ദുരിതത്തിലും ഒന്നിച്ച്; വലതുകാൽവച്ച് ആതിരകയറിയത് ദുരിതാശ്വാസ ക്യാംപിൽ

athira-flood
SHARE

വലതുകാൽവച്ച് ആതിര കയറിച്ചെന്നത് വലിയൊരു കുടുംബത്തിന്റെ കരുതലിലേക്കാണ്. പുതുപ്പെണ്ണിനെ സ്വീകരിക്കാൻ കാത്തുനിന്നത് 490 കുടുംബാംഗങ്ങള്‍. പുന്നപ്ര കാർമൽ ഇന്റർനാഷനൽ സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലാണ് നവ വധുവായി പുതിയൊരംഗം കൂടി. ചമ്പക്കുളം നടുഭാഗം കോലത്ത് പരേതനായ എ.കെ. ഗോപാലന്റെയും ശ്യാമളയുടെയും മകനായ ഗോപകുമാറാണ് കോട്ടയം പാമ്പാടി കിഴക്കേപറത്താനത്തിൽ ബാബു-ആശ ദമ്പതികളുടെ മകൾ ആതിരയെ വിവാഹം കഴിച്ച് ക്യാംപിലേക്കു കൂട്ടിയത്. 

വെള്ളപ്പൊക്കത്തെ തുടര്‍ന്നു വരനും കുടുംബവും 10 ദിവസമായി ക്യാംപിലാണ് താമസം. നേരത്തേ മുഹൂർത്തം നിശ്ചയിച്ചതിനാൽ വിവാഹം നടത്താൻ ഇരുകുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു. 

ക്യാംപ് അംഗങ്ങൾ കയ്യടികളോടെ നവദമ്പതികളെ വരവേറ്റു. വരന്റെ സുഹൃത്തുക്കൾ പാട്ടുപാടിയും നൃത്തച്ചുവടുകൾ വച്ചും സ്വീകരണം കെങ്കേമമാക്കി. കവാടത്തിൽനിന്നു സൈക്കിൾ റിക്ഷയിലാണ് ഇരുവരെയും ക്യാംപിലേക്ക് ആനയിച്ചത്. 

ആതിരയുടെ അമ്മയുടെ വീട് ആലപ്പുഴ പഴവീടാണ്. പഴവീട് ഭഗവതി ക്ഷേത്രത്തിൽവച്ചു താലിചാർ‌ത്തി നേരെ ക്യാംപിലേക്കു വന്നു. ക്യാംപിന്റെ നിയന്ത്രണമുള്ള കാർമൽ പോളിടെക്നിക് കോളജിലെ എൻഎസ്എസ് വൊളന്റിയർമാർ മധുരപലഹാരം വിതരണം ചെയ്തു. കോളജ് ചെയർമാൻ ഫാ. മാത്യു അറേക്കളം, ഡയറക്ടർ ഫാ. ബിജോ മറ്റപ്പറമ്പിൽ, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഷീജ, ബ്ലോക്ക് പഞ്ചായത്തംഗം യു.എം. കബീർ എന്നിവർ ഇരുവർക്കും ആശംസകൾ നേർന്നു.

MORE IN SPOTLIGHT
SHOW MORE