കേരളം ആര്‍ക്കൊപ്പം; ബിജെപി അക്കൗണ്ട് തുറക്കുമോ? കണക്ക് കൂട്ടി മുന്നണികൾ

congress-bjp-cpm-1
SHARE

കേരളം ആര്‍ക്കൊപ്പമെന്ന് നാളെയറിയാം. രാഹുല്‍ഗാന്ധിയുടെ ജനവിധിയേക്കാള്‍ സംസ്ഥാനത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കുമോയെന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ യു.ഡി.എഫിന്  അനുകൂലമെങ്കിലും  വലിയ പരുക്കേല്‍ക്കില്ലെന്നാണ് ഇടതുമുന്നണി വിലയിരുത്തല്‍. ശബരിമലയിലടക്കം സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളുടെ ഉരകല്ല് കൂടിയായിരിക്കും നാളെത്തെ ഫലം.

നിര്‍ണായക വിധി വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആരുടെ കണക്കും പിഴയ്ക്കാം, തെക്കും വടക്കും മധ്യകേരളത്തിലും ജനങ്ങള്‍ കരുതിവച്ചതെന്താണ്. ഇരുട്ടി വെളുത്താല്‍ ഇതിന് ഉത്തരമാകും.

അവസാനറൗണ്ട് വരെ നീളും കോഴിക്കോട്ടെ ആകാംക്ഷ എന്നുറപ്പ്. പൊന്നാനിയിലേയും മലപ്പുറത്തേയും ലീഗ് കോട്ടകളില്‍ എതിരാളികള്‍ക്ക് എത്രത്തോളം വിള്ളല്‍ വീഴ്ത്താനായി. ആലത്തൂരിലും പാലക്കാടും പ്രവചനങ്ങള്‍ സത്യമായോ. രാഷ്ട്രീയകേരളം  കാത്തിരുന്ന ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് നാളെത്തെ വിധി.

ചാലക്കുടിയിലും എറണാകുളത്തും ഇരുമുന്നണികളും പ്രതീക്ഷ വയ്ക്കുമ്പോള്‍ കോട്ടയത്ത് എല്‍.ഡി.എഫും  ഇടുക്കിയില്‍ യു.ഡി.എഫും  മാറ്റമുണ്ടാകുമെന്ന് കരുതുന്നു. മാവേലിക്കരയും കൊല്ലവും ആലത്തൂരും ഇരുമുന്നണികള്‍ക്കും അഭിമാനമണ്ഡലങ്ങളാണ്.

തെക്ക് ബി.ജെ.പിയിലാണ് എല്ലാകണ്ണുകളും. ശക്തമായ ത്രികോണമല്‍സരം നടന്ന തിരുവനന്തപുരത്തേയും പത്തനംതിട്ടയിലേയും ജയപരാജയങ്ങള്‍ മൂന്ന് മുന്നണികളില്‍ വലിയ ചലനങ്ങളുണ്ടാക്കും. ബി.ജെ.പിക്ക്  അക്കൗണ്ട് തുറക്കാനായാല്‍ ശബരിമല നിലപാടിലടക്കം സര്‍ക്കാരിന് മറുപടി പറയേണ്ടിവരും.

MORE IN Vote India
SHOW MORE