കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ നരേന്ദ്രമോദി തുടരുമോ? അറിയാൻ മണിക്കൂറുകള്‍ മാത്രം

modi-rahul-counting-day
SHARE

പതിനേഴാം ലോക്സഭ തിരഞ്ഞെടുപ്പിന്റെ വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. രാജ്യമാകെ ഒരേപോലെ ആകാംഷയും ആവേശവും. ആത്മവിശ്വാസത്തോടെ ബിജെപിയും പ്രതീക്ഷ വിടാതെ പ്രതിപക്ഷവും വിധിയറിയാനായി കാത്തിരിക്കുകയാണ്. 

രാവിലെ എട്ട് മണിക്ക് ജനവിധിയുടെ കണക്കെടുപ്പ് ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍. എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍. തീപാറും മല്‍സരത്തിന്റെ ഗതി പതിനൊന്നുമണിയോടെ തെളിയും. പോരാട്ടം കനക്കുകയും തര്‍ക്കമുണ്ടാവുകയും ചെയ്താല്‍ അന്തിമചിത്രം വരാന്‍ വൈകും. എക്സിറ്റ് പോളുകള്‍ അന്വര്‍ത്ഥമായാല്‍ ഡല്‍ഹി ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബിജെപി ആസ്ഥാനത്ത് താമരപാറും. ഏഴ് ലോക് കല്യാണ്‍ മാര്‍ഗിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നരേന്ദ്രമോദി തുടരും. 

രാഹുലിന്റെ ആത്മവിശ്വാസം ഫലം കണ്ടാല്‍ അക്ബര്‍ റോഡിലെ ചരിത്രമന്ദിരത്തില്‍ അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് വിളികളുയരും. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസാന സാധ്യതയും ഉപയോഗിക്കാനാണ് വിശാലപ്രതിപക്ഷത്തിന്റെ ശ്രമം. കണക്ക് കൂട്ടലുകള്‍ക്ക്  മണിക്കൂറുകളുടെ ആയുസ്സ് മാത്രം. എണ്‍പത്തി ഒന്‍പത് കോടിയിലധികം വരുന്ന വോട്ടര്‍മാരില്‍ 67.11 ശതമാനമെഴുതിയ വിധിക്കായി രാജ്യം കാത്തിരിക്കുന്നു.

MORE IN Vote India
SHOW MORE