ആന്ധ്ര പിടിച്ചടക്കി ജഗന്‍; ഇനി വൈഎസ്ആറിന്റെ വഴിയേ; മമ്മൂട്ടിയുടെ ‘യാത്ര’യും ഏറ്റു..!

yatra-jagan
SHARE

ആന്ധ്രയിൽ അക്ഷരാർഥത്തിൽ ജഗൻമോഹൻ റെഡ്ഡിയുടെ തരംഗമാണ് കണ്ടത്. 175 സീറ്റിൽ 151 സീറ്റും ജഗന്റെ വൈഎസ്ആർ കോൺഗ്രസാണ് നേടിയിരിക്കുന്നത്. ഈ നേട്ടത്തിൽ വൈഎസ്ആറായി മമ്മൂട്ടി അഭിനയിച്ച ചിത്രം യാത്രയുടെ പങ്കും ചെറുതല്ല. തിരഞ്ഞെടുപ്പ് കാലത്ത് ഇറങ്ങിയ ചിത്രം തിയറ്ററുകളിൽ നിറച്ചു. പുലിവെന്തുലയിലെ പുലിയായിരുന്നു വൈഎസ്ആര്‍. 1978  മുതല്‍ ആന്ധ്രയില്‍ കോണ്‍ഗ്രസിന്‍റെ മുഖം. ജനനായകന്‍ എന്ന വിശേഷണത്തിന് സര്‍വഥാ യോഗ്യന്‍. മല്‍സരിച്ച എല്ലാതിരഞ്ഞെടുപ്പുകളും ജയിച്ച നേതാവ്. സിനിമ രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ഏറെ വിവാദങ്ങളും ചൂടായിരുന്നു. 

വൈഎസ്ആറിന്റെ നേട്ടം പറഞ്ഞ യാത്ര കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുള്ള ചിത്രം കൂടിയായിരുന്നു. വൈഎസ്ആറിന്റെ പദയാത്രയും ജനങ്ങൾക്ക് വേണ്ടി ചെയ്ത പ്രവൃത്തികളും വീണ്ടും ചർച്ചയായി. 2003 ല്‍ കൊടുംവരള്‍ച്ച ആന്ധ്രയെ വലച്ചസമയത്ത് കത്തുന്ന വേനലില്‍ മൂന്നുമാസം  കൊണ്ട് 1500 കിലോമീറ്റര്‍ പദയാത്ര നടത്തിയ നേതാവാണ് വൈ.എസ്.ആർ. ആ യാത്ര അവസാനിച്ചത് ആന്ധ്രയുടെ മുഖ്യമന്ത്രിക്കസേരയിലാണ്. 2004 തിരഞ്ഞെടുപ്പില്‍ ചന്ദ്രബാബുവിന്‍റെ ടിഡിപിയെ കടപുഴക്കി നേടിയ ജയം. 2009 സെപ്റ്റംബറില്‍ വീണ്ടും വിജയം. മുഖ്യമന്ത്രിയായിരിക്കെ മറ്റൊരു യാത്രയ്ക്കിടെ അദ്ദേഹത്തിന്‍റെ ജീവിതയാത്ര അവസാനിച്ചു. ആന്ധ്രയുടെ ഹൃദയം തകര്‍ത്തെറിഞ്ഞ ദുരന്തം. ഹെലികോപ്റ്റര്‍ അപകടം.

വൈഎസ്ആര്‍ യാത്ര അവസാനിപ്പിച്ചയിടത്തുനിന്നാണ് ജഗന്‍ രാഷ്ട്രീയജീവിതം തുടങ്ങിയത്. വൈഎസ്ആര്‍ രാഷ്ട്രീയത്തിലുണ്ടായിരുന്നപ്പോള്‍ ബിസിനസില്‍ ശ്രദ്ധിച്ച മകന്‍, പിതാവ് മരിച്ചപ്പോള്‍ പിന്‍ഗാമിയായി രാഷ്ട്രീയത്തിലിറങ്ങി. വൈഎസ്ആര്‍ എന്ന ജനനായകന്‍ മൂന്നുപതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന, അദ്ദേഹം വളര്‍ത്തി വലുതാക്കിയ ആന്ധ്രയിലെ കോണ്‍ഗ്രസിനെ മുച്ചൂടും തകര്‍ത്തായിരുന്നു മകന്‍റെ അരങ്ങേറ്റം. 

എന്നാൽ ഇപ്പോൾ വീണ്ടും അച്ഛൻ നടന്നുകയറി അതേ അധികാരവഴിയിലേക്കാണ് ഉജ്ജ്വല വിജയവുമായി ജഗനും നടന്നു കയറുന്നത്. വൈഎസ്ആറിന്റെ മകനോടുള്ള ജനങ്ങളുടെ സ്നേഹം വോട്ടുകണക്കുകളിൽ കൃത്യമായി പ്രതിഫലിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് യാത്ര ജനങ്ങളെ പലവട്ടം വൈഎസ്ആർ കോൺഗ്രസ് കാണിച്ചു. നേനു വിന്നാന്നു നേനു വുന്നാന്നു (ഞാൻ കേട്ടു ഞാൻ നിങ്ങൾക്കൊപ്പമുണ്ട്) എന്ന ചിത്രത്തിലെ ഡയലോഗ് പ്രചാരണപരിപാടികളിൽ പലയിടത്തും ജഗനും ഉപയോഗിച്ചു. ജഗന്റെ വാക്കുകൾ ജനമനസുകളിൽ ആഴത്തിൽ തന്നെ പതിഞ്ഞു. ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിൽ ആന്ധ്രയ്ക്ക് പ്രത്യേക പദവി നേടിത്തരാൻ ജഗന് ആകുമെന്ന ജനങ്ങളുടെ ശുഭാപ്തിവിശ്വാസമാണ് ചരിത്രവിജയയാത്രയിലേക്ക് ജഗനെ നയിച്ചത്.

MORE IN Vote India
SHOW MORE