കാൻസർ തോൽക്കും ഈ ആത്മവിശ്വാസത്തിന് മുന്നിൽ; സ്വപ്ന ചിറകിലേറി നസ്റ

nasran-09
SHARE

കീഴടക്കാനെത്തിയ കാന്‍സറിനെ ആത്മവിശ്വാസംകൊണ്ട് മറികടന്ന് സ്വന്തം സ്വപ്നങ്ങള്‍ക്കൊപ്പം നടന്നു നീങ്ങുകയാണ് മലപ്പുറം കൊണ്ടോട്ടിക്കടുത്ത നസ്റ കൊട്ടപ്പുറം. സ്വന്തം വേദനക്കൊപ്പം ഏഴു വയസുകാരന്‍ മകനെ ബാധിച്ച തീരാവ്യാധിയും ഈ അമ്മയുടെ ലക്ഷ്യബോധത്തെ തളര്‍ത്തിയില്ല. നസ്റയുടെ കവിതാസമാഹാരം കഴിഞ്ഞ ദിവസമാണ് പ്രകാശനം ചെയ്തത്. 

നസ്റയുടെ ചെറുപ്പം മുതലുളള മോഹമായിരുന്നു സ്വന്തം പേരിലൊരു കവിതാസമാഹാരം. പല കാരണങ്ങള്‍കൊണ്ട് സ്വപ്നം നടക്കാതെ പോയി.  നട്ടെല്ലിന് കാന്‍സര്‍ ബാധിച്ച് വീല്‍ച്ചെയറിലായെങ്കിലും മുന്നോട്ടു തുഴഞ്ഞു നീങ്ങാനുളള ആത്മവിശ്വാസം കൂടിയെന്നാണ് നസ്റയുടെ ഒാരോ ചലനങ്ങളും തെളിയിക്കുന്നത്. മിഴി അടയുബോള്‍ എന്ന പുസ്തകം തുറക്കും മുന്‍പെ ആ വരികള്‍ കാണാം.

സ്വന്തം കഥ വരികളിലെല്ലാം ഒളിഞ്ഞിരിക്കുന്നുണ്ട്. കവിതകള്‍ക്കു പുറമെ  ചിത്രം വരച്ചും പാഴ്്വസ്തുക്കള്‍കൊണ്ട് മനോഹരമായ കരകൗശല വസ്തുക്കള്‍ നിര്‍മിച്ചുമെല്ലാം നസ്റ കയ്യൊപ്പു ചാര്‍ത്തുകയാണ്. 

നട്ടെല്ലിനെ രോഗം ബാധിച്ചതോടെ നാട്ടുകാരുടെ സഹായത്തോടെയാണ് ശസ്ത്രക്രീയ പൂര്‍ത്തിയാക്കിയത്. ഏഴു വയസുളള ഏക മകന്‍ നട്ടെല്ലിനെ ബാധിച്ച രോഗം മൂലം ഒന്നാം വയസു മുതല്‍ തളര്‍ന്നു കിടപ്പിലാണ്. പഞ്ചറുകട നടത്തുന്ന ഭര്‍ത്താവ് ഷബീര്‍ നസറക്ക് താങ്ങും തണലുമായി ഒപ്പമുണ്ട്. രോഗം വന്ന് സാമ്പത്തിക പ്രതിസന്ധിയിലായതോടെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. നസ്റക്ക് വേദന മറക്കാനുളള മരുന്നു കൂടിയാണ് എഴുത്ത്. ഇനിയും ഒരുപാട് കവിതാസമാഹാരങ്ങള്‍ പുറത്തിറക്കാമെന്ന ആത്മവിശ്വാസമാണ് കൂട്ടായി നയിക്കുന്നത്.  

KERALA CAN SEASON 5
SHOW MORE
Loading...
Loading...