ഒൻപത് ഒരു ലക്ഷം ലീഡുകൾ; വിജയ ചരിത്രത്തിൽ പുതിയ റെക്കോര്‍ഡിട്ട് യുഡിഎഫ്

udf-seats-23-05
SHARE

രാജ്യത്തെമ്പാടുമുള്ള ബിജെപി തരംഗത്തിൽ കേരളത്തിൽ സമ്പൂർണ്ണ യുഡിഎഫ് മുന്നേറ്റം. ഇരുപതിൽ പത്തൊൻപത് സീറ്റിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യു‍ഡിഎഫ് ലീഡ് ചെയ്യുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് നാല് ലക്ഷം കടന്നപ്പോൾ മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിക്ക് രണ്ടര ലക്ഷത്തിലധികം വോട്ടിന്റെ ലീഡുണ്ട്. 2014ലെ ഇ അഹമ്മദിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് രാഹുലും കുഞ്ഞാലിക്കുട്ടിയും പഴങ്കഥയാക്കിയത്. 

ഒൻപത് സീറ്റിൽ യുഡിഎഫിന്റെ ലീഡ് ഒരു ലക്ഷത്തിന് മുകളിലാണ്. വയനാട്ടിൽ രാഹുൽ ഗാന്ധി, ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്, പൊന്നാനിയിൽ ഇ ടി മുഹമ്മദ് ബഷീർ, ചാലക്കുടിയിൽ ബെന്നി ബെഹ്നാൻ, കോട്ടയത്ത് തോമസ് ചാഴികാടൻ, മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി, ആലത്തൂരിൽ രമ്യ ഹരിദാസ്, എറണാകുളത്ത് ഹൈബി ഈഡൻ, കൊല്ലത്ത് എൻ കെ പ്രേമചന്ദ്രൻ എന്നിവരുടെ ലീഡ് ഒരുലക്ഷം കവിഞ്ഞു. 

96 ശതമാനം വോട്ടെണ്ണിക്കഴിയുമ്പോൾ 4,18,754 ആണ് രാഹുൽ ഗാന്ധിയുടെ ലീഡ്. ഇടതുസ്ഥാനാർഥി പി പി സുനീർ ഏറെ പിന്നിൽ. ഇതോടെ കേരള ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷം ഇനി രാഹുലിന്റെ പേരിൽ. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറത്തെ ഇ.അഹമ്മദിന്റെ 1,94,739 വോട്ടായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. 

മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർഥി പികെ കുഞ്ഞാലിക്കുട്ടിയുടേതും റെക്കോർഡ് ഭൂരപിപക്ഷമാണ്. വോട്ടെണ്ണൽ ഏകദേശം പൂർത്തിയാകുമ്പോൾ എൽഡിഎഫ് സ്ഥാനാര്‍ഥി വി പി സാനുവിനേക്കാൾ 2,60050 വോട്ടിന് കുഞ്ഞാലിക്കുട്ടി മുന്നിലാണ്. 

ഔദ്യോഗിക പ്രഖ്യാപനം മാത്രം ശേഷിക്കെ ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന്റെ ലീഡ് 1,71,053 ആണ്. വെല്ലുവിളികളില്ലാതെയായിരുന്നു തുടക്കം മുതല്‍ ഡീനിന്റെ മുന്നേറ്റം. പൊന്നാനിയിൽ ഇ ടി മുഹമ്മദ് ബഷീറിന്റെ ലീഡ് റെക്കോര്‍ഡിന് അടുക്കുകയാണ്. പി വി അൻവറിനേക്കാൾ 1,92,772 വോട്ടിനാണ് മുഹമ്മദ് ബഷീർ മുന്നിൽ. 

ചാലക്കുടിയിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 1,32,274 വോട്ടിന് ബെന്നി ബെഹ്നാൻ മുന്നിലാണ്. എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ ഇന്നസെന്റ് ആയിരുന്നു എതിർ സ്ഥാനാര്‍ഥി. കോട്ടയത്ത് തോമസ് ചാഴികാടന്റെ ലീഡും ഒരു ലക്ഷം കവിഞ്ഞു. 

ഇടതുകോട്ടയെന്ന വിശേഷണമുള്ള ആലത്തൂരിൽ രമ്യ ഹരിദാസിന് 1,58,968 വോട്ടിന്റെ ലീഡ്. ഹാട്രിക് ജയം പ്രതീക്ഷിച്ചിറങ്ങിയ പി കെ ബിജുവിന് വലിയ തിരിച്ചടി. എറണാകുളത്ത് പി രാജീവിനെതിരെ ഹൈബി ഈഡന് 1,69.153 വോട്ടിന്റെ ലീഡ്. കൊല്ലത്ത് എൻ കെ പ്രേമചന്ദ്രന്റെ ലീഡും ഒരു ലക്ഷം കടന്നു. കെ എൻ ബാലഗോപാലിനേക്കാൾ 1,49,772 വോട്ടിന് മുന്നിലാണ് പ്രേമചന്ദ്രന്‍. 

*കാസർകോട്: രാജ്മോഹൻ ഉണ്ണിത്താൻ – 41, 636 വോട്ടിന്റെ ലീഡ്

*തൃശൂർ: ടി എൻ പ്രതാപൻ – 93,633

*മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ്– 59832

*ആറ്റിങ്ങൽ: അടൂർ പ്രകാശ് – 39,171 

*കണ്ണൂർ: കെ സുധാകരൻ - 95,499

*കോഴിക്കോട്: എം കെ രാഘവൻ- 85,760

*പാലക്കാട്: വി കെ ശ്രീകണ്ഠൻ- 11, 637

*പത്തനംതിട്ട: ആന്റോ ആന്റണി - 44,613

*തിരുവനന്തപുരം- ശശി തരൂർ - 86034

*വടകര: കെ മുരളീധരന്‍ - 84, 942

MORE IN Vote India
SHOW MORE