അർബുദക്കെണിയൊരുക്കി മദ്യം; കരൾ കാൻസർ രോഗികളുടെ എണ്ണത്തിൽ വൻ വർധന

liquor-06
SHARE

മലയാളിയെ അര്‍ബുദത്തിലേക്ക് കുരുക്കിവീഴ്ത്തുന്ന കെണിയാണ് മദ്യം. കരള്‍ കാന്‍സറിന് മദ്യം പ്രധാന വില്ലനാകുമ്പോള്‍ വായിലും അന്നനാളത്തിലും വന്‍കുടലിലും അര്‍ബുദസാധ്യത വര്‍ധിപ്പിക്കുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു. ആര്‍.സി.സിയിലെ കാന്‍സര്‍ റജിസ്ട്രി പ്രകാരം മുപ്പത് വര്‍ഷത്തിനിടെ അറുപത്തഞ്ച് വയസ് കഴിഞ്ഞ പുരുഷ കരള്‍കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ 212 ശതമാനത്തിന്റ വര്‍ധനയാണുണ്ടായിരിക്കുന്നത്. 

പുതുതലമുറയ്ക്ക് മദ്യപാനം സ്റ്റാറ്റസിന്റ പ്രശ്നമാണ്. പക്ഷെ അമിതമദ്യപാനം കരള്‍രോഗത്തിന് മാത്രമല്ല,ശരീരത്തെയൊന്നാകെ വിഴുങ്ങുന്ന പലതരം അര്‍ബുദങ്ങളിലേക്ക് കൂടിയാണ് നിങ്ങളെ നയിക്കുന്നത്. വായ, തൊണ്ട‌, ശബ്ദപേടകം, അന്നനാളം‌, വന്‍കുടല്‍ എന്നിവിടങ്ങളിലെല്ലാം കാന്‍സര്‍ വരാനുള്ള ഘടകങ്ങളിലൊന്ന് മദ്യമാണ്. തൊണ്ണൂറ് ശതമാനത്തിലധികം കരള്‍ കാന്‍സര്‍ രോഗികളും ലിവര്‍ സിറോസിസ് അഥവാ  കരള്‍വീക്കമുള്ളവരാണ്. ലിവര്‍ സിറോസിസ് ബാധിതര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ അഞ്ച്മടങ്ങ് കൂടുതലാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ലിവര്‍ സിറോസിസിന് പിന്നിലെ പ്രധാന വില്ലന്‍ മദ്യവും. ആര്‍.സി.സിയിലെ കാന്‍സര്‍ റജിസ്ട്രി അനുസരിച്ച് രണ്ടായിരത്തില്‍ കരളില്‍ അര്‍ബുദം ബാധിച്ച് ചികില്‍സ തേടിയത് 99 പേര്‍. 2005 ല്‍ 121.  2010 ല്‍ 181 പേര്‍. 2015ല്‍ ആ സംഖ്യ 265 ആയി ഉയര്‍ന്നു‌. 

ദേശീയ കുടുംബാരോഗ്യസര്‍വേ പ്രകാരം കേരളത്തില്‍  37 ശതമാനം പുരുഷന്‍മാരും 1.7 ശതമാനം സ്ത്രീകളും മദ്യം ഉപയോഗിക്കുന്നു. ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ ഒാഫ് ഇന്ത്യയുടെ കണക്ക് അനുസരിച്ച് എണ്‍പതുകളില്‍ 19 വയസുമുതലാണ് മദ്യം ഉപയോഗിച്ചിരുന്നതെങ്കില്‍ രണ്ടായിരത്തിലെത്തിയപ്പോള്‍ പതിമൂന്ന് വയസിനുള്ളില്‍ മദ്യപാനം തുടങ്ങുന്നു. കരള്‍കാന്‍സറിന് ചികില്‍സ തേടുന്നവരില്‍ നാലിലൊന്ന്പേര്‍ മദ്യത്തിനൊപ്പം പുകവലിക്ക് കൂടി അടിമകളാണ്. മദ്യവും പുകയിലയും ഒന്നിച്ചുപയോഗിച്ചാല്‍ അര്‍ബുദസാധ്യത പതിന്‍മടങ്ങാണന്ന് കൂടി അറിയുക. 

MORE IN KERALA CAN SEASON 5
SHOW MORE
Loading...
Loading...