ചാലക്കുടിയില്‍ ബെന്നി ബെഹനാന് വിജയമെന്ന് എക്സിറ്റ് പോള്‍ ഫലം

chalakkudy-1
SHARE

ചാലക്കുടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍ വിജയിക്കുമെന്ന് മനോരമ ന്യൂസ് കാര്‍വി എക്സിറ്റ് പോള്‍ ഫലം. വിഡിയോ സ്റ്റോറി കാണാം. 

യുഡിഎഫ് കോട്ടയായ എറണാകുളം മണ്ഡലത്തിൽ അട്ടിമറികളില്ല. യുഡിഎഫിന്റെ യുവ സ്ഥാനാർഥി ഹൈബി ഈഡൻ വൻ ഭൂരിപക്ഷം നേടുമെന്ന്  എക്സിറ്റ് പോള്‍ ഫലം പറയുന്നു. എൽഡിഎഫിന്റെ പി. രാജീവ്, എൻഡിഎയുടെ അൽഫോൻസ് കണ്ണന്താനം എന്നിവർ മാറ്റുരച്ച എറണാകുളം മണ്ഡലത്തിൽ ഹൈബിക്ക് വെല്ലുവിളി ഉയർത്താൻ ഇവർക്കായില്ലെന്ന് എക്സിറ്റ് പോൾ സൂചനനൽകുന്നു.  

തൃശൂരില്‍ കോണ്‍ഗ്രസിലെ ടി.എന്‍.പ്രതാപന് നെഞ്ചിടിപ്പേറ്റിയാണ്  സര്‍വേ ഫലം പുറത്തുവന്നത്. ഫോട്ടോഫിനീഷാണ് എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. ശക്തമായ ത്രികോണ മല്‍സരത്തില്‍ സിപിഐയുടെ രാജാജി മാത്യു തോമസിനാണ് നേരിയ മുന്‍തൂക്കം. സുരേഷ് ഗോപിയുടെ വരവാണ് അനായാസ ജയം നേടുമായിരുന്ന ടി.എന്‍.പ്രതാപന് വിനയായതെന്നും സര്‍വേ വിവരങ്ങള്‍ വ്യക്തമാക്കുന്നു. വിഡിയോ സ്റ്റോറി കാണാം. 

നേരത്തെ ഇതേ ആശങ്ക ടി.എന്‍.പ്രതാപന്‍ കെപിസിസി നേതൃയോഗത്തില്‍ തുറന്നുപറഞ്ഞിരുന്നു. 

പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി എം.ബി. രാജേഷ് ഹാട്രിക് ജയം നേടുമെന്ന് മനോരമ ന്യൂസ് കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലം. ഇടതു കോട്ടയിൽ രാജേഷ് വൻമുന്നേറ്റം നടത്തുമെന്ന് സർവേ പറയുന്നു. 

ആലത്തൂരില്‍ യുഡിഎഫിന്റെ പുതുമുഖ സ്ഥാനാര്‍ഥി രമ്യ ഹരിദാസ് അട്ടിമറി ജയം നേടുമെന്നും മനോരമ ന്യൂസ് കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലം വിശദീകരിക്കുന്നു. ഇടതുകോട്ട വീഴുമെന്ന് സര്‍വേ പറയുന്നു.  പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീര്‍ വിജയിക്കുമെന്നാണ് മനോരമ ന്യൂസ് കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍. 

മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്കാണ് വിജയം. വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജയം പ്രവചിക്കുന്നു എക്സിറ്റ് പോള്‍ ഫലം.  വടകരയില്‍ കോണ്‍ഗ്രസിന്റെ കെ.മുരളീധരന് ആധികാരിക ജയം പ്രവചിച്ച് മനോരമ ന്യൂസ്  എക്സിറ്റ് പോള്‍ ഫലം. കടുത്ത പോരാട്ടത്തിനൊടുവില്‍ സിപിഎമ്മിന്‍റെ പി.ജയരാജനെ തോല്‍പിക്കുമെന്നാണ് പ്രവചനം. 

സംസ്ഥാനത്ത് ഏറ്റവും ആകാംക്ഷയുണര്‍ത്തിയ മല്‍സരം നടന്ന വടകരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം എന്നായിരുന്നു വോട്ടെടുപ്പിന് മുന്‍പ് നടത്തിയ സര്‍വേ. വടകരയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെന്ന് വോട്ടുവിഹിതവും അന്ന് വ്യക്തമാക്കി.  

കണ്ണൂരില്‍ തിരഞ്ഞെടുപ്പ് ഫലം ഫോട്ടോ ഫിനിഷിലെന്നും എക്സിറ്റ് പോള്‍‌ പറയുന്നു.  അപ്പോഴും നേരിയ മുന്‍തൂക്കം കോണ്‍ഗ്രസിനാണെന്നും സര്‍വേ പ്രവചിക്കുന്നു. ഏഴുഘട്ടങ്ങളിലായി നടന്ന പൊതുതിരഞ്ഞെടുപ്പിന് തിരശീല വീണപ്പോഴാണ് എക്സിറ്റ് പോള്‍ സര്‍വേകളും പുറത്തെത്തുന്നത്.   

മനോരമ ന്യൂസിനായി കാര്‍വി ഇന്‍സൈറ്റ്സ് കേരളത്തില്‍ നടത്തിയ എക്സിറ്റ് പോളില്‍ കാസര്‍ക്കോട്ട് യുഡിഎഫിനാണ് ജയസാധ്യത.  കോണ്‍ഗ്രസിലെ രാജ്മോഹന്‍ ഉണ്ണിത്താനാണ് സര്‍വേ ജയം പ്രവചിക്കുന്നത്. 140 നിയമസഭാ മണ്ഡലങ്ങളില്‍നിന്നും വിപുലമായ സാംപിള്‍ ശേഖരിച്ചാണ് മനോരമന്യൂസിന്‍റെ എക്സിറ്റ് പോള്‍.

MORE IN BREAKING NEWS
SHOW MORE