ഏല്‍ക്കാതെ പോയ ‘ചൗക്കീദാര്‍ ചോര്‍ ഹേ’; തോല്‍വിയുടെ ആഘാതത്തില്‍ കോണ്‍ഗ്രസ്

modi-rahul-23
SHARE

നെഹ്റു കുടുംബത്തെ സംബന്ധിച്ച് ഏറ്റവും നിരാശാജനകമായ തിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവന്നത്. മോദി വിരുദ്ധവികാരം കഴിയുന്നത്ര ആളിക്കത്തിക്കാൻ ശ്രമിച്ചെങ്കിലും ദേശീയ തലത്തിൽ ഇത് പാഴായി. കോണ്‍ഗ്രസിന് നേട്ടം കേരളത്തിലും പഞ്ചാബിലും മാത്രമാണ്. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ പോലും സ്മൃതി ഇറാനിയോട് കടുത്ത പരാജയത്തിന്റെ വക്കിലാണ്. മോദിക്കെതിരായി രാഹുൽ എല്ലാ പ്രചാരണപ്രസംഗങ്ങളിലും ഉപയോഗിച്ച് പ്രയോഗമാണ് ‘ചൗക്കീദാർ ചോർ ഹെ’. റഫേലിന്റെ പശ്ചാത്തലത്തിൽ രാഹുൽ നടത്തിയ പ്രിയപ്പെട്ട പ്രയോഗം സുപ്രീംകോടതിയുമായി ബന്ധിപ്പിച്ചതിന്‍റെ പേരില്‍ രാഹുലിന് മാപ്പ് പറയേണ്ടി വന്നു.

കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഇറക്കിയ മറ്റൊരു ബ്രഹ്മാസ്ത്രമായിരുന്നു പ്രിയങ്ക ഗാന്ധി. ഇന്ദിരാഗാന്ധിയുമായുള്ള സാമ്യം ചൂണ്ടിക്കാട്ടി ജനമനസുകളിൽ ഗൃഹാതുരത്വം നിറയ്ക്കാൻ കോൺഗ്രസിനായെങ്കിലും ഇതും വോട്ടായി മാറിയില്ല. എൻ.ഡി.എയുടെ വമ്പിച്ച ഭൂരിപക്ഷത്തിനടുത്ത് എത്താൻ സാധിക്കാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന നീണ്ട ചരിത്രവും പാരമ്പര്യവുമുള്ള പാർട്ടി തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. കോൺഗ്രസ് തിരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിച്ച ന്യായ് പദ്ധതിയും ഫലം കണ്ടില്ല. 

യുപിഎ മൂന്നക്കം കടന്നുമില്ല. 2014ല്‍ 46 ആയിരുന്നു വോട്ടുനില. ഇപ്പോഴത് 50 കടക്കുന്നു എന്നുമാത്രം. തമിഴ്നാട് ഡിഎംകെയുടെ നേതൃത്വത്തില്‍ യുപിഎ തൂത്തുവാരി. ബിഹാറില്‍ യുപിഎ തകര്‍ന്നടിഞ്ഞു. ഈയിടെ ഭരണം പിടിച്ച രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാകട്ടെ തോല്‍വിയുടെ പടുകുഴിയിലും. മോദി തരംഗത്തെ മറികടക്കാൻ പുതിയ സൂത്രവാക്യങ്ങളും തന്ത്രങ്ങളും കോൺഗ്രസ് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

MORE IN Vote India
SHOW MORE