തനിയാവർത്തനമില്ലാത്ത വേഷപ്പകർച്ചകൾ; ദൃശ്യവിസ്മയം; മഹാനടന് ഇന്ന് പിറന്നാൾ

mammootty-birthday
SHARE

‍മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിക്ക് ഇന്ന് എഴുപതാം പിറന്നാൾ. തനിയാവർത്തനമില്ലാത്ത വേഷപ്പകർച്ചകളിലൂടെ അമ്പതാണ്ടായി തുടരുന്ന  ദൃശ്യവിസ്മയമാണ് മലയാളിക്ക് മമ്മൂട്ടി. സിനിമ ഒ.ടി.ടിയിലെത്തിയ കാലത്തും പ്രായത്തെ വെല്ലുന്ന കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി സജീവമാണ്. 

71ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകളിൽ തുടങ്ങി മമ്മൂട്ടി  അഭിനയിച്ചതൊക്കെയും മലയാളിയുടെ ജീവിതമായിരുന്നു. ജീവിതം തേടി മലയാളസിനിമയിലെത്തിയ പലരും കാലിടറി വീണപ്പോഴും രാകിമിനുക്കിയ അഭിനയപാടവത്തിലൂടെ മമ്മൂട്ടി തലമുറകൾ കടന്നു. 73ൽ കാലചക്രത്തിലെ വള്ളക്കാരനിലൂടെ മമ്മൂട്ടി സിനിമയിലെ ആദ്യ ഡയലോഗ് പറഞ്ഞു.

87ൽ പുറത്തിറങ്ങിയ ന്യൂഡൽഹിയും തനിയാവർത്തനവും നടനെ പ്രതിഷ്ഠിച്ചു.യവനികയും യാത്രയും അതിരാത്രവുമൊക്കെ മമ്മൂട്ടിയെന്ന നടനെ വലിയ ചുവടുവയ്പ്പുകളിലേക്ക് പരുവപ്പെടുത്തി. സിബിഐ സീരീസും ,ഒരു വടക്കൻ വീരഗാഥയും ,വിധേയനും പൊന്തൻമാടയുമെല്ലാം ആ നടന്റെ വ്യത്യസ്തമുഖങ്ങളായി.

ധ്രുവം, കിങ്ങ്,രാജമാണിക്യം , പ്രാഞ്ചിയേട്ടൻ തുടങ്ങി ആരാധകർ ഏറ്റെടുത്ത  ചിത്രങ്ങളുടെയിടയിൽ  അംബേദ്ക്കറും വൈ.എസ്.ആറുമായി മമ്മൂട്ടി പുനർജനിച്ചു. കഥാപാത്രങ്ങളുടെ വൈവിധ്യത്തിനപ്പുറം നടന്റെ ഡയലോഗ് ഡെലിവറിക്കും ഭാഷാവൈദഗ്ധ്യത്തിനും എക്കാലവും കയ്യടിച്ചു പ്രേക്ഷകർ. ഒളിച്ചു കടത്താത്ത രാഷ്ട്രീയവും ഒളിമങ്ങാത്ത മുഖവുമായി മലയാളിക്ക് മുന്നിലുണ്ട് മമ്മൂക്ക.

MORE IN MAMMOOTTY BIRTHDAY SPECIAL
SHOW MORE
Loading...
Loading...