
ഹൃദയശസ്ത്രക്രിയക്ക് കരുതിവെച്ചിരുന്ന പണം പ്രളയകാലത്ത് കേരളാമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കിയ തമിഴ് പെൺകുട്ടിയെ കേരളം സ്നേഹിച്ചത് മറുസമ്മാനം നല്കി. വാർത്ത അറിഞ്ഞതിനെ തുടർന്ന് പെൺകുട്ടിക്ക് സൗജന്യ ശസ്ത്രക്രിയ ചെയ്തുനൽകുമെന്ന് ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിട്ട്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയാണ് അറിയിച്ചത്. പ്രളയകാലം കണ്ട നൻമക്ക് ഹൃദയം കൊണ്ടു ചേര്ത്തുനിർത്തിയൊരു സമ്മാനം.
തമിഴ്നാട്ടിലെ കാരൂർ ജില്ലയിലെ കൊമാരപാളയം സ്വദേശിയാണ് അക്ഷയ. ഹൃദയശസ്ത്രക്രിയക്കായി കരുതിവെച്ചിരുന്ന തുകയുടെ ഒരു ഭാഗമാണീ പതിനൊന്നുകാരി പ്രളയക്കെടുതിയിലായ അയൽസംസ്ഥാനത്തിനായി നീക്കിവെച്ചത്.
ഒരുവിധത്തിലാണ് ശസ്ത്രക്രിയക്കുള്ള പണം തരപ്പെടുത്തിയതെന്ന് നിർധനകുടുംബാംഗമായ അക്ഷയയുടെ അമ്മ ജോതിമണി പറയുന്നു. സഹായിക്കണമെന്ന് പറഞ്ഞപ്പോൾ ആദ്യം നിരുത്സാഹപ്പെടുത്തി. എന്നാൽ ചെറുതെങ്കിലും പറ്റുന്ന രീതിയിൽ സഹായിക്കണമെന്ന മകളുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ അമ്മക്ക് വഴങ്ങേണ്ടി വന്നു.
സുഹൃത്തുക്കൾ വഴിയും ഫെയ്സ്ബുക്കിലൂടെയും മറ്റും ഇവർ സമ്പാദിച്ചത് മൂന്നരലക്ഷം രൂപയാണ്.
അക്ഷയയുടെ പിതാവ് ആറുവർഷം മുൻപ് മരിച്ചു. കഴിഞ്ഞ വർഷം നവംബറിൽ അക്ഷയയുടെ ആദ്യ ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. രണ്ടാം ശസ്ത്രക്രിയയാണ് ഇനി നടക്കേണ്ടത്. അക്ഷയയുടെ നല്ല മനസ്സ് തിരിച്ചറിഞ്ഞ ശ്രീചിത്തിര ആശുപത്രി അധികൃതരാണ് സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു.