
ചെറുതോണിയിലെ ദുരിതപര്വത്തിനിടയിലെ ജീവസമര്‍പ്പണത്തിന്റെ ഈ ചിത്രമാണ് കേരളത്തിന്റെ കണ്ണില്‍ ഇന്നും തുടിച്ചുനില്‍ക്കുന്നത്. മലയാള മനോരമ ഫോട്ടോഗ്രാഫര്‍ റിജോ ജോസഫ് പകര്‍ത്തിയ ചിത്രത്തിലെ നായകന് ബിഹാർ സ്വദേശിയായ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥന് കനയ്യകുമാര്‍ ആണ്.
ചെറുതോണിയില്‍ അപ്രതീക്ഷിതമായിരുന്നു ആ കുത്തൊഴുക്ക്. ഇടുക്കി ചെറുതോണി ഡാമിന്റെ നാലാം ഷട്ടറും തുറന്നതിന് പിന്നാലെ അസാധാരണമായ മലവെള്ളപ്പാച്ചിൽ. ബസ് സ്റ്റോപ്പിന്റെ ഒരു ഭാഗം ഒഴുകിപ്പോയി. ഒപ്പം മരങ്ങളും കടപുഴകി ചെറുതോണി പാലത്തില്ചെന്നുതട്ടിനിന്നു. അക്കരെയിക്കരെ പോകാന്‍ ആളുകള്‍ പേടിക്കുന്ന സാഹചര്യം. അപ്പോഴാണ് ഫയര്‍ഫോഴ്സിലെയും ദുരന്തനിവാരണ സേനയിലെയും ചിലര്‍ ഇളകിമറിയുന്ന ജലത്തിന് നടുവിലെ ആ പാലത്തിലൂടെ ഓടുന്നത് കണ്ണില്‍പ്പെട്ടത്.
മുന്നിലോടുന്ന പൊലീസുകാരന്റെ കയ്യില്‍ ഒരു കുട്ടി. പ്രളയപാച്ചിലിനിടയിൽ സ്വന്തം ജീവൻ പണയംവെച്ചും കുഞ്ഞിനെ രക്ഷിക്കാനെത്തിയ ആ കൈകൾ ആരുടേതാണെന്നുള്ള അന്വേഷണം ചെന്നെത്തിയത് കനയ്യകുമാർ എന്ന ഉദ്യോഗസ്ഥനിലാണ്. കടുത്ത പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ചെറുതോണി പാലം കടക്കാതെ മറ്റ് മാര്‍ഗമില്ലാതെ വന്നു. മരങ്ങള്അടക്കം കടപുഴകി കുത്തിയൊലിക്കുന്ന ചെറുതോണി മുറിച്ച് കടക്കുന്നത് വലിയ വെല്ലുവിളിയായി. പ്രത്യേകിച്ച്, പാലം വെള്ളത്തില്‍മുങ്ങിയ അവസ്ഥയില്‍. എങ്കിലും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കണമെന്ന വയര്‍ലെസ് സന്ദേശം ലഭിച്ച പാടേ ബിഹാർ സ്വദേശിയായ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥന് കനയ്യകുമാര്‍ ആ സാഹസം ഏറ്റെടുത്തു. അക്കരെയെത്തി കുഞ്ഞിനെയും നെഞ്ചോട് ചേര്‍ത്ത് മറുകരയിലേക്ക് പാഞ്ഞു.
പ്രളയഭൂമിയിലെ ആ ധീരതയ്ക്ക്, ഊഷ്മളക്കാഴ്ചയ്ക്ക് ചെറുതോണിക്കാർ സല്യൂട്ടേകി. മന്ത്രി ജി. സുധാകരന് അടക്കമുള്ളവര്‍ ഇദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.