
സിവിൽ പോലീസ് ഓഫീസറായ എസ്.ജി. ബിജുമോൻ പ്രളയകാലത്ത് ഡബിൾ ഡ്യൂട്ടിയിലായിരുന്നു. ഹൈക്കോർട്ടിലെ ജസ്റ്റിസ് കെ. ഹരിലാലിന്റെ പിഎസ്ഒ ആയുള്ള നൈറ്റ് ഡ്യൂട്ടി മാത്രമേ ബിജുമോന് ഔദ്യോഗികമായി ചെയ്യേണ്ടിയിരുന്നുള്ളൂ. പക്ഷേ, പകൽ മുഴുവനും ബിജുമോൻ സ്വന്തമായി തിരഞ്ഞെടുത്ത മറ്റൊരു ജോലിയിലായിരുന്നു .
കേരളത്തിൽ പ്രളയക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച സ്ഥലങ്ങളിൽ ഒന്നായ ആലുവ തോട്ടയ്ക്കാട്ടുകരയിലെ വീടുകൾ വൃത്തിയാക്കി ഇദ്ദേഹം. പ്രദേശത്തെ വീടുകളെല്ലാം മാലിന്യം കയറി നശിച്ചു കിടന്ന അവസ്ഥയിൽ. സ്വന്തം വീട്ടിൽ ഉറങ്ങാനാകാത്ത ഗതികേട്. പലർക്കും ഒറ്റയ്ക്കു വൃത്തിയാക്കാനാകുന്നതിലും പരിതാപകരമായിരുന്നു വീടുകളിലെ അവസ്ഥ. ഓരോ വീട്ടിലും മുട്ടോളം താഴുന്ന ചെളി. എല്ലായിടത്തെയും സ്ഥിതി സമാനമായതിനാൽ വൃത്തിയാക്കാൻ ആളുകളെയും കിട്ടിയിരുന്നില്ല.
വെള്ളം പമ്പു ചെയ്യാൻ ജനറേറ്ററും മറ്റു ക്ലീനിങ് ഉപകരണങ്ങളുമില്ല. തന്റെ സേവനം ഈ പ്രദേശത്തുള്ളവർക്കു വേണമെന്ന് ഉൾവിളിയുണ്ടായതോടെ തോട്ടയ്ക്കാട്ടുകരയിലെ വീടുകളിലേക്കു ബിജുമോൻ സ്വയം ഇറങ്ങിച്ചെന്നു. കൂട്ടിന് കോട്ടയം പെരുവയിലുള്ള വീട്ടിൽ നിന്നും ഭാര്യയെയും വിളിച്ചു. ഏറ്റുമാനൂർ എസ്എഫ്എസ് സ്കൂളിൽ അധ്യാപികയായ ഭാര്യ മിനി വന്നപ്പോൾ കൂട്ടുകാരിയും സ്കൂളിലെ ലൈബ്രേറിയനുമായ റെജിയെയും ഒപ്പം കൂട്ടി.
വെള്ളപ്പൊക്കത്തിന്റെ കെടുതിയൊന്നും ബാധിക്കാത്തതിനാൽ ദുരിതബാധിതർക്കു സേവനം ചെയ്യേണ്ടതു തന്റെ ഉത്തരവാദിത്തമാണെന്നാണു ബിജു പറഞ്ഞത്. വീട് വൃത്തിയാക്കൽ ജോലി കഴിഞ്ഞ് ബിജു പോയിരുന്നത് നൈറ്റ് ഡ്യൂട്ടിക്ക്.
രാവിലെ വീണ്ടും ചെളിനിറഞ്ഞ വീടുകളിലേക്ക്. ദുരന്തബാധിതർക്ക് അവരുടെ സ്വന്തം വീട്ടിൽ ഉറങ്ങാനുള്ള സാഹചര്യമൊരുങ്ങുംവരെ ഉറക്കം വേണ്ടെന്ന തീരുമാനത്തിലായിരുന്നു ബിജു.