വോട്ടെടുപ്പിന് സമാപ്തി; ഇനി മൂന്ന് നാൾ നെഞ്ചിടിപ്പോടെ കാത്തിരിപ്പ്

voters-2
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്. 62.87 ശതമാനം പോളിങ് രേഖപ്പെടുത്തി. ഏഴാംഘട്ടത്തിലും ബംഗാളില്‍ അക്രമങ്ങള്‍ക്കും ഒട്ടും അയവുണ്ടായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം തവണയും ജനവിധി തേടുന്ന വാരാണസിയടക്കം 59 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്.

യുപി 13. പഞ്ചാബ് 13. ബംഗാള്‍ 9. മധ്യപ്രദേശ് 8. ബിഹാര്‍ 8. ഹിമാചല്‍ പ്രദേശ് 4. ജാര്‍ഖണ്ഡ് 3. ഒപ്പം കേന്ദ്ര ഭരണപ്രദേശമായ ഛണ്ഡീഗഡ്. എന്നിങ്ങനെയാണ് ഏഴാംഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തിയ മണ്ഡലങ്ങളുടെ പട്ടിക. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ തീപാറും പോരാട്ടം നടത്തിയ ബംഗാളില്‍ അക്രമങ്ങള്‍ തുടര്‍ക്കഥയായി. ബാസിര്‍ഹട്ടില്‍ ബിജെപി തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പോളിങ് ബൂത്തിന് നേരെ ബോംബേറുണ്ടായി. 

തൃണമൂല്‍ പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ട് ചെയ്തതായും വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്തിയതായും ബിജെപിയും സിപിഎമ്മും ആരോപിച്ചു. ജാദവ്പുരിലെയും ഡയമണ്ട് ഹാര്‍ബറിലെയും ബിജെപി സ്ഥാനാര്‍ഥികളുടെ കാര്‍ അടിച്ചു തര്‍ത്തു. ബിജെപിയെയും കേന്ദ്രസേനെയും കുറ്റപ്പെടുത്തി മുഖ്യമന്ത്രി മമത ബാനര്‍ജിയും വോട്ടെടുപ്പ് തൃണമൂല്‍ അട്ടിമറിച്ചുവെന്ന് ആരോപിച്ച് പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും രംഗത്തുവന്നു.  

മോദിയുടെ ഭൂരിപക്ഷം എത്രയെന്ന ചോദ്യമേ വാരാണസിയില്‍ അവശേഷിക്കുന്നുള്ളൂ. യുപി മുഖ്യമന്ത്രിയുടെ തട്ടകമായ ഗോരഖ്പുരില്‍ ബിജെപിക്ക് അഗ്നിപരീക്ഷയാണ്. പഞ്ചാബില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഛണ്ഡീഗഡില്‍ കിരണ്‍ഖേറും പവന്‍ കുമാര്‍ ബന്‍സലും തമ്മിലും പട്ന സാഹിബില്‍ രവിശങ്കര്‍ പ്രസാദും ശത്രുഘ്നന്‍ സിന്‍ഹയും തമ്മില്‍ കടുത്ത മല്‍സരമാണ്. 

2014നെ മറികടക്കുന്ന മോദി തരംഗം; എക്സിറ്റ് പോള്‍ തൂത്തുവാരി ബിജെപി: പട്ടിക

ഇന്ത്യ വീണ്ടും നരേന്ദ്ര മോദി ഭരിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. എന്‍.ഡി.എ നേട്ടമുണ്ടാക്കുമെന്നാണ് ഒന്‍പത് എക്സിറ്റ് പോളുകള്‍ പറയുന്നത്. ഇതില്‍ അഞ്ചു സര്‍വേകള്‍ എന്‍.ഡി.എ മുന്നൂറ് സീറ്റിലധികം നേടുമെന്നാണ് പ്രവചനം. യു.പിയില്‍ ബിജെപിക്ക് ചെറിയ ക്ഷീണമുണ്ടാകുമെങ്കിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെയ്ക്കുെമന്നാണ് സര്‍വേകള്‍ പൊതുവേ ചൂണ്ടിക്കാട്ടുന്നത്. യുപിഎ ദക്ഷിണേന്ത്യയില്‍ നേട്ടമുണ്ടാക്കും. 

ബിജെപി വിരുദ്ധ സര്‍ക്കാരിനായി ഡല്‍ഹിയില്‍ കരുനീക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് പ്രതിപക്ഷത്തിന് നിരാശ നല്‍കുന്നതും ബിജെപി ക്യാംപില്‍ ആവേശം വിതറുന്നതുമായ പ്രവചനങ്ങള്‍ പുറത്തുവരുന്നത്. ഇന്ത്യ ടുഡേയുടെ സര്‍വേ പ്രകാരം എന്‍ഡിഎയ്ക്ക് 339 നും 365നും ഇടയില്‍ സീറ്റ് കിട്ടും. യുപിഎ 77 നും 108നും ഇടയില്‍. മറ്റുള്ളവര്‍ക്ക് 69നും 95നും ഇടയില്‍ സീറ്റുകളേ നേടാനാകൂ. 

ന്യൂസ് 18ന്‍റെ പ്രവചനം എന്‍ഡിഎ 336, യുപിഎ 82, മറ്റുള്ളവര്‍ 124 എന്നിങ്ങനെയാണ്. ടൈംസ് നൗ പ്രവചിക്കുന്നത് എന്‍ഡിഎക്ക് 306 ഉം യുപിഎയ്ക്ക് 132ഉം മറ്റു പാര്‍ട്ടികള്‍ക്ക് 104 ഉം സീറ്റാണ്. റിപ്പബ്ലിക് സി വോട്ടര്‍ സര്‍വേ പ്രകാരം എന്‍.ഡി.എ 287, യുപിഎ 129 മറ്റുള്ളവര്‍ 127. ബിജെപിയും ഒപ്പമുള്ള പാര്‍ട്ടികളും കേവലഭൂരിപക്ഷം നേടില്ലെന്നാണ് എബിപി ന്യൂസിന്‍റെ പ്രവചനം. എന്‍ഡിഎ 267, യുപിഎ 127, മറ്റുള്ളവര്‍ 148 എന്നിങ്ങനെയാണ് എബിപി ന്യൂസ് പ്രവചനം. 

ന്യൂസ് എക്സും എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം പ്രവചിക്കുന്നില്ല. 242 സീറ്റുകള്‍ കിട്ടും. യുപിഎയ്ക്ക് 162 നേട്ടുകള്‍ നേടുമ്പോള്‍ 136 സീറ്റുകളുമായി മറ്റുള്ളവര്‍ നിര്‍ണായക ശക്തിയാകും. എന്‍ഡിഎയ്ക്ക് ടുഡേസ് ചാണക്യ 306 സീറ്റും ജന്‍കി ബാത്ത് 305 സീറ്റും പ്രവചിക്കുന്നു. 

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മോദി പ്രഭാവത്തിലൂടെ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി മറികടക്കാനിടയുണ്ട്. ബംഗാളിലും ഒഡീഷയിലും ബിജെപി മുന്നേറ്റമുണ്ടാക്കും. കര്‍ണാടകയില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് സാധിച്ചിട്ടില്ലെന്നും സര്‍വേകള്‍ പറയുന്നു. തമിഴ്നാട്ടില്‍ ഡിഎംകെയ്ക്ക് അനുകൂലമാണ് സാഹചര്യം. പഞ്ചാബിലാണ് കോണ്‍ഗ്രസിന് പ്രതീക്ഷയ്ക്ക് വകയുള്ളതെന്നും പ്രവചനങ്ങള്‍ പറയുന്നു.  

എന്‍ഡിഎ നേട്ടം പ്രവചിച്ച് ഒമ്പത് എക്സിറ്റ് പോളുകള്‍

ഇന്ത്യ ടുഡേ: എന്‍ഡിഎ 333–368, യുപിഎ 77-108, മറ്റുള്ളവര്‍ 69-95

ന്യൂസ് 18 – എന്‍ഡിഎ 336, യുപിഎ 82, മറ്റുള്ളവര്‍ 124

ടൈംസ് നൗ – വിഎംആര്‍: എന്‍ഡിഎ 306, യുപിഎ 132, മറ്റു പാര്‍‌ട്ടികള്‍ 104

റിപ്പബ്ലിക് സി വോട്ടര്‍:  എന്‍ഡിഎ – 287, യുപിഎ 129, മറ്റുള്ളവര്‍ 127

എബിപി ന്യൂസ്: എന്‍ഡിഎ 277, യുപിഎ 130  മറ്റുള്ളവര്‍ 135

ജന്‍കി ബാത് : എന്‍ഡിഎ 305, യുപിഎ 124, മഹാഗഡ്ബന്ധന്‍ 26, മറ്റുള്ളവര്‍ 87

ന്യൂസ് എക്സ്: എന്‍ഡിഎ 242, യുപിഎ 162, മറ്റുള്ളവര്‍ 136

ടുഡേയ്സ് ചാണക്യ: എന്‍ഡിഎ 306 , യുപിഎ 132, മറ്റുള്ളവര്‍ 104 

നേതാ – ന്യൂസ് എക്സ്: എന്‍ഡിഎ 242, യുപിഎ 164, ഇടത് – 5, മഹാഗഡ്ബന്ധന്‍ 43

MORE IN Vote India
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.