വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാർ; ബിജെപി കരുനീക്കത്തിന് തടയിട്ട് കമൽനാഥ്

kamalnath-1
SHARE

വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. കഴിഞ്ഞ അ‍ഞ്ച് മാസത്തിനിടയില്‍ നാല് തവണ തന്‍റെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ടെന്ന് ബിജെപിയുടെ വെല്ലുവിളിയേറ്റെടുത്ത് കമല്‍നാഥ് പറഞ്ഞു. അധികാരമേറ്റെടുത്ത നാള്‍ മുതല്‍ തന്‍റെ സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും കമല്‍നാഥ് ആരോപിച്ചു.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നിര്‍ണായക നീക്കവുമായി ബിജെപി. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണര്‍ക്ക് കത്തയച്ചു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടി വിടുമെന്ന് ബിജെപി അവകാശപ്പെടുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ അനുകൂലമായതോടെയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമം ബിജെപി തുടങ്ങിയത്. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് ബിജെപി കത്തെഴുതി. കമല്‍നാഥ് സര്‍ക്കാര്‍ താനെ നിലംപതിക്കുമെന്നും കുതിരക്കച്ചവടത്തില്‍ വിശ്വസിക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് ഗോപാല്‍ ഭാര്‍ഗവ പറയുന്നു.

സംസ്ഥാന ഭരണം നഷ്ടമായെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാര്യമായ ക്ഷീണമുണ്ടാകില്ലെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്. 29ല്‍ 24 മുതല്‍ 27 സീറ്റുവരെ നേടാമെന്നാണ് പ്രവചനം. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 114 എം.എല്‍.എമാരും ബിജെപിക്ക് 109 എം.എല്‍.എമാരുമാണുള്ളത്. കേവലഭൂരിപക്ഷത്തിന് 116 പേരുടെ പിന്തുണവേണം. ബിഎസ്പിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. കമല്‍നാഥ് ചിന്ദ്വാഡ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നുണ്ട്. കമല്‍നാഥ് ഒഴിഞ്ഞ ചിന്ദ്വാഡ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മകന്‍ നകുല്‍നാഥാണ് മല്‍സരിക്കുന്നത്.  

MORE IN Vote India
SHOW MORE