ഒറ്റ എംഎല്‍എ ഇല്ലാത്ത കൊല്ലത്ത് ഏഴിടത്തും പ്രേമചന്ദ്രന്‍; ലീഡ് അരലക്ഷം താണ്ടി

premachandran-kollam
SHARE

ആർഎസ്പിയുടെയും സിപിഎമ്മിന്റെയും ഉള്ളിലെ കനലടങ്ങാത്ത മണ്ണായിരുന്നു കൊല്ലം ഇക്കുറി. മത്സരിച്ചപ്പോഴൊക്കെ വൻ ഭൂരിപക്ഷം നേടിയ എൻ.കെ.പ്രേമചന്ദ്രൻ മണ്ഡലം ഇത്തവണയും കാക്കുമെന്നുതന്നെയാണ് വോട്ടുകണക്കുകൾ. അരലക്ഷം വോട്ടിന്റെ ലീഡിന് പ്രേമചന്ദ്രൻ മുന്നിലാണ്.

പ്രേമചന്ദ്രൻ പിന്നിൽ എൽഡിഎഫ് സ്ഥാനാർഥി കെ.എൻ.ബാലഗോപാലാണ്. പിബി അംഗത്തിനു പകരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാലിനെ ഇറക്കിയത് അഭിമാനപോരാട്ടം മുന്നിൽ കണ്ടുകൊണ്ടായിരുന്നു. എന്നാൽ കൊല്ലത്തും കളം പിടിക്കാൻ എൽഡിഎഫിനായില്ല. ഏഴ് മണ്ഡലങ്ങളിലും പ്രേമചന്ദ്രൻ തന്നെയാണ് മുന്നേറുന്നത്. സസ്പെൻസിനൊടുവിലാണ് ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി കെ.വി. സാബുവിനെ ബി.ജെ.പി കൊണ്ടുവന്നത്. എന്നാൽ സാബുവിനും പ്രേമചന്ദ്രന്റെ ലീഡിന് മുന്നിൽ പിടിച്ചുനിൽക്കാനായിട്ടില്ല. 

ലോക്സഭയിലെ മികച്ച പാർലമെന്റേറിയനുള്ള ലോക്മത് മീഡിയ ഗ്രൂപ്പ് അവാർഡിനു പ്രേമചന്ദ്രനെ തിരഞ്ഞെടുത്ത ജൂറിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും അംഗമായിരുന്നു. വിഎസ് സർക്കാരിൽ മന്ത്രിയായിരുന്ന പ്രേമചന്ദ്രനും വിഎസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന ബാലഗോപാലിനും വേണ്ടി സമൂഹ മാധ്യമങ്ങളിൽ പോരടിക്കുന്നവരുടെ ആവേശം കണ്ടാലറിയാം, അവാർഡ് സിനിമ പോലെ ശാന്തമായിരുന്നില്ല അവാർഡ് ജേതാക്കളുടെ പോരാട്ടം എന്ന്. ബാലഗോപാലിന്റെ പേരിനൊപ്പമുള്ള കെ.എൻ. ‘കൊല്ലത്തിന്റെ നന്മ’ എന്നു സഖാക്കൾ വിപുലീകരിച്ചപ്പോൾ പ്രേമചന്ദ്രന്റെ എൻ.കെയെ ‘നാടിന്റെ കരളാ’ക്കി യുഡിഎഫ് സൈബർ സേന തിരിച്ചടിച്ചു.

മുന്നണി വിട്ട് അപ്പുറത്തുപോയി പാർട്ടി പിബി അംഗത്തെ മലർത്തിയടിച്ച പ്രേമചന്ദ്രനു നേരെ എല്ലാ അമ്പുകളും തൊടുത്തിരുന്നു സിപിഎം. പ്രേമചന്ദ്രനെതിരെ കിട്ടാവുന്ന ഏറ്റവും നല്ല സ്ഥാനാർഥിയെന്ന മുഖവുരയോടെ ബാലഗോപാലിനെ അവതരിപ്പിച്ച സിപിഎം സാമുദായിക വോട്ടുകളിൽ കണ്ണുവച്ചു. പക്ഷേ ആ ശ്രമവും പാളി.   

സംസ്ഥാനത്ത് വോട്ടെണ്ണല്‍ പാതിയോട് അടുക്കുമ്പോള്‍ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമാണ് പ്രകടമായിരിക്കുന്നത്. 18 സീറ്റുകളിലും യുഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. തിരുവനന്തപുരത്ത് ആദ്യ ഘട്ടത്തിൽ കുമ്മനം രാജശേഖരൻ ലീഡ് ചെയ്‌തെങ്കിലും ശശി തരൂരാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. യുഡിഎഫ് തരംഗത്തിന്‍റെ കാഴ്ചകള്‍. എൽഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം നേരിടുമോ എന്ന ആശങ്കയിലാണ് പാർട്ടി പ്രവർത്തകർ. ശബരിമല വിഷയമാകാം കേരളത്തിൽ സിപിഎമ്മിന്റെ അടത്തറ പറ്റിച്ചത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ആദ്യപക്ഷം. ഒപ്പം ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടിയെ കൈവിട്ടതും തിരിച്ചടിയായെന്ന് ആദ്യസൂചനകള്‍ വ്യക്തമാക്കുന്നു.

ശക്തികോട്ടകളായ ആലത്തൂരും പാലക്കാടും കൈവിടുന്ന കാഴ്ച. പുതുമുഖമായ രമ്യഹരിദാസിനോട് പിടിച്ചു നിൽക്കാൻ രണ്ട് തവണ എംപിയായ പി.കെ.ബിജു പാടുപെടുകയാണ്. കേരളത്തിൽ യുഡിഎഫ് ക്യാംപുകൾ ആവേശത്തിലാണ്. കേരളത്തിൽ എൽഡിഎഫിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ തോല്‍വിയിലേക്ക് അടുക്കുന്നതിന്‍റെ സൂചന.  ഏകപക്ഷീയമായ മുന്നേറ്റമാണ് മിക്ക മണ്ഡലങ്ങളിലും യുഡിഎഫ് കാഴ്ച വയ്ക്കുന്നത്. ആലപ്പുഴയിൽ എംഎ ആരിഫിന്റെ ലീഡ് മാത്രമാണ് എൽഡിഎഫിന് ആശ്വാസം നൽകിയത്. എൽഡിഎഫ് പ്രതീക്ഷയർപ്പിച്ച പാലക്കാടും കണ്ണൂരും കാസർകോടും വടകരയുമൊന്നും ഇപ്പോൾ വരുന്ന വോട്ട് കണക്കുകൾ പ്രകാരം അനുകൂലമല്ല. മലബാർ ജില്ലകളിൽ എൽഡിഎഫ് നടത്തിയത് ജീവൻമരണ പോരാട്ടമാണ്. എൽഡിഎഫ് മുൾമുനയിൽ നിൽക്കുന്ന അവസ്ഥയാണ് കാണുന്നത്. രാഷ്ട്രീയ നയങ്ങളും സമീപനങ്ങളും മാറേണ്ടിയിരുന്നു എന്ന് തെളിയിക്കുന്ന വിധി. 

സിപിഎമ്മിനെ തോൽപ്പിക്കുക എന്ന അ‍ജ‍‍‍ണ്ട കൂടി ഈ തിരഞ്ഞെടുപ്പിനുണ്ടെന്ന് പറയേണ്ടി വരും എന്നാണ് വിലയിരുത്തല്‍. മുഖമന്ത്രി പിണറായി വിജയന്റെ ധർമ്മടം മണ്ഡലത്തിൽ പോലും എൽഡിഎഫിന് നേട്ടമില്ല. പെരിയ ഇരട്ടകൊലപാതകവും ശബരിമലയും സിപിഎമ്മിന് തിരിച്ചടിയായി എന്ന് വ്യക്തമാണ്. ആലപ്പുഴ മാത്രമാണ് ഇപ്പോൾ എൽഡിഎഫിന് പ്രതീക്ഷയുള്ളത്.

MORE IN Vote India
SHOW MORE