പ്രശ്നങ്ങളൊഴിയാതെ കാസര്‍കോട് ഡിസിസി; നേതൃമാറ്റം വേണമെന്ന് ആവശ്യം

kasargoad
SHARE

ഒരിടവേളയ്ക്കുശേഷം കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയിലെ പ്രശ്നങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. നേതൃമാറ്റം വേണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഡിസിസി പ്രസിഡന്റിനെ മാറ്റാന്‍ സംസ്ഥാന നേതൃത്വം തയ്യാറാകില്ലെന്നാണ് സൂചന.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെയാണ് കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പൊട്ടിത്തെറിയുണ്ടായത്. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിനെ മാറ്റണമെന്ന ആവശ്യം ഒരുവിഭാഗം ശക്തമായി ഉയര്‍ത്തി. തിരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റം ചര്‍ച്ചചെയ്യുമെന്ന നിലപാടില്‍ സംസ്ഥാന നേതൃത്വം എത്തിയതോടെ പ്രശ്നങ്ങള്‍ ഒതുങ്ങി. കെപിസിസി പുനസംഘടനയ്ക്ക് കോണ്‍ഗ്രസ് ഒരുങ്ങുന്നതിനിടെയാണ് ജില്ലയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം വീണ്ടും സജീവമാകുന്നത്. നിയുക്ത എം.പി രാജ്മോഹന്‍ ഉണ്ണിത്താനെ മുന്നില്‍ നിര്‍ത്തി ആവശ്യം കെപിസിസിയെ അറിയിക്കാനാണ് നീക്കം. ഡിസിസി പ്രസിഡന്റുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനപ്പുറം വിമതനീക്കത്തിനൊപ്പം നില്‍ക്കാന്‍ ഉണ്ണിത്താനും പ്രായോഗികമായി ബുദ്ധിമുട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ നേതൃമാറ്റം എന്ന ആവശ്യം സംസ്ഥാന നേതൃത്വം അംഗീകരിക്കാനിടയില്ല. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംവിധാനത്തെ കുറ്റമറ്റ രീതിയില്‍ ചലിപ്പിച്ച ഡിസിസി പ്രസിഡന്റിനെ മാറ്റിയാല്‍ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്നാണ് ആശങ്ക. ഒപ്പം ഗ്രൂപ്പ് നേതൃത്വത്തിന്റെ എതിര്‍പ്പിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്ത് മുന്നോട്ടുപോകാനുള്ള ഇടപെടലാകും ഉണ്ടാവുക.

MORE IN Vote India
SHOW MORE