ചേർത്തുപിടിച്ചത് നിരവധി ജീവനുകൾ, നന്ദി ഈ ഇടുക്കികാരിക്കും കോട്ടയംകാരനും

ansha-hemand
SHARE

ചെങ്ങന്നൂരിൽ ജീവൻ തിരികെ പിടിക്കാൻ സഹായിച്ചതിൽ, അതിജീവനത്തിന്റെ പാതയിലേക്ക് തിരിച്ചു കൊണ്ടു വന്നതിൽ  രണ്ടു മലയാളി സൈനിക ഉദ്യോഗസ്ഥരെ  സല്യൂട്ട് ചെയ്യണം. വ്യോമസേനയെ നയിച്ച ഇടുക്കിക്കാരി പെൺകുട്ടി അൻഷ വി തോമസും   കരസേന 28 ാം മദ്രാസ് റജിമെൻിലെ മേജർ ഏറ്റുമാനൂർ സ്വദേശി ഹേമന്ദ് രാജും. 

വ്യോമസേനയിൽ സ്ക്വാഡ്രൻ ലീഡറായ അൻഷ വി തോമസ്  ചെങ്ങന്നൂർ ഐഎച്ച്ആർഡി കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ പൂർവവിദ്യാർഥിനിയാണ്.  അൻഷ തന്റെ കലാലയത്തിൽ നിന്ന് തന്നെയാണ് ഓപ്പറേഷന് ആദ്യം നേതൃത്വം നൽകിയത് . പിന്നീട് ഹെലികോപ്റ്റുകളുടെ ലാൻഡിങ് പോയിന്റായ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലേക്ക് പ്രവർത്തനം മാറ്റി. പുലർച്ചെ അഞ്ചരക്ക് രക്ഷാപ്രവർത്തനം ആരംഭിക്കും. ആളുകൾ കുടുങ്ങികിടക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ കൃത്യമായി ജിപിഎസ് വിവരങ്ങൾ സഹിതം ഹെലികോപ്റ്ററുകൾക്ക് നൽകിയും അവരെ അവിടെ നിന്ന് പുറത്ത് കൊണ്ടുവരാനും അൻഷ വി തോമസ് അധ്വാനിച്ചു

hemand-ansha

പ്രളയബാധിത മേഖലയിലേക്ക്  25 ടൺ ഭക്ഷണമാണ് ചെങ്ങന്നൂരിൽ നിന്ന് അൻഷ വി തോമസിന്റെ സംഘം എത്തിച്ചത്. വൈകിട്ട് ഏഴു മണിയോടെ കോപ്റ്ററുകൾ പറക്കൽ നിർത്തിയാലും അന്നത്തെ പ്രവർത്തനങ്ങൾ വിലയിരുത്തലും അടുത്ത ദിവസത്തെ പ്ലാനിങ്ങുമായി അർധരാത്രി വരെ നീളും ജോലി. ഈ ദിവസങ്ങളിലെല്ലാം ഉറങ്ങിയത് ചുരുങ്ങിയ മണിക്കൂറുകളിൽ മാത്രം. ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി വി കെ തോമസിന്റേയും ലീലാമ്മയുടെയും മകളായ അൻഷ  കോയമ്പത്തൂർ  ദക്ഷിണ വ്യോമ കമാൻഡിൽ ടെലി കമ്യൂണിക്കേഷൻ വിഭാഗത്തിലാണ്. നാലു വർഷമായി സേനയുടെ ഭാഗമാണ്. മൂത്ത ജ്യേഷ്ഠൻ ടി സി എസിലും അനുജത്തി ചെന്നൈ ഐബിഎമ്മിലും ഉദ്യോഗസ്ഥരാണ് 

ansha-family

മൽസ്യതൊഴിലാളുകളുടെ സേവനത്തെ കൈകൂപ്പി നമിക്കുന്നതായി അൻഷ പറയുന്നു. ചെങ്ങന്നൂരിനെ അറിയാവുന്നത് അൻഷക്ക് ഏറെ സഹായകരമായി . അൻഷക്ക് ഒപ്പം ഓപ്പറേഷനുകൾക്ക് ചുക്കാൻ പിടിച്ചത് കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ മേജർ ഹേമന്ദ് രാജായിരുന്നു. ഓണം അവധിക്ക് നാട്ടിൽ വന്ന ഹേമന്ദ് അവധി ഉപേക്ഷിച്ച് സ്വയം രക്ഷാദൗത്യത്തിന് എത്തുകയായിരുന്നു . ഹെലികോപ്റ്ററുകളിൽ പറന്നിറങ്ങി നിരവധി ജീവനുകൾ തിരികെ പിടിച്ചു ഹേമന്ദ്. പലപ്പോഴും രക്ഷപെടുത്താൻ ചെല്ലുമ്പോഴുള്ള ആളുകളുടെ സമീപനം അഭിമാനത്തേ പോലും ചോദ്യം ചെയ്യുന്നതായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഏകോപനത്തിൽ റവന്യൂ ഉദ്യോഗസ്ഥർ കാട്ടിയ അലംഭാവം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയത് മേജർ ഹേമന്ദായിരുന്നു. മൽസ്യതൊഴിലാളികളുടെ സേവനം കരസേനക്ക് ഏറെ സഹായകരമായെന്ന് ഹേമന്ദ് പറയുന്നു

കഴക്കൂട്ടം സൈനിക സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ മേജർ ഹേമന്ദ് കശ്മീരിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡിൽ മൂന്ന് വർഷം സേവനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ ഫീൽഡ് സർവീസിന്റെ ഭാഗമായി മൂന്ന് വർഷം നിയന്ത്രണ രേഖയിൽ സേവനം അനുഷ്ഠിച്ചു. പൂനെ നാഷണൽ ഡിഫൻസ് അക്കാദമിയിലെ ഇൻസ്ട്രക്ടർ കൂടിയാണ് മേജർ ഹേമന്ദ് രാജ് . ഭാര്യ ഏറ്റുമാനൂരിൽ ദന്ത ഡോക്ടറായ തീർഥ ഹേമന്ദ്. മകൻ മൂന്ന് വയസുകാരൻ അയൻ. 

അൻഷക്കും ഹേമന്ദിനും പിന്തുണയുമായി നിന്നത് വ്യോമസേനയിലേ കോർപറൽ മനു മോഹനായിരുന്നു. തിരുവല്ല കവിയൂർ സ്വദേശിയാണ് മനു

MORE IN KERALA
SHOW MORE