കാൻസർ ബാധിതർക്ക് കരുണയുടെ കൈത്താങ്ങായി വിദ്യാർഥിനികൾ

Thumb Image
SHARE

കാൻസർ ബാധിതരുൾപ്പെടെ ചികിൽസാ സഹായം തേടുന്നവരെ സഹായിക്കാൻ ഭക്ഷണശാലയൊരുക്കി വിദ്യാർഥിനികൾ. കോഴിക്കോട് നടക്കാവ് എച്ച്എച്ച്എസ്എസിലെ കുട്ടികളാണ് ആഹാരമുണ്ടാക്കി വിൽപന നടത്തി പണം സ്വരൂപിച്ചത്. സഹപാഠികൾക്ക് ഉൾപ്പെടെ ആദ്യഘട്ടത്തിൽ നൂറുപേർക്ക് സഹായം ഉറപ്പാക്കും. 

ഈ തിരക്ക് ഭക്ഷണത്തിന്റെ രുചി അറിയാൻ മാത്രമുള്ളതല്ല. കരുണയുടെ കൈത്താങ്ങാകാൻ നാണയത്തുട്ടുകൾ ശേഖരിക്കുകയാണിവർ. അർബുദരോഗികൾക്കും കിടപ്പുരോഗികൾക്കും ഉൾപ്പെടെ സഹായം ലഭിയ്ക്കും. പ്രഥമ പരിഗണന സഹപാഠികളുടെ ബന്ധുക്കൾക്കെന്ന് മാത്രം. സ്വന്തമായി വീട്ടിൽ തയാറാക്കിയ കട്‌ലറ്റും വെജിറ്റബിൾ ബിരിയാണിയും കപ്പയും ചമ്മന്തിയും മിനിറ്റുകൾക്കുള്ളിൽ വിറ്റുപോയി. ലക്ഷ്യമിട്ടിരുന്നതിന്റെ മൂന്നിരട്ടി തുകയാണ് വരുമാനം. 

കുട്ടികളെ ഹരം കൊള്ളിക്കാൻ ഡി.ജെ.പാർട്ടിയും ഒരുക്കിയിരുന്നു. ‌നൃത്തച്ചുവട് വച്ചവർ പ്രവേശനത്തുക ധനസഹായ ഫണ്ടിന് കൈമാറി. നൻമ ലക്ഷ്യമാക്കിയുള്ള പ്രവർത്തനത്തിന് മുഴുവൻ അധ്യാപകരുടെയും പിന്തുണ കിട്ടി. സ്കൂളിലെ എൻഎസ്എസ് വൊളണ്ടിയര്‍‍മാരാണ് പദ്ധതിയ്ക്ക് രൂപം നൽകിയത്. മുഴുവൻ വിദ്യാർഥിനികളും ആഹാരം പാചകം ചെയ്യുന്നതിനും വിൽപനക്കാരായി മാറുന്നതിനും മൽസരിച്ചു. നിങ്ങൾ നൽകുന്ന പത്ത് രൂപ പത്തുപേരുടെ കണ്ണീരൊപ്പാൻ കഴിയുന്നതെന്നായിരുന്നു ഫെസ്റ്റിന്റെ സന്ദേശം. 

MORE IN NORTH
SHOW MORE