ഇ എസ് ഐ അധികൃതരും ആർ സി സിയും തമ്മിലുള്ള തർക്കം: രോഗികൾ പ്രതിസന്ധിയിൽ

Thumb Image
SHARE

ഇ എസ് ഐ ആനുകൂല്യത്തിന് അർഹതയുള്ള അർബുദ രോഗികളുടെ ആർ സി സിയിലെ ചികിൽസ പ്രതിസന്ധിയിൽ. ചികിൽസാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ഇ എസ് ഐ കോർപറേഷൻ അധികൃതരും ആർ സി സിയും തമ്മിലുള്ള തർക്കമാണ് കാരണം. രോഗത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ആയിരത്തിലേറെ രോഗികളുടെ ചികിൽസയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. 

എംപ്ളോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് റജിസ്ട്രേഷനുള്ള തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ആർ സി സിയിൽ ലഭിക്കുന്ന ചികിൽസ ആനുകൂല്യമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ബില്ലുകൾ ലഭിയ്ക്കുന്നതനുസരിച്ച് ഇവരുടെ ചികിൽസാ ചെലവുകൾ ഇ എസ് ഐ കോർപറേഷൻ നേരിട്ടാണ് വഹിച്ചിരുന്നത്. കഴിഞ്ഞമാസം മുതൽ ബില്ലിങ് അടക്കമുള്ള നടപടികൾക്കായി കേന്ദ്രസർക്കാർ സ്ഥാപനമായ യുടിഐ ഐടിഎസ്എല്ലിനെ ചുമതലപ്പെടുത്തി. സേവന കരാറിൽ ഇവരുൾപ്പെടുത്തിയ വ്യവസ്ഥകളാണ് ഇപ്പോൾ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ബിൽതുകയുടെ രണ്ടു ശതമാനം പ്രോസസിങ് ഫീസായി നല്കണമെന്നാണ് പ്രധാന നിബന്ധന. സ്വകാര്യ ആശുപത്രികളേക്കാൾ കുറഞ്ഞ ചെലവിലാണ് ആർസി സിയിൽ ചികിൽസ നല്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഈ വ്യവസ്ഥ ആർസിസി അധികൃതർ തള്ളി. ചികിൽസ മുടങ്ങുമെന്നു കാണിച്ച് രണ്ടു തവണ ഇ എസ് ഐ കോർപറേഷന് കത്തയച്ചെങ്കിലും മറുപടിയുണ്ടായില്ലെന്നും ആർ സി സി അധികൃതർ വ്യക്തമാക്കുന്നു. ഇ എസ് ഐ ആശുപത്രികളിൽ നിന്ന് ആർ സി സിയിലേയ്ക്കുള്ള റഫറൻസും അവസാനിപ്പിച്ചിരിക്കുകയാണ്. 

സ്വകാര്യ പൊതുമേഖലകളിലെ ഇരുപത്തോരായിരം രൂപയിൽ താഴെ വരുമാനമുള്ളവരാണ് ഇ എസ് ഐയുടെ പരിധിയിൽ വരുന്നത്. ആനുകൂല്യം ലഭിച്ചില്ലെങ്കിൽ വൻതുക ചെലവു വരുന്ന അർബുദ ചികിൽസ ഉപേക്ഷിക്കേണ്ട അവസ്ഥ വരും ഈ രോഗികൾക്ക്. 

MORE IN KERALA CAN
SHOW MORE