
കേരള കാൻ വേദിയിൽ അന്തരിച്ച അനുഗൃഹീത ഗായിക രാധിക തിലകിന്റെ ഓർമകളും. അർബുദം തട്ടിയെടുത്ത പ്രിയഗായികയുടെ ഓർമകൾ പങ്കുവയ്ക്കുകയാണ് മകൾ ദേവിക. അർബുദരോഗത്തോട് പൊരുതി തന്നെയാണ് രാധികയും മരണത്തിന് കീഴടങ്ങിയതെന്ന് മകൾ പറയുന്നു.
വളരെ പോസിറ്റീവായിട്ടാണ് അമ്മ നേരിട്ടത്. അതു ഞങ്ങൾക്കും പ്രചോദനമായി. അസുഖം വന്ന് അവസാന വർഷം ആയപ്പോഴേക്കും അമ്മ പൂര്‍ണമായും കിടക്കയിൽ തന്നെ ആയി. എന്നാൽപോലും ആ സമയത്ത് വീട്ടിലെ കാര്യങ്ങളെല്ലാം അമ്മ നോക്കി നടത്തിയിരുന്നു. പാചകം വലിയ ഇഷ്ടമായിരുന്നു. അതിനെക്കുറിച്ച് സംസാരിക്കുമായിരുന്നു. പാട്ടുകൾ കേൾക്കുമായിരുന്നു. വളരെ സന്തോഷവതിയായി തന്നെയാണ് അമ്മ അസുഖകാലത്ത് കഴിഞ്ഞത്. ദേവിക പറയുന്നു.
രാധികയ്ക്ക് അസുഖമാണെന്ന് കേട്ടപ്പോൾ നേരിട്ട് കാണണമെന്നുണ്ടായരുന്നുവെന്ന് കെ എസ് ചിത്ര. എന്നാൽ പലരും പറഞ്ഞു ചേച്ചി പോകണ്ട, രാധികയ്ക്ക് അത് താൽപര്യമില്ല എന്ന്. അതുകൊണ്ടാണ് ഞാൻ പോകാതിരുന്നത്. പക്ഷേ അവസാനമായി കാണാതിരുന്നതിൽ വലിയ വിഷമം ഉണ്ട്. രാധിക പാടുന്നതും ഞാൻ പാടുന്നതും തമ്മിൽ നല്ല ഛായ ഉണ്ടെന്ന് പലരും പറഞ്ഞിരുന്നു. ചിത്ര രാധികയെ ഓർക്കുന്നു.
ദേവിക പാടുമെന്ന് അറിഞ്ഞത് ഒരുപാട് ഞെട്ടിച്ചു. ശ്വേത മോഹൻ പാടുമെന്ന് അറിയില്ലായിരുന്നു. അതുപോലെ തന്നെയാണിതും. ശ്വേതയെപോലെ തന്നെ വലിയൊരു ഗായിക ആകട്ടെ ദേവികയെന്നാണ് ബിജു നാരായണൻ ദേവികയെ ആശംസിക്കുന്നത്.