പ്രളയ കേരളത്തിന് ചവിട്ടി നിൽക്കാൻ കണ്ണീർ നനവുള്ള ഈ ചെരിപ്പുകൾ

jharkhand-(1)
SHARE

250 രൂപയാണ് ഇവരുടെ ഒരു ദിവസത്തെ വരുമാനം. ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടു പെടുപെടുകയാണ് ഇവരോരോരുത്തരും. അപ്പോഴും കേരളത്തെ ചേർത്തു നിർത്തി ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു, ഒപ്പമുണ്ട് എന്നുള്ള പ്രഖ്യാപിച്ചു  ജാർഖണ്ഡിൽ നിന്നുമുള്ള ഈ സ്ത്രീകൾ.  

ജാർഖണ്ഡിലെ ദുംക ജില്ലയിലുള്ള ബലിജോർ ഗ്രാമത്തിൽ നിന്നുള്ള 300 ഓളം സ്ത്രീകളാണ് ചെരിപ്പുകൾ നിർമിച്ച് പ്രളയക്കെടുതിയിൽ നിന്നും കരകയറുന്ന കേരളത്തിലെ ജനങ്ങൾക്കായി അയച്ചത്. ചെരിപ്പുനിർമാണത്തിൽ  നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം ഇവരുടെ ജീവിതച്ചെലവിനു പോലും തികയില്ല. ഈ സാഹചര്യത്തിലാണ് 1000 ജോടി ചെരിപ്പുകൾ ഇവർ കേരളത്തിലേക്ക് കയറ്റി അയച്ചത്. 

ദുരിതാശ്വാസ നിധിയിലേക്ക് അയക്കാനുള്ള പണം ഇവരുടെ പക്കലവില്ല. അറിയാവുന്ന തൊഴിൽ ചെരിപ്പുനിർമാണമാണ്. അങ്ങനെ കേരളത്തെ സഹായിക്കാന്‍ ഉപജീവനമാർഗം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. പത്രത്തിലൂടെയാണ് കേരളത്തിലെ പ്രളയത്തെ കുറിച്ചുള്ള വാർത്ത ഇവർ അറിഞ്ഞത്. 

''ഞാനി തൊഴിൽ ചെയ്യാൻ തുടങ്ങിയപ്പോഴാണ് ജീവിതം അൽപമെങ്കിലും സാമ്പത്തികമായി മെച്ചപ്പെട്ടത്. അങ്ങനെയെങ്കിൽ മറ്റുള്ളവരെ സഹായിക്കാനും ഈ ജോലിയിലൂടെ ആകുമെന്ന ചിന്തയാണ് ഈ സഹായം ചെയ്യാൻ ഞങ്ങളെ പ്രേരിപ്പിച്ചത്'', കൂട്ടത്തിലൊരാളായ മഞ്ജുദേവി പറയുന്നു. 

മോനിക്കക്ക് ഈ ദിവസക്കൂലി കൊണ്ട് കുടുംബത്തിലെ ദൈനംദിന ചെലവുകൾ വഹിക്കുക മാത്രമല്ല, ഭാവിയിലേക്ക് അൽപാൽപം സ്വരുക്കൂട്ടി വെയ്ക്കുകയും വേണം. ''എനിക്കറിയാവുന്ന തൊഴിൽ ചെയ്ത് പ്രളയത്തിൽ വീടും സ്ഥലങ്ങളും സ്വന്തമായവയെല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു'', മോനിക്ക പറയുന്നു.

അന്യസംസ്ഥാനങ്ങളിൽ നിന്നും നിരവധി പേര്‍ ഈ മഹാപ്രളയകാലത്ത് കേരളത്തെ ചേർത്തുപിടിച്ചിട്ടുണ്ട്. തൻറെ ചെറുസമ്പാദ്യത്തില്‍ നിന്നും കേരളത്തിന് ധനസഹായമയച്ച ഗുജറാത്തിലെ അർബുദരോഗിയായ യാചകനെയും ഇടുക്കിയിലെ ചെറുതോണിയിൽ പിഞ്ചുകുഞ്ഞിനെ നെഞ്ചടക്കി ജീവിതത്തിലേക്ക് ഓടിക്കയറിയ ബീഹാറുകാരൻ കയ്യകുമാറിനെയും കണ്ണൂരിലെ മലയോര ഗ്രാമമായ ഇരിട്ടിയെ പ്രളയകാലത്ത് കമ്പിളി പുതപ്പിച്ച മധ്യപ്രദേശുകാരൻ  വിഷ്ണു എന്ന മധ്യപേരദേശുകാരനെയും നെഞ്ചേറ്റിയവരാണ് മലയാളികൾ. അവർക്കൊപ്പം കണ്ണിചേരുകയാണ് ജാർ‌ഖണ്ഡിലെ ഈ സ്ത്രീമാതൃക.

MORE IN SPOTLIGHT
SHOW MORE