മനോരമ ന്യൂസ് കേരള കാന്‍ മൂന്നാം പതിപ്പിന് തുടക്കം

kerala-can
SHARE

മലയാള ടെലിവിഷൻ രംഗത്തെ വേറിട്ട പ്രതിബദ്ധതാ പദ്ധതിയായ മനോരമ ന്യൂസ് കേരളാ കാന്‍ മൂന്നാം പതിപ്പിന് തുടക്കം. കാൻസർ എന്ന മഹാരോഗത്തെ നേരിടുന്നതിന് ജനപക്ഷത്ത് നിന്നുള്ള ക്രിയാത്മക ഇടപെടലുകളാണ് മൂന്നാം പതിപ്പിന്‍റെയും ലക്ഷ്യം. അര്‍ബുദത്തെ കണ്ടെത്താനും കീഴടക്കാനും കേരളത്തിനാകും എന്ന സന്ദേശമുയര്‍ത്തുന്ന വാര്‍ത്താപരമ്പരയില്‍ പൊതു, സ്വകാര്യമേഖലകളിലും രാജ്യാന്തരംഗത്തും മികവു തെളിയിച്ച ഡോക്ടര്‍മാരും കൈകോര്‍ക്കും. അതിജീവിക്കാം അര്‍ബുദത്തെ പുഞ്ചിരിയോടെ. നമുക്ക് തുടരാം പോരാട്ടം.  

കേരളാകാന്‍ മൂന്നാം പതിപ്പില്‍ ബോധവല്‍കരണത്തിനും രോഗനിര്‍ണയത്തിനുമപ്പുറം ഒരു കോടിയുടെ അര്‍ബുദചികില്‍സ എന്ന ദൗത്യം കൂടിമനോരമ ന്യൂസ് ഏറ്റെടുക്കുന്നു. ആദ്യമായാണ് മലയാളത്തിലെ ഒരു ദൃശ്യമാധ്യമം ഒരു കോടിരൂപയുടെ ചികില്‍സാ പദ്ധതി നടപ്പാക്കുന്നത്. 

കേരള കാന്‍ ഒന്നും രണ്ടും പതിപ്പിന് പ്രേക്ഷകര്‍ നല്‍കിയ പിന്തുണയും സഹകരണവുമാണ് മൂന്നാം പതിപ്പിന്‍റെ ഊര്‍ജം. വിവിധ കാന്‍സറുകള്‍, ചികില്‍സാ സൗകര്യങ്ങള്‍, അതിജീവനമാര്‍ഗങ്ങള്‍, ചികില്‍സാരംഗത്തെ പ്രതിസന്ധികള്‍, കെണികള്‍ എല്ലാം ആദ്യഘട്ടത്തില്‍ ചര്‍ച്ച ചെയ്തു. രോഗമുക്തിക്ക് ആദ്യം വേണ്ടത് രോഗനിര്‍ണയമാണെന്ന ബോധ്യപ്പെടുത്തലായിരുന്നു രണ്ടാംഘട്ടം. മുന്നോട്ടുവച്ച ലക്ഷ്യങ്ങള്‍ ലക്ഷ്യത്തിലെത്തിയെന്ന് തെളിയിക്കുന്നതായിരുന്നു കേരള കാന്‍ മെ‍ഡിക്കല്‍ ക്യാംപുകളിലെ ജനപങ്കാളിത്തം.

ആദ്യഘട്ടത്തില്‍ കൊച്ചി കാന്‍സര്‍ സൊസൈറ്റിക്ക് 50 ലക്ഷവും രണ്ടാംഘട്ടത്തില്‍ മലബാര്‍ കാന്‍സര്‍ സൊസൈറ്റിക്ക് 50 ലക്ഷവും കൈമാറി. ഈ തുകയുടെ പ്രയോജനം അര്‍ഹര്‍ക്ക് ഇപ്പോലും ലഭിച്ചുകൊണ്ടിരിക്കുന്നു. ഈ ഉദ്യമത്തിന് ഇറാം ഗ്രൂപ്പും, എം.വി.ആര്‍ കാന്‍സര്‍ സെന്‍ററും മഞ്ജുവാര്യരും ഇത്തവണ ഒപ്പമുണ്ട്. 

MORE IN KERALA CAN
SHOW MORE