തീര്‍ന്നില്ല; ഇനി ഉപതിരഞ്ഞെടുപ്പുകാലം; തീപാറും പോരാട്ടം കാത്ത് ആറ് മണ്ഡലങ്ങള്‍

byelection-mla
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിലെ എംഎല്‍എമാരുടെ വിജയത്തോടെ  സംസ്ഥാനത്ത് 6 നിയമസഭാ മണ്ഡലങ്ങളിലാണ്  ഉപതിരഞ്ഞെടുപ്പ് വരിക. എംഎല്‍എമാര്‍ ജയിച്ച വട്ടിയൂര്‍ക്കാവ്, എറണാകുളം, കോന്നി, അരൂര്‍ എന്നിവയ്ക്ക് പുറമേ നേരത്തേ ഒഴിവ് വന്ന പാലാ, മഞ്ചേശ്വരം എന്നിവിടങ്ങളിലും ഉപതിരഞ്ഞെടുപ്പുണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പ് പോലെ മൂന്നുമുന്നണികള്‍ക്കും പ്രതീക്ഷ പകരുന്ന മണ്ഡലങ്ങളാണിത്.

യുഡിഎഫ് തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പില്‍ ലോക്സഭ പിടിക്കാന്‍ കോണ്‍ഗ്രസ് അണിനിരത്തിയ എംഎല്‍എമാരെല്ലാം ജയിച്ചു കയറി. വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ. മുരളീധരന്‍, എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍, കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് എന്നിവര്‍ വിജയിച്ചു. ഇടതുപക്ഷത്തിനാകെ അടിപതറിയ മത്സരത്തില്‍ പിടിച്ചു നിന്നത് അരൂര്‍ എംഎല്‍എ എ.എം ആരിഫ് മാത്രം. എംഎല്‍എമാരായ  വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍, എ പ്രദീപ് കുമാര്‍, സി ദിവാകരന്‍, പി വി അന്‍വര്‍ എന്നിവര്‍ തോറ്റു. നാല് എംഎല്‍എമാര്‍ ജയിച്ചതോടെ വട്ടിയൂര്‍ക്കാവ്, എറണാകുളം, കോന്നി, അരൂര്‍ എന്നീ മണ്ഡലങ്ങളി‍ല്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. 

കെ.എം മാണിയുടെ വിയോഗത്തോടെ ഒഴിവുവന്ന പാലായിലും പി.ബി അബ്ദുള്‍ റസാഖിന്‍റെ മരണത്തോെട ഒഴിവു വന്ന മഞ്ചേശ്വരവും ഇതിനൊപ്പം ഉപതിരഞ്ഞെടുപ്പിന്‍റെ ചൂടിലാകും. കെ.സുരേന്ദ്രന്‍ 89 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരവും കഴിഞ്ഞ നിയമസഭയില്‍ കടുത്തമത്സരം കാഴ്ചവച്ച്   രണ്ടാമതെത്തിയ വട്ടിയൂര്‍ക്കാവും എന്‍ഡിഎ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലും ഇവിടെ ബിജെപി രണ്ടാമതാണ്.  എല്‍ഡിഎഫിന്‍റെ പരമ്പരാഗത മണ്ഡലമായിരുന്ന കോന്നി അടൂര്‍ പ്രകാശ് പിടിച്ചെടുത്തതാണ്.

ഇത് നിലനിര്‍ത്താമെന്ന പ്രതീക്ഷ യുഡിഎഫിനുണ്ട്. ഇരുപക്ഷത്തും പുതിയമുഖങ്ങളെത്തുമ്പോള്‍ അരൂരും കടുത്തമത്സരമുണ്ടാകും. യുഡിഎഫിന്‍റെ ഉറച്ച കോട്ടയായ എറണാകുളത്ത് അത്ഭുതങ്ങളുണ്ടാകാനിടയില്ല. േകരളാ കോണ്‍ഗ്രസിലെ തര്‍ക്കം പാലായിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലുമുണ്ടാകാനാണ് സാധ്യത. ലോക്സഭാ തിരഞ്ഞെടുപ്പിന് ആരവങ്ങളടങ്ങിയാലുടന്‍ കേരളം മറ്റൊരു തിരഞ്ഞെടുപ്പിന്‍റെ ആവേശത്തിലേക്ക് ഉടനെത്തുമെന്നുറപ്പാണ്.

MORE IN Vote India
SHOW MORE