എക്സിറ്റ് പോളിൽ നടുങ്ങി എഐഎഡിഎംകെ; സർക്കാർ വീഴും; തമിഴകം വീണ്ടും ചൂടാകുന്നു

eps-dinakaran-stalin-1
SHARE

തമിഴ്നാട്ടിൽ ഇരുപത്തിരണ്ട് നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ എടപ്പാടി പളനിസാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകുമെന്ന് എക്സിറ്റ് പോൾ. ഇതോടെ അണ്ണാ ഡിഎംകെ നേതൃത്വം ആശങ്കയിലായി. പത്ത് സീറ്റെങ്കിലും ജയിച്ചാൽ മാത്രമേ നിലവിലെ സർക്കാർ സുസ്ഥിരമാകൂ. ഇരുപത്തിയൊന്നിടത്ത് ജയിച്ചാൽ ഡിഎംകെയ്ക്ക് കേവല ഭൂരിപക്ഷമാകും. അതേ സമയം, കിങ്ങ് മേക്കറാകാം എന്ന പ്രതീക്ഷയിലാണ് ടിടിവി.ദിനകരൻ.

ഉപതിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ തമിഴ്നാട് രാഷ്ട്രീയം സങ്കീർണമാകും എന്ന സൂചനകളിലേക്കാണ് എക്സിറ്റ് പോളുകൾ വിരൽ ചൂണ്ടുന്നത്. ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്ക്ക് എട്ട് സീറ്റിൽ കൂടുതൽ ആരും പ്രവചിച്ചിട്ടില്ല. എടപ്പാടി പളനി സാമി സർക്കാർ സുസ്ഥിരമാകണമെങ്കിൽ ചുരുങ്ങിയത് പത്ത് എം.എൽ.എമാർ എങ്കിലും ഇനിയും വേണം. 118 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിലവിൽ 114 പേരുടെ പിന്തുണ സർക്കാരിനുണ്ട്. പക്ഷേ, അതിൽ ആറു പേർ ദിനകരന് സ്വാധീനിക്കാൻ പറ്റുന്നവരാണ്. അവരെ വിശ്വാസത്തിലെടുത്ത് ഏറെ ദൂരം ഇ പി എസിനും, ഒപിഎസിനും മുന്നോട്ട് പോകാനാവില്ല. 

പതിനെട്ട് സീറ്റ് വരെ ഡിഎംകെയ്ക്ക് കിട്ടുമെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. ഇരുപത്തി രണ്ട് സീറ്റും ജയിച്ച് അധികാരത്തിലെത്തുമെന്ന് സ്റ്റാലിൻ ഓരോ പ്രചാരണ യോഗങ്ങളിലും പറയുമ്പോഴും, സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് പോയാൽ ശക്തമായി അധികാരത്തിലെത്താം എന്നാണ് ഡിഎംകെ വിലയിരുത്തുന്നത്. നിലവിലെ സർക്കാരിന്റെ കാലാവധി തീരാൻ രണ്ട് വർഷമാണ് ഇനിയുള്ളത്. അങ്ങനൊരു ചെറിയ കാലയളവിൽ മുഖ്യമന്ത്രിയാകാൻ സ്റ്റാലിൻ താൽപര്യപ്പെടില്ലെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. 

അഞ്ച് മണ്ഡലങ്ങളിൽ ഫലം പ്രവചനാതീതമാണ്. മൂന്നോ നാലോ സീറ്റ് നേടി കിങ്ങ് മേക്കറാകാനുള്ള തയ്യാറെടുപ്പിലാണ് ടിടിവി ദിനകരൻ. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയേയും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തേയും മാറ്റി, അണ്ണാ ഡിഎംകെയിൽ തിരിച്ചെത്തുക എന്നതാണ് ദിനകരന്റെ ലക്ഷ്യം. എന്തായാലും നാളെ ഉപതിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ അണ്ണാ ഡിഎംകെ സർക്കാരിന്റെ ആയുസ് എത്രയെന്നറിയാം.

MORE IN Vote india
SHOW MORE