ആരോഗ്യ ഇന്ത്യയും കര്‍ഷകക്ഷേമവും ഹൈലൈറ്റ്; പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

Budget-2021-Health
SHARE

കോവിഡ് കാലത്തെ കേന്ദ്ര ബജറ്റില്‍ ആരോഗ്യമേഖലയ്ക്ക് 2.23 ലക്ഷം കോടി രൂപ വകയിരുത്തി. മുന്‍വര്‍ഷത്തേക്കാള്‍ 137 ശതമാനം വര്‍ധന. കോവിഡ് വാക്സീനായി 35,000 കോടി നീക്കി വച്ചു. മുഴുവന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ഉല്‍പാദനച്ചെലവിനേക്കാള്‍ ഒന്നര ഇരട്ടി മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന് പറഞ്ഞ ധനമന്ത്രി നിര്‍മല സീതാരാമന്‍, കര്‍ഷകക്ഷേമത്തിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി.  

ആരോഗ്യ ഇന്ത്യയും കര്‍ഷകക്ഷേമവുമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച മൂന്നാമത്തെ സമ്പൂര്‍ണ ബജറ്റിലെ ഹൈലൈറ്റ്. ആരോഗ്യമേഖലയ്ക്ക് കഴിഞ്ഞ ബജറ്റില്‍ 94,452 കോടിയായിരുന്നു വകയിരുത്തിയതെങ്കില്‍ ഇക്കുറി 2,23,846 കോടി രൂപയായി. വരുംകാല രോഗങ്ങളെ നേരിടുന്നതിനുള്ള ഗവേഷണത്തിനും ആരോഗ്യമേഖലയെ ശക്തിപ്പെടുത്താനുമായി പി.എം. ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതി പ്രഖ്യാപിച്ചു. ആറുവര്‍ഷത്തേക്ക് 64,180 കോടി രൂപയാണ് നീക്കിയിരിപ്പ്. ദേശീയ ആരോഗ്യമിഷനു പുറമേയാണിത്. കോവിഡ് വാക്സീനായി 35,000 കോടിയാണ് നിലവില്‍ പ്രഖ്യാപിച്ചതെങ്കിലും വേണ്ടിവന്നാല്‍ കൂടുതല്‍ പണം വകയിരുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ നിര്‍മിത ന്യൂമോകോക്കല്‍ വാക്സീന്‍ മുഴുവന്‍ സംസ്ഥാനങ്ങളിലും ലഭ്യമാക്കും. നിലവില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമാണ് കിട്ടുന്നത്. 

കാര്‍ഷികനിയമങ്ങളെച്ചൊല്ലിയുള്ള പ്രക്ഷോഭം തുടരുന്നതിനിടെ കര്‍ഷകക്ഷേമത്തിനായി മോദി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ധനമന്ത്രി എണ്ണിപ്പറഞ്ഞു. യു.പി.എ. സര്‍ക്കാരിന്‍റെ കാലത്ത് സംഭരണത്തിനായി ചെലവഴിച്ച തുകയുമായി താരതമ്യം ചെയ്തായിരുന്നു ധനമന്ത്രിയുടെ പ്രസംഗം. ഗോതമ്പ് സംഭരണത്തിനായി നടപ്പു സാമ്പത്തികവര്‍ഷം നല്‍കിയത് 75,060 കോടി. 2013–14 വര്‍ഷം 33,874 കോടിരൂപ മാത്രമായിരുന്നു. നെല്ലുസംഭരണത്തിനായി െചലവിട്ടത് 1,72,752 കോടിരൂപ. കാര്‍ഷിക വായ്പകള്‍ക്കായി പതിനാറലക്ഷം കോടി രൂപ വകയിരുത്തി. 

ദേശീയ ഡിജിറ്റല്‍ കാര്‍ഷികവിപണിയായ ഇ–നാം വിപുലീകരിക്കും. ആയിരം ചന്തകള്‍ കൂടി ഉള്‍പ്പെടുത്തും. എ.പി.എം.സികളുടെ അടിസ്ഥാനസൗകര്യവികസനത്തിനു ഫണ്ട് അനുവദിക്കും.  കോവിഡ്മുക്ത ഇന്ത്യക്കൊപ്പം വരുംകാല മഹാമാരികളെ നേരിടാന്‍ രാജ്യത്തെ സജ്ജമാക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു. അതേസമയം, കര്‍ഷകസമരം തുടരുമ്പോഴും കാര്‍ഷികമേഖലയിലെ പരിഷ്കാരങ്ങളില്‍നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സന്ദേശവും ബജറ്റ് നല്‍കുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...