
കേരളത്തെ ദുരിതങ്ങളിലേക്ക് നടത്തിയ മഹാപ്രളയത്തിന് ഇന്ന് ഓര്‍മദിനം. ഒരാണ്ട് മുമ്പത്തെ ആ പ്രളയകാലത്ത് അസാധാരണമായ നന്മയും സ്നേഹസൗഹൃദങ്ങളും വെളിച്ചത്ത് കാട്ടി കേരളീയര്‍. അന്ന് കണ്ടും കേട്ടുമറിഞ്ഞ മനുഷ്യപ്പറ്റുകഥകള് ഒരിക്കല്‍ കൂടി വായിക്കാം...
ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ പുണ്യദിനമായി ആചരിക്കുന്ന ദിവസമാണ് ബക്രീദ്. പ്രളയകാലത്തെ ബക്രീദ് ദിനത്തില്‍ മനസ്സു നിറക്കുന്ന മതസൗഹാർദ കാഴ്ചകൾ പലതുമുണ്ടായിരുന്നു. ആഘോഷങ്ങള്‍ അകന്ന് ആചാരങ്ങളിൽ മാത്രമൊതുങ്ങിയ ബക്രീദായിരുന്നു ഇത്തവണ.
തൃശൂരിൽ നിന്നുള്ള ഈ കാഴ്ച മനസ്സു നിറക്കുന്നതാണ്. പള്ളിക്കു ചുറ്റും വെള്ളം നിറഞ്ഞ് അകത്തു കയറാനാകാത്ത അവസ്ഥ ഉണ്ടായപ്പോൾ നിസ്കരിക്കാൻ സ്ഥലം നൽകിയത് പ്രദേശത്തുള്ള അമ്പലമാണ്. തൃശൂർ ജില്ലയിലെ മാളയിലുള്ള പുരപ്പിലക്കാവ് രക്തേശ്വരി അമ്പലമാണ് വേറിട്ട മാതൃകയായത്.
ആത്യന്തികമായി നമ്മളെല്ലാവരും മനുഷ്യരാണെന്നും ഒരേ ദൈവത്തിൻറെ മക്കളാണെന്ന കാര്യം ഓര്‍ക്കണമെന്നും ഇനിയുള്ള നാളുകളിലും ഈ സൗഹാർദം തുടരുമെന്നാണ് പ്രതീക്ഷയെന്നും അമ്പലം അധികാരികൾ പറഞ്ഞു.
മലപ്പുറത്തുനിന്നും ഉണ്ടായിരുന്നു സമാനമായ മറ്റൊരു കാഴ്ച. ഇവിടെ പ്രളയദുരിതത്തിലകപ്പെട്ട നിരവധി കുടുംബങ്ങൾക്ക് അഭയം നല്‍കിയത് സമീപത്തുള്ള പള്ളിയാണ്. മലപ്പുറത്തെ ചാലിയാറിലുള്ള ജുമാ മസ്ജിദ് ആണ് സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമുൾപ്പെടുന്ന സംഘത്തിന് അഭയം നല്‍കിയത്. വെള്ളമിറങ്ങുന്നതു വരെ അഭയം മാത്രമല്ല, ഇവർക്കുള്ള ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഇവിടെനിന്നും ലഭിച്ചു.
(2018ലെ പ്രളയകാലത്ത് പ്രസിദ്ധീകരിച്ചത്)