്വാതന്ത്യ ചിന്തകൾക്ക് തിരികൊളുത്തി. കോൺഗ്രസ് ഭരണകാലത്തെക്കാൾ ജനങ്ങൾ സ്വാതന്ത്ര്യം അനുഭവിക്കുന്നത് ഇപ്പോഴാണെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ വാദം. പിന്നീടെത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു വ്യക്തിസ്വാതന്ത്ര്യത്തിന്റെ അതിരുകളാണ് എടുത്തു പറഞ്ഞത്. പ്രത്യയ ശാസ്ത്ര പ്രചാരകർക്ക് രാജ്യമില്ലാതാകുന്നത് പ്രശ്നമല്ലെന്ന് റിജ്ജു വിമർശിച്ചു.
എതിർശബ്ദമുയർത്തുന്നവരെ ഇല്ലാതാക്കുന്നതിനെ കുറിച്ചാണ് ഡിഎംകെ നേതാവ് കനിമൊഴി വാചാലയായത്. കത്വ കേസിലെ ഇരയ്ക്ക് നീതി ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ പേരിൽ തന്നെ രാജ്യദ്രോഹിയെന്ന് വിമർശിച്ചവർ പ്രത്യേക അജൻഡ നടപ്പാക്കാനാണ് ശ്രമിച്ചതെന്ന ദീപിക സിങ്ങ് രാജാവത്ത് വിമർശനം ഉയർത്തി. കേരള സെക്രട്ടറിയേറ്റ് അഴിച്ചു പണിയാതെ സാമ്പത്തിക സ്വാതന്ത്ര്യം സാധ്യമാവില്ലെന്ന് വ്യവസായ പ്രമുഖരെ സാക്ഷിയാക്കി മന്ത്രി ജി.സുധാകരൻ തുറന്നടിച്ചു.
ജനാധിപത്യസംവിധാനത്തില്‍ സമൂഹം പ്രതികരിക്കാത്തിടത്തോളം കാലം ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ജസ്റ്റിസ് ജെ ചെലമേശ്വര്‍. സ്വതന്ത്രനാകുന്നതിന് നല്‍കേണ്ട വില എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന്റെ വിലയെപ്പറ്റി വിശദീകരിക്കാനാകില്ല. എന്നാല്‍ സ്വാതന്ത്ര്യമില്ലായ്മ വലിയൊരു പ്രശ്നമാണ്. നിയമനിര്മാണഘട്ടം വരെ മതിയായ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ആ നിയമം നടപ്പാക്കുന്നതില്‍ അതേ സ്വാതന്ത്ര്യമുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. നിയമനിര്‍മാണവും നടപ്പാക്കലും ഒരുപോലെ പ്രധാനപ്പെട്ടതെന്ന് സുപ്രീം കോടതിയില്‍ നിന്ന് ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.
കേണല്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, കമല്ഹാസന്, കിരണ്‍ റിജ്ജു, ശശി തരൂര്‍, ജസ്റ്റിസ് ജെ.ചെലമേശ്വര്‍, മുഹമ്മദ് യൂസഫ് താരിഗാമി, ശേഖര്‍ ഗുപ്ത, കനിമൊഴി, അഡ്വ.ദീപിക സിങ് രജാവത്, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്, എം.മുകുന്ദന്, ജസ്റ്റിസ് കെമാല്‍ പാഷ, ഡിജിപി ലോക്നാഥ് ബെഹ്റ, എം.എ.യൂസുഫലി, നടൻ സിദ്ദിഖ്, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഐബിഎസ് സ്ഥാപകന്‍ വി.കെ.മാത്യൂസ്, എം.മുകേഷ് എംഎല്‍എ, പത്മപ്രിയ, സിദ്ദിഖ്, ജോയ് മാത്യു, ഫാദര്‍ ജോസഫ് പുത്തന്‍പുരക്കൽ, യുവഎഴുത്തുകാരന് മനു എസ്.പിള്ള എന്നിവരും അനുഭവങ്ങളും ആശയങ്ങളും കൊണ്ട് മനോരമന്യൂസ് കോണ്‍ക്ലേവ് വേദിയെ സമ്പന്നമാക്കി. സംവാദങ്ങളെ സജീവമാക്കാൻ കേരള സമൂഹത്തിലെ പ്രമുഖരുടെ വിശാല നിരയും കോൺക്ലേവ് വേദിയിൽ സന്നിഹിതരായി.
ഹിന്ദുക്കളുടെ കുത്തകാവകാശം ബിജെപിക്കല്ല; തീ പാറി തരൂര്‍–കണ്ണന്താനം
ഹിന്ദുക്കളുടെ മേലുള്ള കുത്തവകാശം ബിജെപിക്കല്ലെന്ന് ശശി തരൂര്‍ എം.പി. സ്വതന്ത്രരാജ്യം, സ്വാതന്ത്ര്യമില്ലാത്ത പൗരന് എന്ന വിഷയത്തില്‍ മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ശശി തരൂര്‍. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സിപിഎം കേന്ദ്രകമ്മിറ്റി അംഗവും കശ്മീരില്‍ നിന്നുള്ള എംഎഎല്യുമായ യൂസുഫ് തരിഗാമി എന്നിവര്‍ പങ്കെടുത്ത ചര്‍ച്ച നയിച്ചത് മാധ്യമപ്രവര്ത്തകന് ശേഖര്‍ ഗുപ്തയാണ്.
ബിജെപിയില്‍ മാത്രമല്ല, വ്യത്യസ്ത ആശയങ്ങളുള്ള ഹിന്ദുക്കള്‍ മറ്റു പാര്‍ട്ടികളിലുമുണ്ട്. 1922 മുതല്‍ ആര്‍എസ്എസ് വിശ്വസിക്കുന്നത് ഹിന്ദുരാഷ്ട്രം എന്ന ആശയത്തിലാണ്. ‘ഹിന്ദു പാക്കിസ്ഥാന്’ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും ശശി തരൂര്‍ ഇപ്പോഴും ഈ വേദിയിലിരിക്കുന്നത് നമ്മുടേത് ഒരു സ്വതന്ത്രരാജ്യമാണെന്നതിനു തെളിവാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മറുപടി. സ്വാതന്ത്രത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചു മാത്രമാണ് നമ്മള് സംസാരിക്കുന്നത്. രാജ്യത്തെ ഹിന്ദുക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
ജനിക്കാനും ജീവിക്കാനും അതിജീവിക്കാനും ഭക്ഷണം പാകം െചയ്യാനും വീടു നിര്‍മിക്കാനും സ്വാതനന്ത്ര്യമുള്ള രാജ്യത്താണ് നമ്മള് ജീവിക്കുന്നതെന്നുള്ള അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പരാമര്‍ശത്തിന് അങ്ങനെയെങ്കില്‍ അത്തരം സ്വാതന്ത്ര്യവും ചൈനയിലെയും കൊറിയയിലെയും സ്വാതന്ത്ര്യവും തമ്മിലുള്ള വ്യത്യാസം എന്തായിരുന്നുവെന്നായിരുന്നു അവതാകരന്റെ ചോദ്യം. ചൈനയിലെയും കൊറിയയിലെയും അവസ്ഥയായിരുന്നു ഇവിടെയെങ്കില്‍ ഇപ്പോള്‍ നമ്മള് ഇവിടെയിരുന്ന് ഈ വിഷയത്തെപ്പറ്റി സംസാരിക്കുകയില്ലെന്നായിരുന്നു കണ്ണന്താനത്തിന്റെ മറുപടി.
പഞ്ചാബിലെ ഹിന്ദു–മുസ്ലിം കലാപത്തെക്കുറിച്ചോര്മിപ്പിച്ചുകൊണ്ടാണ് കശ്മീര്‍ താഴ് വരയില്‍ നിന്നെത്തിയ തരിഗാമി സംസാരിച്ചത്. കശ്മീര്‍ മുഴുവന്‍ അതിക്രൂരതയുടെ ഇരയാണ്. താന്‍ ആശങ്കാകുലനാണെന്നും തരിഗാമി പറഞ്ഞു. അധികാരകേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഒരു പൗരനെന്ന രീതിയില്‍ തനിക്ക് തോന്നലുണ്ടെന്നും അത് സ്വീകാര്യമായ പ്രവണതയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിലീപിനെ ക്രൂശിച്ചു; ശശി തരൂരിനെ ക്രൂശിച്ചില്ല; ചോദ്യങ്ങളുമായി സിദ്ദീഖ്
ദിലീപിനെ ക്രൂശിക്കാമെങ്കില്‍ ശശി തരൂര്‍ എംപിയെയും ക്രൂശിക്കണമെന്ന് നടന് സിദ്ദിഖ്. പൊലീസിന്റെയും സാധാരണക്കാരന്റെയും സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിപി ലോക്നാഥ് ബെഹ്റ, ജസ്റ്റിസ് കമാല്‍ പാഷ എന്നിവരും പങ്കെടുത്ത ചര്‍ച്ചയിലാണ് നിലപാട്. നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. അതിനു മുൻപുള്ള വിചാരണകൾ ഒഴിവാക്കണം.
അന്വേഷണം ഇപ്പോൾ ശരിയായ വഴിയിലാണെന്നും സിദ്ദീഖ് പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ മാധ്യമങ്ങളാണു പൗരനെന്ന പേരിൽ തന്റെ സ്വാതന്ത്ര്യം ഹനിച്ചതെന്നും സിദ്ദിഖ് വിമര്‍ശനമുയര്‍ത്തി. തന്നെ ഉത്തരം പറയാൻ പോലും സമ്മതിക്കാതെ സ്വാതന്ത്ര്യം നിഷേധിക്കുന്നതു മാധ്യമങ്ങളാണ്. ഒരു ചാനൽ അവതാരകൻ തന്നെ നരാധമൻ എന്നാണു വിളിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട നടനൊപ്പം നിന്നതിനാണ് അത്. സംഭവത്തിൽ സഹപ്രവർത്തകൻ ഉൾപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞതും ഗൂഢാലോചന നടത്തിയെന്നു പറഞ്ഞതും മറ്റൊരു കുറ്റവാളിയായ പൾസർ സുനിയാണ്. പിന്നീട്, ഗൂഢാലോചനയിൽ പങ്കുണ്ടെന്നു പൊലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ കോടതി തീരുമാനം പറയട്ടെയെന്നും സിദ്ദിഖ് പറഞ്ഞു.
വിമര്‍ശിച്ചോളൂ; മോദിയുടേത് സ്വാതന്ത്ര്യം ആസ്വാദ്യമായ കാലം: കിരണ്‍ റിജ്ജു
‘ഏറ്റവും വലിയ ജനാധിത്യ രാജ്യത്താണ് നാം ജീവിക്കുന്നത്, എന്നിട്ടും നിങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണോ..?, മനോരമ ന്യൂസ് കോണ്‍ക്ലേവ് വേദിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ ചോദ്യം. ഇന്ത്യ ഇതുവരെ ഇത്രയും സ്വാതന്ത്ര്യം അനുഭവിച്ചിട്ടില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രധാനനമന്ത്രിയെയും ഞങ്ങളെ ഓരോരുത്തരെയും വിമര്‍ശിച്ചുകൊണ്ട് എത്രയേറെ പരാമര്‍ശങ്ങള്‍ വന്നു, ശരിയാണ് ഒരു ജനാധിപത്യ രാജ്യത്ത് വിമര്‍ശിക്കാനുള്ള അധികാരമുണ്ട്. എന്നാലിവിടെ നടക്കുന്നത് ഏകാധിപത്യമാണെന്ന് ചിലര്‍ പറയുന്നു. സര്‍ക്കാരുകളെ കുറ്റപ്പെടുത്തുക എന്നുള്ളത് എളുപ്പമാണ്. എന്നാല്‍ ഓരോരുത്തരുടെയും പരിധി നിശ്ചയിക്കുന്നത് അവരവര്‍ തന്നെയാണ്. ഒരാളുടെയും സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടാകരുത്.- അദ്ദേഹം പറഞ്ഞു.
മോദിയുടെ ഭരണകാലത്തെപ്പോലെ സ്വാതന്ത്ര്യം ഇത്രയേറെ ആസ്വദിക്കാൻ സാധിച്ച മറ്റൊരു കാലമുണ്ടായിട്ടില്ല. പലരും പറയുന്നത് കേട്ടിട്ടുണ്ട്, ഞങ്ങൾക്കു സ്വാതന്ത്ര്യം വേണം എന്ന്. ജെഎൻയുവിലെ വിദ്യാർഥികൾ ഉൾപ്പെടെ സ്വാതന്ത്ര്യം വേണമെന്നാണു പറയുന്നത്. ആൾക്കൂട്ട വിചാരണകളും അതിനു പിന്നാലെ കൊലപാതകങ്ങളും രാജ്യത്തു പലയിടത്തും സംഭവിച്ചു. അതു സംഭവിക്കാന്‍ പാടില്ലായിരുന്നു. പാർലമെന്റിൽ അതിന്റെ പേരിൽ നടന്ന ചർച്ചയ്ക്കു മറുപടി നൽകേണ്ടി വന്നിരുന്നു. കേന്ദ്ര ഭരണത്തിൻ കീഴിലാണ് ഇതെല്ലാം സംഭവിക്കുന്നതെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ ഇനി ഇതൊരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ചുമതലയാണ്. ആൾക്കൂട്ടം തല്ലിക്കൊല്ലുന്ന സംഭവങ്ങൾ നടക്കാതിരിക്കാൻ നിർദേശങ്ങൾ നൽകാനാണു കേന്ദ്രത്തിനു സാധിക്കുക. അത് ചെയ്യുന്നുമുണ്ട്. എന്നാൽ കേന്ദ്രത്തിനെ കുറ്റം പറയാനാണ് എല്ലാവർക്കും താൽപര്യമെന്നും റിജ്ജു പറഞ്ഞു.
നവമാധ്യമങ്ങളുടെ കടന്നു വരവിനു മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. ഇത്തരം ചര്‍ച്ചകള്‍ നടന്നിരുന്നില്ല. അന്ന് കുറച്ചുകൂടി സ്വാതന്ത്ര്യമുണ്ടായിരുന്നു. സ്വാതന്ത്ര്യം ലഭിക്കണമെങ്കില്‍ ഓരോരുത്തരും സംഭാവന ചെയ്യണം. എല്ലാവരുടെയും സംഭാവനയാണ് സമൂഹത്തിന്റെ സ്വാതന്ത്ര്യം. ഇന്ത്യ കൂടുതല്‍ കരുത്തുള്ള രാജ്യമാകണം, മറ്റു രാജ്യങ്ങളുമായി മത്സരിക്കാനല്ല, ലോകത്തിന്റെ വളര്‍ച്ചക്ക് സംഭാവന ചെയ്യാന്‍.
ഓരോ പാര്‍ട്ടിക്കും ഓരോ തരത്തിലുള്ള പ്രവര്‍ത്തനരീതിയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ഷങ്ങളോളം ഇന്ത്യ ഭരിച്ചു. എന്നാല്‍ ഈ വിധത്തിലുള്ള സ്വാതന്ത്ര്യം നമ്മള് ഇതിനു മുന്‍പ് അനുഭവിച്ചിട്ടില്ല. ഞങ്ങള്‍ വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന് ആളുകള്‍ പറയുന്നു. പക്ഷേ വിമര്‍ശനങ്ങള്‍ ഞങ്ങളെ കൂടുതല്‍ കരുത്തരാക്കുകയാണ് ചെയ്യുന്നത്– അദ്ദേഹം പറഞ്ഞു.
‘ദേശീയ താൽപര്യമാണ് എനിക്കു വലുത്, അല്ലാതെ എന്റെ സ്വാതന്ത്ര്യമല്ല. ഇന്ത്യയെ തകർക്കുന്നതു പോലും ചിലർക്ക് ‘ഓകെ’യാണ്. ചിലർ പറയുന്നു വ്യക്തിസ്വാതന്ത്ര്യമാണ് എല്ലാമെന്ന്. എല്ലാവർക്കും ഇവിടെ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. എന്നിട്ടും ഈ സംവിധാനത്തെ ചിലർ ദുരുപയോഗം ചെയ്യുന്നുണ്ട്. സ്വാതന്ത്ര്യം എവിടെനിന്നും സൗജന്യമായി ലഭിക്കില്ല. യഥാർഥ സ്വാതന്ത്ര്യത്തിനു നാം സമൂഹത്തിനും ഏറെ നൽകേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന്റെ പേരില്‍ നക്സലുകളെ പിന്തുണയ്ക്കാം, വിഘടനവാദികളെ പിന്തുണയ്ക്കാം. എന്നാൽ അതു രാജ്യത്തെ ബാധിക്കുമ്പോള്‍ ഇടപെടേണ്ടി വരും. നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. സ്വന്തം രാജ്യത്തെ തകർക്കാനുള്ള സ്വാതന്ത്ര്യം ആർക്കുമില്ല’– റിജിജു പറഞ്ഞു.
സ്വാതന്ത്ര്യത്തിനു വേണ്ടി എന്തും ചെയ്യാം. എന്നാല്‍ രാജ്യനന്മയായിരിക്കണം എല്ലാറ്റിലും പ്രധാനം. സ്വാതന്ത്ര്യം നിരുത്തരവാദപരമായി ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങള്‍ രാജ്യത്തുണ്ട്. എന്നാല്‍ സ്വാതന്ത്ര്യം ഏറ്റവുമധികം ആസ്വദിക്കുന്ന ആളുകള്‍ തന്നെയാണ് തങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് വീണ്ടും വീണ്ടും പറയുന്നത്.
സംസ്ഥാനങ്ങള്‍ മുന്‍പെന്നത്തേക്കാളും സ്വതന്ത്രമാണ്. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങളുണ്ട്. നിയമം നടപ്പിലാക്കുന്നത് മനുഷ്യാവകാശം ഉറപ്പാക്കലാണ്. നിയമപാലകര്‍ക്കും സാധാരണക്കാരെപ്പോലെ തന്നെ സ്വാതന്ത്ര്യം അനുഭവിക്കാനുള്ള അവകാശമുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചിരിപ്പിക്കാനുള്ള സ്വാതന്ത്യ്രം പോയി; ‘ചിരിപ്പിച്ച്’ ഇവർ പറഞ്ഞു
'കേട്ടാല്‍ ചിരി വരും, എന്നുകരുതി ചോദിക്കാതിരിക്കാനാകുമോ..? സ്വാതന്ത്ര്യത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ ചിരിക്കെന്തു കാര്യം. കാര്യമുണ്ട്... ഗഹനമായ വിഷയങ്ങള്‍ കേട്ടിരുന്ന സദസിന്റെ മുന്നിലേക്കെത്തിയത് ഫാദര്‍ ജോസഫ് പുത്തന്‍പുരക്കലും മുകേഷും ജോയ് മാത്യുവും. ചിരിയെ കുറിച്ചു പറയാന്‍ സിനിമയിലും ജീവിതത്തിലും ചിരിപ്പിക്കുന്നവരെത്തിയപ്പോള് സദസുണര്ന്നു. ചിരി അത്ര ചിരിച്ചുതള്ളേണ്ട വിഷയമല്ല, അത് ഗൗരവമുള്ള വിഷയമാണ് എന്ന ആമുഖത്തോടെയായിരുന്നു തുടക്കം.
ജീവിതത്തെ തന്നെ തമാശയായി കാണണമെന്നാണ് ജോയ് മാത്യുവിന്റെ പക്ഷം, എന്റെ സൗകര്യമാണ് എന്റെ സ്വാതന്ത്ര്യം. അത് അനുഭവിക്കണമെന്ന് എനിക്കു തോന്നണം. മറ്റുള്ളവരുടെ കയ്യടി നേടാനല്ല താന്‍ സംസാരിക്കുന്നത്. ഏതു വിഷയത്തില്‍ പ്രതികരിക്കണമെന്നത് തന്റെ സ്വാതന്ത്ര്യമാണ്. കാലം പഴയ കാലമല്ല. ഭാഷയില്‍ മുന്നേറ്റമുണ്ടായപ്പോള്‍ പഴയ വാക്കുകള്‍ പലതും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഭാഷയില്‍ വന്ന ഈ പുതുബോധം പോലെ തന്നെ ജാതിയിലും അത്തരം ബോധങ്ങളുണ്ടായിട്ടുണ്ട്.
ചിരിക്ക് വിലക്കേര്‍പ്പെടുത്തുന്നത് സ്വാതന്ത്ര്യത്തിന് വിലക്കേര്പ്പെടുന്നതു പോലെയാണ്. തനിക്കെതിരെ ട്രോളുകള്‍ വന്നപ്പോള്‍ ആസ്വദിച്ചിട്ടുണ്ട്, എന്നാല്‍ അങ്ങേയറ്റമായപ്പോള്‍ പ്രതികരിച്ചിട്ടുമുണ്ട്. പിണറായി വിജയനെ വിമര്‍ശിക്കുന്നത് അദ്ദേഹം നന്നാകാന്‍ സാധ്യതയുള്ള നേതാവായതു കൊണ്ടാണ്. ഇഷ്ടമില്ലാത്തവരെ വിമര്‍ശിക്കേണ്ട കാര്യമില്ല. പിണറായിയെ ട്രോളിയതാണോ എന്ന് പലരും ചോദിച്ചെന്നും ജോയ് മാത്യു.