.jpg)
യഥാർത്ഥ അയൽക്കാർ ആരാണെന്നു തിരിച്ചറിഞ്ഞ പ്രളയദിവസങ്ങളായിരുന്നു കടന്നുപോയത്. അയല്‍ സൗഹൃദങ്ങൾ പലതും നമുക്കു നേരെ നീണ്ടു. കണ്ണൂരിലെ ഇരിട്ടിക്ക് ആശ്വാസം പകര്‍ന്ന് കമ്പിളി പുതപ്പിച്ച വിഷ്ണു, ഇടുക്കി ചെറുതോണിയിൽ പിഞ്ചുകുഞ്ഞിനെ നെഞ്ചടക്കി ഓടിയ കനയ്യകുമാർ, കവലപ്പെടാതുങ്കെ എന്ന് കേരളമക്കളോട് പറഞ്ഞ് കുടുക്കയിലെ ഇത്തിരി സമ്പാദ്യം നൽകിയ തമിഴ്കുട്ടികൾ, ഇന്ത്യക്കാർ ഞങ്ങളുടെ ഭായിമാർ ആണെന്നു പറഞ്ഞ പാകിസ്താനികൾ- ഈ അയൽ മുഖങ്ങളൊന്നും നമ്മൾ മറക്കില്ല. ഇവയ്ക്കൊപ്പം ചേര്‍ത്തുവെയ്ക്കാവുന്ന മറ്റൊരു മാതൃക കൂടി ഇതാ എറണാകുളത്തുനിന്നും...
പനമ്പള്ളി നഗർ 11th ക്രോസ്സ് റോഡിൽ താമസിക്കുന്ന രാജസ്ഥാനികളാണ് പ്രളയകേരളത്തിനു വേണ്ടി ദുരിതാശ്വാസ ക്യാമ്പ് ഒരുക്കിയത്. പുറത്തുനിന്നു നോക്കുമ്പോൾ ഒരു തട്ടുകട ആണെന്നു തോന്നും. എന്നാൽ സ്ത്രീകളും പ്രായമായവരുമുൾപ്പെടെ നൂറുകണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണമുണ്ടാക്കുന്നതിൻറെ തിരക്കിലാണിവിടെ. ദിവസം 25000 പാക്കറ്റ് പൂരി വീതം ഉണ്ടാക്കിയാണ് ഇവർ പ്രളയബാധിതര്‍ക്ക് വിതരണം ചെയ്തത്. ഒരു പാക്കറ്റിൽ 8 പൂരിയും ഒരു ചെറിയ കവറിൽ അച്ചാറും.
ഷൈബി പികെ എന്നയാളാണ് ഫെയ്സ്ബുക്കിൽ ഈ സുന്ദരവാർത്ത പങ്കുവെച്ചത്. പോസ്റ്റിൽ പറയുന്നതിങ്ങനെ:
''ദുരന്തം തുടങ്ങിയ 15 നു തുടങ്ങിയതാണ്.... നിലത്തിരുന്നു പൂരി വറുത്തു കോരുന്നവർ എറണാകുളത്തെ അറിയപ്പെടുന്ന ബിസിനസുകാർ... അഞ്ചു വയസ്സ് മുതലുള്ള കുട്ടികൾ പാക്കിങ്ങിലും, സാധനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്നതിലും സജീവം.... സ്ത്രീകളും, കൗമാരക്കാരും മാവ് കുഴക്കുന്നു, പൂരി പരത്തുന്നു..... യുവാക്കൾ, മൊബൈൽ ആപ്പ് ഉണ്ടാക്കി ആവശ്യാക്കാർക്കു ഭക്ഷണം എത്തിക്കുന്നു.... ജോലിയെടുക്കുന്ന എല്ലാവര്ക്കും സമയാസമയത് ചായയും, ഭക്ഷണവും ഉണ്ടാക്കി കൊടുക്കുന്നു..... !!
അറിഞ്ഞും കേട്ടും അവിടേക്കു വരുന്ന രാജസ്ഥാനികൾ.... വരുന്നവർ വരുന്നവർ അവരാൽ കഴിയുന്നത് ചെയ്യുന്നു..... ചുരുക്കം ചില മലയാളികളും.... ഞാനും കൂട്ടുകാരും ഒപ്പം കൂടുന്നു.... അവരുടെയൊപ്പം പണിയെടുത്തപ്പോൾ, ശെരിക്കും എന്തൊരു ആത്മ സംതൃപ്തി..... പണ്ട് നമ്മുടെയൊക്കെ നാട്ടിൽ നടക്കുന്ന കല്യാണ ഒരുക്കങ്ങൾ പോലെ.... ഇത് ഇനിയും തുടർന്ന് കൊണ്ടേയിരിക്കും, ദുരിതം ഒഴിയും വരെ...!!
ഇവരൊക്കെയല്ലേ ശെരിക്കും ദൈവങ്ങൾ ? സെൽഫികളില്ല.... പബ്ലിസിറ്റിയില്ല..... സ്വന്തം കാശുകൊടുത്തു ഓരോ ദിവസ്സവും രണ്ടു ലക്ഷം പൂരി കൊടുക്കുന്നു എന്നത് ചെറിയ കാര്യമോ ? ശെരിക്കും ഭൂമിയിലെ ദൈവങ്ങൾ..... മലയാളികൾ എത്ര ഭാഗ്യവാന്മാരാണ്''.