പാഞ്ഞടുത്ത ഉരുള്‍പൊട്ടലില്‍ നിന്ന് കുടുംബത്തെ രക്ഷിച്ച വളര്‍ത്തുനായ: റോക്കിക്ക് കയ്യടി

rocky
SHARE

ഈ പ്രളയകാലത്ത് സ്വന്തം ജീവൻ രക്ഷിക്കുന്ന തിരക്കിൽ പലരും സൗകര്യപൂർവമോ അല്ലാതെയോ പാവം മിണ്ടാപ്രാണികളെ മറന്നിട്ടുണ്ട്. എന്നാൽ നിസ്വാർത്ഥ സ്നേഹത്തിൻറെ മാതൃക അവർ നമ്മെ കാണിച്ചു തന്നപ്പോൾ അറിയാതെ പലരുടെയും തല കുനിഞ്ഞിട്ടുണ്ടാകണം. 

ഇടുക്കി കഞ്ഞിക്കുഴിയിലെ മോഹനനും കുടുംബത്തിനും റോക്കി എന്ന കാവൽനായ ഹീറോ ആണ്. റോക്കിയോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല ഇവർക്ക്.  ഉയിരെടുക്കുന്ന ഉരുൾപൊട്ടലിൽ നിന്നും മോഹനനെയും കുടുംബത്തെയും രക്ഷിച്ചത് റോക്കി എന്ന ഈ വളർത്തുനായയാണ്. 

പ്രളയം ദുരന്തംവിതച്ച ഇടുക്കി കഞ്ഞിക്കുഴി ഗ്രാമവാസിയാണ് മോഹനൻ. എല്ലാം കൺമുമ്പിൽ തകർന്നടിഞ്ഞ ദിവസം മോഹൻ എഴുന്നേറ്റത് റോക്കിയുടെ കുര കേട്ടുകൊണ്ടാണ്. പുലർച്ചെ മൂന്നുമണിക്ക് റോക്കി പതിവില്ലാതെ കുരയ്ക്കാൻ തുടങ്ങി. ആദ്യം ഗൗനിച്ചില്ലെങ്കിലും നിർത്താതെയുള്ള കുരതുടർന്നതോടെ മോഹനൻ പുറത്തിറങ്ങി.

‘അസാധാരണമായ കുരയായിരുന്നു അവന്‍റേത്. അപ്പോള്‍ തന്നെ എന്തോ അപകടം മണത്തു. പുറത്തിറങ്ങിയപ്പോഴാണ് പേടിപ്പിക്കുന്ന കാഴ്ച കണ്ടത്..’ മോഹനന്‍ പറഞ്ഞു.  

വന്നു നോക്കുമ്പോൾ കണ്ട കാഴ്ചയുടെ ഭീകരത കണ്ണിൽ നിന്നും മാഞ്ഞിട്ടില്ല. ഉരുൾപൊട്ടിയെത്തുന്നു. വേഗം വീട്ടിലുള്ള മറ്റംഗങ്ങളെ പുറത്തിറക്കി, റോക്കിക്കൊപ്പം അടുത്തുള്ള പാറയുടെ മുകളിലേക്ക് കയറി നിന്നു. കൺമുമ്പിൽ വീട് തകർന്ന് തരിപ്പണമാകുന്നത് കണ്ടെങ്കിലും റോക്കി കാരണം ജീവൻ രക്ഷപെട്ടതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ. 

ഇവരുടെ വീടിരുന്ന സ്ഥലത്തുനിന്നും അൽപം മുകളിൽ മറ്റൊരു വീട്ടിൽ വൃദ്ധരായ ദമ്പതികളുണ്ടായിരുന്നു. ഉരുൾപൊട്ടലിൽ വീടുതകർന്നുവീണ് ഇരുവരും മരിച്ചത് നിസഹായരായി ഇവർക്ക് നോക്കി നിൽക്കേണ്ടി വന്നു. 

MORE IN Kerala Flood Postive Stories
SHOW MORE