തലസ്ഥാനം ആര്‍ക്കൊപ്പം? സംസ്ഥാനത്തെ സമ്പൂര്‍ണചിത്രം; സർവേ ഫലം ഉടന്‍

keralam-arkkoppam-845
SHARE

മനോരമ ന്യൂസ്–വിഎംആർ അഭിപ്രായസര്‍വേ അന്തിമഫലം ഇന്ന് 8 മണി മുതല്‍. സംസ്ഥാനത്തെ സമ്പൂര്‍ണചിത്രം ഇന്നറിയാം. 27,000 പേര്‍ പങ്കെടുത്ത കേരളത്തിലെ ഏറ്റവും വലിയ അഭിപ്രായസര്‍വേ. തലസ്ഥാനം ആര്‍ക്കൊപ്പം? തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ  എല്ലാ മണ്ഡലങ്ങളിലെയും ചിത്രം ഇന്ന് അറിയാം.  തൽസമയം മനോരമ ന്യൂസ് വെബ്സൈറ്റിലും യൂട്യൂബിലും കാണാം.

മനോരമന്യൂസ്–വി.എം.ആര്‍ അഭിപ്രായ സര്‍വേയുടെ മൂന്നാം ഘട്ടത്തില്‍ എല്‍.ഡി.എഫിന് മുന്നേറ്റമെന്ന് പ്രവചനം. എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 37 മണ്ഡലങ്ങളില്‍ 22 ഇടങ്ങളില്‍ ഇടതുമുന്നണിക്കും 14 സീറ്റുകളില്‍ യു.ഡി.എഫിനും സാധ്യതയെന്നാണ് സര്‍വെഫലങ്ങള്‍. ഒരു മണ്ഡലത്തില്‍ മൂന്നു മുന്നണികള്‍ക്കും വിജയിക്കാനാവില്ലെന്നും സര്‍വെ വ്യക്തമാക്കുന്നു. 

വികസനം, ജനക്ഷേമം, സുതാര്യഭരണം – വാഗ്ദാനങ്ങളുടെ പട്ടികനിരത്തി ജന വിശ്വാസമാര്‍ജിക്കാനുള്ള പടക്കളത്തിലാണ് രാഷ്ട്രീയ കേരളം. വാഗ്ദാനങ്ങളും സ്ഥാനാര്‍ഥികളും വരുംമുമ്പേ അനുഭവവും കാഴ്ചപ്പാടും ചേര്‍ത്തുവച്ച് കേരളജനത കോറിയിട്ട തിരഞ്ഞെടുപ്പ് സാധ്യതകളുടെ മൂന്നാംഘട്ടവും സര്‍ക്കാരിന് ആശ്വാസമേകുന്നതാണ്. പരമ്പരാഗത രാഷ്ട്രീയ ആഭിമുഖ്യം പ്രദര്‍ശിപ്പിക്കുമ്പോഴും കാമ്പുള്ള  രാഷ്ട്രീയത്തെക്കൂടി മറക്കാത്ത എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട  ജില്ലകളിലെ 37 മണ്ഡലങ്ങളിലെ സാധ്യതകളാണ് അഭിപ്രായ സര്‍വെയുടെ മൂന്നാംഘട്ടത്തില്‍ പുറത്തുവന്നത്.  

എറണാകുളം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളില്‍ എട്ടിടത്ത് യു.ഡി.എഫും ആറിടത്ത് എല്‍.ഡി.എഫും എന്നാണ് സര്‍വെഫലം.  കടുത്ത മല്‍സരത്തിനൊടുവില്‍ പെരുമ്പാവൂരില്‍ യു.ഡി.എഫ് മുന്നിലെത്തും. 3.8 ശതമാനം മാത്രമാണ് പെരുമ്പാവൂരില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള വോട്ടുവത്യാസം. മണ്ഡലം നിലനിര്‍ത്താന്‍ അങ്കമാലിയിലും യു.ഡി.എഫിന് നേരിടേണ്ടിവരുന്നത് അഗ്നിപരീക്ഷയാണ്. 5.20 ശതമാനം വോട്ടുകളുടെ മേല്‍ക്കൈയാണ് യു.ഡി.എഫിന് മണ്ഡലത്തില്‍ പ്രവചിക്കപ്പെടുന്നത്.  ആലുവ ഇക്കുറിയും യു.ഡി.എഫിനൊപ്പെന്നാണ്  അഭിപ്രായസര്‍വെ നല്‍കുന്ന സൂചന. മല്‍സരഫലം കേരളം ഉറ്റുനോക്കുന്ന കളമശേരിയില്‍ എല്‍.ഡി.എഫിന്റെ അട്ടിമറി മുന്നേറ്റവും  സര്‍വെയുടെ പ്രവചിക്കുന്നു. 

കടുത്ത പോരാട്ടത്തിനൊടുവില്‍ പറവൂര്‍ മണ്ഡലത്തിലും യു.ഡി.എഫ് മുന്നിലെത്തും. എല്‍.ഡി.എഫുമായുള്ള വോട്ടുവത്യാസം ഇവിടെ  3.5 ശതമാനം മാത്രമാണ്. വൈപ്പിന്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫിന് തന്നെയാണ് മേല്‍ക്കൈയെന്നാണ് സര്‍വെ നല്‍കുന്ന സൂചനകള്‍. കൊച്ചിയാണ്  യു.ഡി.എഫ്  മുന്നേറ്റം പ്രവചിക്കപ്പെടുന്ന മറ്റൊരു മണ്ഡലം. കടുത്ത രാഷ്ട്രീയ മല്‍സരത്തില്‍ കേവലം 0.67 ശതമാനം വോട്ടുകളുടെ നാമമാത്രമായ വ്യത്യാസമാണ് എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ളത്. 

ഉപതിരഞ്ഞെടുപ്പിലെ വിജയം ഭാഗ്യംകൊണ്ടാണെന്ന അപവാദം കേള്‍ക്കേണ്ടിവന്ന യു.ഡി.എഫിന് എറണാകുളത്തുകാരുടെ പിന്തുണ ഒരിക്കല്‍ക്കൂടി നേടി ആശ്വസിക്കാന്‍ വകയുണ്ടെന്ന് അഭിപ്രായസര്‍വെ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കേവലം 4.3 ശതമാനം വോട്ടുകളുടെ മുന്‍തൂക്കം മാത്രമേ അവകാശപ്പെടാനുള്ളൂ എന്നത് മണ്ഡലത്തിലെ മല്‍സരത്തിന്റെ സ്വഭാവം വരച്ചിടുന്നു. ജില്ലയില്‍ എല്‍.ഡി.എഫ് അട്ടിമറി സ്വഭാവമുള്ള മുന്നേറ്റം നടത്തുമെന്ന് പ്രവചിക്കപ്പെടുന്ന  രണ്ടാമത്തെ മണ്ഡലം തൃക്കാക്കരയാണ് . കുന്നത്തുനാട്ടിലും പിറവത്തും ഇത്തവണയും യു.ഡി.എഫ് മുന്നിലെത്തുമെന്ന് പ്രവചിക്കപ്പെടുമ്പോള്‍ മൂവാറ്റുപുഴയിലും  കോതമംഗലത്തും  ഇടതുപക്ഷ മുന്നേറ്റമാണ് സര്‍വെ പ്രവചിക്കുന്നത്. 

എറണാകുളം ജില്ലയിലാകെ എല്‍.ഡി.എഫ്  43.42 ശതമാനവും യു.ഡി.എഫ് 42.01 ശതമാനവും എന്‍.ഡി.എ 11.59 ശതമാനവും  മറ്റുള്ളവര്‍ 2.97 ശതമാനവും വോട്ടുവിഹിതം നേടുമെന്നാണ് സര്‍വെയുടെ കണ്ടെത്തല്‍ 

കോട്ടയം

കേരള കോണ്‍ഗ്രസിന്റെ മുന്നണിമാറ്റമുണ്ടാക്കുന്ന രാഷ്ട്രീയ ചലനങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിക്കപ്പെടുന്ന കോട്ടയത്ത് ഇടതുമുന്നണി വ്യക്തമായ ആധിപത്യം നേടുമെന്നാണ് അഭിപ്രായ സര്‍വെയുടെ പ്രവചനം. ഒന്‍പത് സീറ്റുകളുള്ള ജില്ലയില്‍ ആറിടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും ഒരിടത്ത് മറ്റുള്ളവരും മുന്നിലെത്തും . കടുത്ത രാഷ്ട്രീയ ബലപരീക്ഷണം നടക്കുന്ന പാലായില്‍  ഇക്കുറി ഇടതുമുന്നണി മുന്നിലെത്തുമെന്നാണ് സര്‍വെയുടെ കണ്ടെത്തല്‍. 0.57 ശതമാനത്തിന്റെ നേരിയ മേല്‍ക്കൈ മാത്രമാണ് എല്‍.ഡി.എഫിന് പ്രവചിക്കപ്പെടുന്നത്.  

കടുത്തുരുത്തി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന്റെ അട്ടിമറി സ്വഭാവമുള്ള മുന്നേറ്റവും  സര്‍വെ പ്രവചിക്കുന്നു. വൈക്കവും ഏറ്റുമാനൂരും ഇടതുമുന്നണയിലുള്ള വിശ്വാസം ഇക്കുറിയും മുറുകെ പിടിക്കുമെന്നും അഭിപ്രായ സര്‍വെ ചൂണ്ടിക്കാട്ടുന്നു.  പരമ്പരാഗത ശക്തികേന്ദ്രങ്ങളായ പുതുപ്പള്ളിയും കോട്ടയവുമാണ് ജില്ലയില്‍ യു.ഡി.എഫിന്റെ ബാലന്‍സ് ഷീറ്റില്‍ മുന്നേറ്റം അടയാളപ്പെടുത്തുന്ന രണ്ട് മണ്ഡലങ്ങള്‍. കോട്ടയത്ത് എല്‍.ഡി.എഫുമായി 5.7 ശതമാനം വോട്ടുകളുടെ മാത്രം വ്യത്യാസമാണ് യു.ഡി.എഫിനുള്ളത്. എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും എന്‍.ഡി.എയെയും നിരാകരിച്ച 2016 ലെ ചരിത്രം പൂഞ്ഞാര്‍ മണ്ഡലം ഇക്കുറിയും ആവര്‍ത്തിക്കുമെന്നും സര്‍വെ വ്യക്തമാക്കുന്നു. ജില്ലയിലാകെ എല്‍.ഡി.എഫിന് 44.64 ശതമാനവും യു.ഡി.എഫിന് 32.17 ഉം എന്‍.ഡി.എയ്ക്ക് 17.70 ശതമാനവും മറ്റുള്ളവര്‍ 5.48 ശതമാനവും വോട്ടുവിഹിതം നേടുമെന്നാണ് സര്‍വെയുടെ കണ്ടെത്തല്‍. 

ആലപ്പുഴ

ആലപ്പുഴയിലെ ഒന്‍പതില്‍ അഞ്ച് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും നാലിടത്ത് യു.ഡി.എഫും മുന്നിലെത്തുമെന്നാണ് അഭിപ്രായസര്‍വെയുടെ കണ്ടെത്തല്‍.  അരൂരില്‍  എല്‍.ഡി.എഫ് മുന്നിലെത്തുമെന്നാണ്  സര്‍വെയുടെ കണ്ടെത്തല്‍. ചേര്‍ത്തലയിലെ ഇടത് തേരോട്ടത്തിന് ഇക്കുറി വന്‍ മുന്നേറ്റത്തിലൂടെ  യു.ഡി.എഫ് തടയിടുമെന്നും അഭിപ്രായസര്‍വെ ചൂണ്ടിക്കാട്ടുന്നു. 

ആലപ്പുഴയിലാണ് മറ്റൊരു രാഷ്ട്രീയ അട്ടിമറി പ്രവചിക്കപ്പെടുന്നത്. കടുത്ത രാഷ്ട്രീയപ്പോരാട്ടത്തിന് ഒടുവില്‍ കേവലം 3.16 ശതമാനം വോട്ടുകളുടെ മാത്രം വ്യത്യാസത്തില്‍ ആലപ്പുഴ യു.ഡി.എപിനെ മുന്നിലെത്തിക്കുമെന്നും പ്രവചിക്കപ്പെടുന്നു.  സിറ്റിങ് സീറ്റുകളായ അമ്പലപ്പുഴ, കായംകുളം, ചെങ്ങന്നൂര്‍, മാവേലിക്കര മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ഒന്നാമതെത്തും. അതേസമയം ജില്ലയിലെ മറ്റൊരു വമ്പന്‍ അട്ടിമറിയിലൂടെ കുട്ടനാട്ടില്‍ യു.ഡി.എഫ് മുന്നിലെത്തുമെന്നും അഭിപ്രായ സര്‍വെ ചൂണ്ടിക്കാട്ടുന്നു. 

ആലപ്പുഴയില്‍ എല്‍.ഡി.എഫിന് 42.2 ശതമാനവും യു.ഡി.എഫിന് 39.07 ശതമാനവും എന്‍.ഡി.എയ്ക്ക് 16.45 ശതമാനവും മറ്റുള്ളവര്‍ക്ക് 1.28 ശതമാനവുമാണ് സര്‍വെ പ്രവചിക്കുന്ന വോട്ടുവിഹിതം.

കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നേടിയ സമ്പൂര്‍ണ ആധിപത്യം എല്‍.ഡി.എഫ് ഇക്കുറിയും ആവര്‍ത്തിക്കുമെന്നാണ് അഭിപ്രായ സര്‍വെയുടെ കണ്ടെത്തല്‍. തിരുവല്ല, റാന്നി, കോന്നി, ആറന്മുള, അടൂര്‍ മണ്ഡലങ്ങള്‍ ഇടതുപക്ഷത്തിന് രാഷ്ട്രീയ ഹൃദയത്തില്‍ ഇടമൊരുക്കുമെന്നാണ് സര്‍വെയുടെ കണ്ടെത്തല്‍. ജില്ലയില്‍ സമഗ്രാധിപത്യ സ്വഭാവം കാട്ടുമ്പോഴും അടൂര്‍ മണ്ഡലത്തില്‍ കടുത്ത പരീക്ഷണമാണ് ഇടതുമുന്നണി നേരിടുന്നത്. 4.5 ശതമാനം വോട്ടുകളുടെ നേരിയ വ്യത്യാസം മാത്രമാണ് ഇവിടെ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ളത്. കോന്നിയില്‍ യു.ഡി.എഫിനും എന്‍.ഡി.എയും വോട്ടുവിഹിതത്തില്‍ ഏറെക്കുറെ ഒപ്പത്തിനൊപ്പമെത്തുമെന്ന നിരീക്ഷണവും അഭിപ്രായസര്‍വെ പങ്കുവയ്ക്കുന്നു. 

എല്‍.ഡി.എഫിന് 45.81 ശതമാനം, യു.ഡി.എഫിന് 33.43 ശതമാനം , എന്‍.ഡി.എ 20.57 ശതമാനം,  മറ്റുള്ളവര്‍ 0.19 ശതമാനം എന്നിങ്ങനെയാണ് ജില്ലയിലെ വോട്ടുവിഹിതത്തെക്കുറിച്ചുള്ള സര്‍വെയുടെ പ്രവചനം. 

തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമുള്ളതും വോട്ടര്‍മാരെ സ്വാധീനിക്കാനിടയുള്ളതുമായ കാതലായ ചില വിഷയങ്ങളിലും വോട്ടര്‍മാരുടെ അഭിപ്രായം സര്‍വെയിലൂടെ പുറത്തുവന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം എങ്ങനെയെന്ന ചോദ്യത്തിന് വളരെ നല്ലതെന്ന് 17 ശതമാനവും നല്ലതെന്ന് 35 ശതമാനവും  ശരാശരിയെന്ന് 31 ശതമാനവും മോശമെന്ന് 13 ശതമാനവും വളരെ മോശമെന്ന് നാലുശതമാനവും പേര്‍ പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം വളരെ നല്ലതെന്ന് 8 ശതമാനവും നല്ലതെന്ന് 25 ശതമാനവും ശരാശരിയെന്ന് 41 ശതമാനവും മോശമെന്ന് 18 ശതമാനവും വളരെ മോശമെന്ന് 8 ശതമാനവും പേര്‍ അഭിപ്രായമറിയിച്ചു.

സാമൂഹ്യക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ എല്‍.ഡി.എഫാണ് നല്ലതെന്ന് 47 ശതമാനം വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. യു.ഡി.എഫിനെ 40 ശതമാനവും എന്‍.ഡി.എയെ 10 ശതമാനവും മറ്റുള്ളവരെ മൂന്ന് ശതമാനവും വോട്ടര്‍മാര്‍ പിന്തുണച്ചു. ജോസ് കെ.മാണിയുടെ മുന്നണിമാറ്റം യു.ഡി.എഫിന് നഷ്ടമുണ്ടാക്കുമെന്ന് 42 ശതമാനംപേരും അഭിപ്രായപ്പെട്ടു.  നഷ്ടമുണ്ടാക്കില്ലെന്ന് 26 ശതമാനവും അറിയില്ലെന്ന് 32 ശതമാനവും പേര്‍ പ്രതികരിച്ചു. 

മൂന്ന് ഘട്ടങ്ങളിലായി പന്ത്രണ്ട് ജില്ലകളിലെ 115 മണ്ഡലങ്ങളിലെ അഭിപ്രായ സര്‍വെഫലം പുറത്തുവന്നപ്പോള്‍ എല്‍.ഡി.എഫിന് 63 സീറ്റും യു.ഡി.എഫിന് 50 സീറ്റും എന്‍.ഡി.എയ്ക്കും മറ്റുള്ളവര്‍ക്കും ഓരോ സീറ്റുകള്‍ വീതവുമാണ് ഇതുവരെ പ്രവചിക്കപ്പെട്ടത്. 

MORE IN PRE-POLL SURVEY 2021
SHOW MORE
Loading...
Loading...