'എല്ലാ നൻമകളും ഞാൻ തൊട്ടറിഞ്ഞ ഇടം'; മമ്മൂട്ടിക്ക് മകളുടെ സർപ്രൈസ്

surumi-06
SHARE

മമ്മൂട്ടിക്ക് പിറന്നാൾ സർപ്രൈസുമായി മകൾ സുറുമി. മലയാള മനോരമയ്ക്കായി മനസിലെ സ്നേഹം മുഴുവൻ ചാലിച്ച് വാപ്പിച്ചിയെ വരച്ചതിനെ കുറിച്ച് ചിത്രകാരി കൂടിയായ സുറുമി എഴുതുന്നതിങ്ങനെ...

'വാപ്പിച്ചിയെ വരയ്ക്കാൻ തുടങ്ങുമ്പോൾ മനസ്സിൽ തെല്ലാശങ്കയുണ്ടായിരുന്നു. എത്രയോ കലാകാരന്മാർ അവരുടെ സ്നേഹം മുഴുവനെടുത്തു വരച്ച മുഖം. മാത്രമല്ല, ഞാൻ ഇന്നേവരെ ഒരു പോർട്രെയ്റ്റ് ചെയ്തിട്ടില്ല. എനിക്കേറെയിഷ്ടം കറുപ്പ്, വെളുപ്പ്, ഇലകൾ, കായ്കൾ, പൂക്കൾ, പുഴകൾ, മലകൾ... അങ്ങനെ പ്രപഞ്ചത്തിന്റെ സൂക്ഷ്മതകളിലേക്കിറങ്ങി ഒരു ധ്യാനം പോലെ അവയെ വരയ്ക്കാനാണ്. ഈ ചിത്രം അതിൽനിന്ന് അൽപം വ്യത്യസ്തമാണ്.

വാപ്പിച്ചിയുടെ ചിത്രം വരയ്ക്കണമെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ, ഇതുവരെ അതിനു മുതി‍ർന്നിട്ടില്ല. ഇത്തവണ, അദ്ദേഹത്തിന് എന്റെ പിറന്നാൾ സമ്മാനമായി ഇതു വരയ്ക്കാനായതിൽ അങ്ങേയറ്റം സന്തോഷമുണ്ട്. ഈ പിറന്നാൾ സമ്മാനം അദ്ദേഹത്തിന് ഏറെ പ്രിയങ്കരമാകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ വരകളുടെ ചെറിയ ലോകം എനിക്ക് അത്രയേറെ വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹത്തെക്കാൾ കൂടുതൽ ആർക്കാണറിയുക?

ഈ ലോകത്തിലെ ഏതൊരു മകൾക്കും അവളുടെ പിതാവു തന്നെയാണ് ഏറ്റവും ഉജ്വലനായ വ്യക്തി; എനിക്കും. ദൈവം സമയമെടുത്ത് അങ്ങേയറ്റം സൂക്ഷ്മതയോടെ തീർത്ത മനോഹര സൃഷ്ടിയാണത്. ഈ ലോകത്തിലെ എല്ലാ നന്മകളും ഞാൻ തൊട്ടറിഞ്ഞത് അതിൽനിന്നാണ്. ഈ മഹാപ്രപഞ്ചത്തോളം അനന്തമാണ് അങ്ങയുടെ സ്നേഹം. കാൻവാസിലേക്ക് ഒരിക്കലും പൂർണമായി പകർത്താൻ കഴിയാത്ത നിറക്കൂട്ട് തന്നെയാണത്'.

സ്നേഹത്തോടെ സുറുമി

Loading...
Loading...