'ജീവിതം കണ്ടത് ഇച്ചാക്കയിലൂടെ; ആ വാത്സല്യ തണലിൽ ഞാൻ'..; മോഹൻലാൽ

lalmammootty-06
SHARE

ജീവിതം കണ്ടത് ഇച്ചാക്കയെന്ന് സ്നേഹപൂർവം താൻ വിളിക്കുന്ന മമ്മൂട്ടിയിലൂടെയാണെന്ന് മോഹൻലാൽ. പിറന്നാൾ ആശംസകളോടെ മലയാള മനോരമയിൽ എഴുതിയ കുറിപ്പിലാണ് പ്രിയതാരം ഹൃദ്യമായ ഓർമകൾ പങ്കുവച്ചത്. എക്കാലവും കൂടെയുണ്ടെന്ന സുരക്ഷിതത്വ ബോധം നൽകിയ ആളാണ് മമ്മൂട്ടിയെന്നും ആ വാത്സല്യ തണലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന അനുജനാണ് താനെന്നും മോഹൻലാൽ എഴുതുന്നു. കുറിപ്പിങ്ങനെ ....

'ദുൽഖർ സൽമാൻ ജനിച്ച കാലത്തു മമ്മൂക്കയ്ക്കു ചെന്നൈയിൽ നിന്നുതിരിയാൻ സമയമില്ലാത്തത്ര തിരക്കാണ്. സെറ്റിൽനിന്നു സെറ്റിലേക്കുള്ള യാത്രകൾ. ഇന്നത്തെപ്പോലെയല്ല അന്നു സിനിമ. പലപ്പോഴും മാസത്തിലൊരിക്കൽ നാട്ടിലെത്തുകതന്നെ പ്രയാസം. ഒരിക്കൽ രാത്രി കൊച്ചിയിലെ വീട്ടിലെത്തി രാവിലെ ചെന്നൈയിലേക്കു തിരിച്ചുപോയി. അത്തവണ വന്നപ്പോൾ ചെമ്പിൽ പോയി ബാപ്പയെ കണ്ടില്ല. കുറച്ചു ദിവസത്തിനു ശേഷം ബാപ്പ വിളിച്ചപ്പോൾ എന്താണു വരാതിരുന്നതെന്നു ചോദിച്ചു. മമ്മൂക്ക പറഞ്ഞു, ‘‘മോനെ കാണാൻ വല്ലാത്ത തിടുക്കമായി. അതുകൊണ്ട് ഓടിവന്നു കണ്ടു തിരിച്ചുപോന്നതാണ്. ഉടനെ വീണ്ടും വരാം.’’ ബാപ്പ തിരിച്ചു ചോദിച്ചു: ‘ചെമ്പിലുള്ള ഉമ്മയ്ക്കും ബാപ്പയ്ക്കും ഇതുപോലെ മോനെ കാണാൻ തിടുക്കം കാണില്ലേ?’

ഇതു മമ്മൂക്ക തന്നെ പറഞ്ഞതാണ്. വല്ലാത്തൊരു വാത്സല്യമാണിത്. അതനുഭവിക്കാനും അതേ അർഥത്തിൽ ജീവിതത്തിൽ പകർത്താനും കഴിയുന്നത് അതിലും വലിയ ഭാഗ്യം. ബാപ്പയുടെ അതേ വാത്സല്യം ജീവിതത്തിൽ പകർത്തിയ മകനാണു മമ്മൂക്ക. ഏതു തിരക്കിനിടയിലും അദ്ദേഹം കുടുംബവുമായി േചർന്നുനിന്നു. സിനിമയിൽ അദ്ദേഹം കോംപ്രമൈസ് ചെയ്തത് ഇതിനു വേണ്ടി മാത്രമാണ്. പലപ്പോഴും ഈ വാത്സല്യം അടുത്തുനിന്നു കണ്ട ആളാണു ഞാൻ. അതിൽ കുറച്ചു വാത്സല്യം എനിക്കും കുടുംബത്തിനും കിട്ടിയിട്ടുണ്ട്.

എന്റെ മകളുടെ പുസ്തകം വായിച്ച ശേഷം ദുൽഖർ സൽമാൻ എഴുതിയ കുറിപ്പിന്റെ അവസാനം കുറിച്ചത് ‘സ്വന്തം ചാലു ചേട്ടൻ’ എന്നാണ്. എന്റെ മകളെ സ്വന്തം അനിയത്തിയായി ഇപ്പോഴും അവർക്കു തോന്നുന്നു എന്നതു മമ്മൂക്ക പകർന്നു നൽകിയ വാത്സല്യത്തിന്റെ തുടർച്ചയാണ്. പ്രണവും ദുൽഖറുമെല്ലാം അടുത്തറിയുന്നു എന്നതിലും വലിയ സന്തോഷമുണ്ടോ!

ഞാൻ മമ്മൂക്കയെ പണ്ടേ വിളിക്കാറ് ‘ഇച്ചാക്ക’ എന്നാണ്. അദ്ദേഹത്തിന്റെ സഹോദരങ്ങൾ വിളിക്കുന്ന പേരുതന്നെ ഞാനും വിളിച്ചു. കല്യാണം കഴിഞ്ഞപ്പോൾ ചേച്ചിയെ ‘ഭാഭി’ എന്നും. പലപ്പോഴും ഞാൻ ജീവിതം കണ്ടത് ഈ ഇച്ചാക്കയിലൂടെയാണ്. ഒരുപാട് അച്ചടക്കവും ചിട്ടയുമുള്ള ഒരു ജ്യേഷ്ഠനും അതൊന്നുമില്ലാത്ത അനിയനുമാണ് ഞങ്ങളെന്നു പറയാം.

പണ്ടുമുതലേ എത്ര സ്വാദിഷ്ടമായ ഭക്ഷണമായാലും ആവശ്യത്തിനു മാത്രമേ ഇച്ചാക്ക കഴിക്കൂ. ആരു നിർബന്ധിച്ചാലും വേണ്ടാത്തതു കഴിക്കില്ല. ഞാനോ, കൂടെയുള്ളവർ സ്നേഹപൂർവം നിർബന്ധിച്ചാൽ അളവില്ലാതെ എന്തും കഴിക്കും. ഒരിക്കൽപ്പോലും എന്നെ ഉപദേശിച്ചിട്ടില്ല. ഉപദേശിച്ചിട്ടു കാര്യമില്ലെന്നു തോന്നിക്കാണും. ഒരിക്കൽപോലും സിനിമ നന്നായെന്നോ ചീത്തയായെന്നോ ഞങ്ങൾ പരസ്പരം പറഞ്ഞിട്ടില്ല. പക്ഷേ, എന്നോടു പറയാനായി സുഹൃത്തുക്കളോടു പറയാറുണ്ട്.

ഇത്രയേറെ വൈകാരികമായി പ്രതികരിക്കുന്ന ആളെയും ഞാൻ കണ്ടിട്ടില്ല. പെട്ടെന്നു സങ്കടം വരും, ചിലപ്പോൾ കരയും. അതിലും വേഗം ദേഷ്യവും വരും. 50 വർഷത്തിനിടയിൽ ഒരിക്കൽപോലും എന്തെങ്കിലും ദേഷ്യം മനസ്സിൽ വച്ചുകൊണ്ടിരുന്നതായി അറിയില്ല. ഉടൻ പൊട്ടിത്തെറിച്ചു തീരുന്ന വളരെ സാധാരണമായൊരു മനസ്സാണ്. എന്റെ ജീവിതത്തിൽ വീഴ്ചകളും ഉയർച്ചകളുമുണ്ടായിട്ടുണ്ട്. സാധാരണ നിലയിൽ വീഴ്ചകളുടെ സമയത്തു കൂടെ നിൽക്കുന്നവർ കുറവാകും. ഇച്ചാക്ക എന്നും ഒരേ മനസ്സോടെയാണു പെരുമാറിയത്.

ചെന്നൈയിൽ ജീവിച്ച കാലത്തു മിക്ക ദിവസവും കാണും. ഇച്ചാക്ക ഡ്രൈവ് ചെയ്യുന്ന കാറിൽ ഇരിക്കാൻ എനിക്കു പേടിയായിരുന്നു. നന്നായി ഡ്രൈവ് ചെയ്യും. പക്ഷേ എനിക്കിഷ്ടം ഡ്രൈവർ ഓടിക്കുന്നതാണ്. മിക്കപ്പോഴും പോകുമ്പോൾ എന്നെയും വിളിക്കും. ഞാൻ പോകില്ല. അന്നു രണ്ടുപേരും തുടക്കക്കാരായ കുട്ടികളായിരുന്നു. പിന്നീടു വലിയ കുട്ടികളായതോടെ ഞങ്ങൾ വേർപിരിഞ്ഞു. ഇച്ചാക്ക കൊച്ചിയിലും ഞാൻ ചെന്നൈയിലും തിരുവനന്തപുരത്തുമായി. അതോടെ കാണുന്നതും കുറഞ്ഞു. ഇത് അടുപ്പം കുറയാൻ ഇടയാക്കിയെന്നല്ല എന്നാലും ദിവസേനയുള്ള കാര്യങ്ങൾ അറിയാതായി. ഒരേ വീട്ടിൽ ജനിച്ച സഹോദരന്മാരായാൽപ്പോലും അങ്ങനെയാണല്ലോ. വിളിക്കുമ്പോൾ പുതിയ സിനിമകളെക്കുറിച്ചു പറയും. എന്നോടും ചോദിക്കും.

ഇച്ചാക്ക കഠിനാധ്വാനത്തിലൂടെ നടനാകാൻ വേണ്ടി മാത്രം ജീവിച്ചയാളാണ്. ഓരോ നിമിഷവും കഠിനാധ്വാനം ചെയ്യുന്നു. ഞാൻ സൗഹൃദങ്ങളിലൂടെ നടനായി പോയ ഒരാളാണ്. ഞാനറിയാതെ ഇവിടെ എത്തിപ്പെട്ട ഒരാൾ. എനിക്കിപ്പോഴും മമ്മൂട്ടിയെന്ന നടന്റെ ജീവിതവും അഭിനയവും അദ്ഭുതമാണ്. സിനിമകൾ കണ്ടും പഠിച്ചും ജീവിക്കുന്ന ഒരാൾ. ഇതുപോലെ സ്വന്തം ജീവിതം രൂപപ്പെടുത്തിയെടുത്തൊരു നടനെയും ഞാൻ കണ്ടിട്ടില്ല. എന്നാൽ, 50 വർഷം മുൻപുള്ള അതേ മനസ്സോടെയാണു ഇച്ചാക്ക ഇന്നും ജീവിക്കുന്നത്.

ഒരു കാര്യം എനിക്കുറപ്പാണ്. എല്ലാ മത്സരങ്ങൾക്കും ബഹളങ്ങൾക്കും അവസാനം കൂടെ നിൽക്കുന്ന മുതിർന്ന ഒരാളുണ്ടെന്നതു നൽകുന്ന സുരക്ഷിതത്വബോധം ചെറുതല്ല. എന്നെ ചേർത്തു നിർത്തിയ ഒരാളല്ല, അകലെനിന്ന് ഏട്ടനെന്ന മനസ്സോടെ എന്നെ നോക്കിനിന്ന ഒരാളാണ് ഇച്ചാക്ക. സ്കൂളിൽ പോകുമ്പോൾ ചേട്ടനും കൂടെയുണ്ടെങ്കിൽ തോന്നുന്നൊരു ധൈര്യമുണ്ടല്ലോ അതുതന്നെയാണു പലപ്പോഴും തോന്നിയിട്ടുള്ളത്.

നിറഞ്ഞു തുളുമ്പിപ്പോകാതെ 50 വർഷത്തോളം നിറവോടെ കലാരംഗത്തു നിൽക്കുക എന്നതു ചെറിയ കാര്യമല്ല. ചിട്ടയോടെ ജീവിതവും സിനിമയും കുടുംബവുമെല്ലാം ഇച്ചാക്ക കെട്ടിപ്പടുത്തു. അതേ പാഠം കുട്ടികൾക്കും നൽകി. ഇച്ചാക്കയുടെ ഏറ്റവും വലിയ ഹിറ്റ് സിനിമ കുടുംബമാണെന്നു പറയാറുണ്ട്. ഇന്നും കുറച്ചുമാറി ആ വാത്സല്യത്തിന്റെ തണലിൽ നിൽക്കാൻ ആഗ്രഹിക്കുന്നൊരു അനുജൻ മാത്രമാണു ‍‍ഞാൻ. നാളെ ഞാൻ എന്താകുമെന്നെനിക്കറിയില്ല. ഇതുതന്നെയാണോ എന്റെ നിയോഗം എന്നും എനിക്കറിയില്ല. പക്ഷേ ഇച്ചാക്കയുടെ നിയോഗം ഒന്നു മാത്രമാണ്. നടൻ, നടൻ, നടൻ. നാളെയും അതിനപ്പുറവും അതു മാത്രമാകും എന്റെ ഇച്ചാക്ക.

Loading...
Loading...