നാലാം ഘട്ടത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം; 25ല്‍ 19ലും മുന്നിലെന്ന് സര്‍വേ

neyyatinkara-03
SHARE

മനോരമന്യൂസ്–വി.എം.ആര്‍ അഭിപ്രായ സര്‍വേയുടെ അവസാനഘട്ടത്തില്‍ എല്‍.ഡി.എഫിന് മുന്നേറ്റമെന്ന് പ്രവചനം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 25 മണ്ഡലങ്ങളില്‍ 19 ലും ഇടതുമുന്നണി മുന്നിലെത്തുമെന്ന് അഭിപ്രായസര്‍വെ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍ എന്‍.ഡി.എയ്ക്ക് അനുകൂല സാഹചര്യങ്ങളുണ്ടെന്നും സര്‍വെഫലങ്ങള്‍ വ്യക്തമാക്കുന്നു. 

മണ്ഡലങ്ങളുടെ എണ്ണംകൊണ്ടും ജനപക്ഷ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്ന പാരമ്പര്യംകൊണ്ടും സമ്പന്നമായ രണ്ട് ജില്ലകള്‍. കേരളം ആരുഭരിക്കും എന്ന് നിശ്ചയിക്കാന്‍ കെല്‍പ്പുള്ള ഉറച്ച രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ജനവിധിയിലൂടെ വരച്ചിട്ട ചരിത്രമുള്ള രണ്ട് ജില്ലകള്‍. തിരുവന്തപുരം, കൊല്ലം. തെക്കന്‍ കേരളത്തിലെ ഈ ജില്ലകളിലെ 25 മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ ഉള്ളിലിരിപ്പിന്റെ ഉള്ളറകള്‍ വെളിവാകുമ്പോഴും ഇടതുമുന്നണിക്ക് ആശ്വാസത്തിന് വകയുണ്ടെന്നാണ് മനോരമ ന്യൂസ് – വി.എം.ആര്‍ അഭിപ്രായ സര്‍വെഫലങ്ങള്‍ നല്‍കുന്ന സൂചനകള്‍. 

കൊല്ലം 

കൊല്ലം ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളില്‍ ഏഴിടത്ത് എല്‍.ഡി.എഫ് മുന്നിലെത്തുമാണ് സര്‍വെയുടെ കണ്ടെത്തല്‍.  കരുനാഗപ്പള്ളിയില്‍ എല്‍.ഡി.എഫ് മുന്നേറ്റം നടത്താനുള്ള സാധ്യതകള്‍ക്ക് സര്‍വെ അടിവരയിടുന്നു. ചവറയില്‍ യു.ഡി.എഫ് അട്ടിമറി സ്വഭാവമുള്ള മുന്നേറ്റം നടത്തുമെന്നാണ് പ്രവചനം 

കുന്നത്തൂരിലെ സാഹചര്യങ്ങളും യു.ഡി.എഫിന് അനുകൂലമാകുമെന്നാണ് സര്‍വെ ഫലം നല്‍കുന്ന സൂചന. കൊട്ടാരക്കര മണ്ഡലം എല്‍.ഡി.എഫിനോടുള്ള ആഭിമുഖ്യം നിലനിര്‍ത്താനുള്ള സാധ്യതകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പത്തനാപുരത്ത് മറിച്ചൊരു ചിത്രമാണ് സര്‍വെഫലങ്ങള്‍ നല്‍കുന്നത് 

പുനലൂര്‍ മണ്ഡലം ശക്തമായ പോരാട്ടവേദിയാകുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. മണ്ഡലത്തില്‍ എല്‍.ഡി.എഫ് മുന്നിലെത്തുമെന്ന് പ്രവചിക്കപ്പെടുമ്പോഴും യു.ഡി.എഫുമായുള്ള വോട്ടുവ്യത്യാസം കേവലം .7 ശതമാനം മാത്രമാണ്. ചടയമംഗലം മണ്ഡലം നല്‍കുന്ന മുന്നേറ്റ സൂചനയിലും എല്‍.ഡി.എഫ് തന്നെയാണ് ഒന്നാമത്. അതേസമയം കേട്ടുകള്‍വികളെ തകിടംമറിച്ച് ഇവിടെ എന്‍.ഡി.എ രണ്ടാമതെത്തുമെന്നും സര്‍വെ ഫലസൂചനകള്‍ ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫ് അട്ടിമറി സ്വഭാവത്തോടെയുള്ള മുന്നേറ്റം കാഴ്ചവയ്ക്കും എന്ന് ചൂണ്ടിക്കാട്ടപ്പെടുന്ന ജില്ലയിലെ മറ്റൊരു മണ്ഡലം കുണ്ടറയാണ്

കൊല്ലം മണ്ഡലവും ശക്തമായ പോരാട്ടവേദിയാവുമെന്നാണ് അഭിപ്രായസര്‍വെ നല്‍കുന്ന സൂചന. എല്‍.ഡി.എഫ് മുന്നിലെത്തുമെന്ന് പ്രവചിക്കപ്പെടുമ്പോഴും യു.ഡി.എഫുമായുള്ള വോട്ടുവ്യത്യാസം കേവലം 2.2 ശതമാനം മാത്രമാണ്. ഇരവിപുരം മണ്ഡലത്തിലും രാഷ്ട്രീയ സാഹചര്യം ഇടതുമുന്നണിക്ക് അനുകൂലമാകുമെന്നാണ് സര്‍വെ നല്‍കുന്ന ഫലസൂചന.  ഇവിടെ യു.ഡി.എഫുമായുള്ള വോട്ടുവ്യത്യാസം കേവലം 2.9 ശതമാനം മാത്രമാണ് എന്നത് മണ്ഡലത്തിലെ രാഷ്ട്രീയ ബലാബലത്തിന്റെ തീവ്രത വരച്ചുകാട്ടുന്നു. ചാത്തന്നൂര്‍ മണ്ഡലവും ഇടതുമുന്നണിയുടെ മുന്നേറ്റ സാധ്യത പ്രദര്‍ശിപ്പിക്കുമ്പോള്‍ രണ്ടാംസ്ഥാനത്തേക്കുള്ള എന്‍.ഡി.എയുടെ മുന്നേറ്റത്തിനും ഏറെ രാഷ്ട്രീയ മാനങ്ങള്‍ കല്‍പ്പിക്കപ്പെടുന്നു. 

തിരുവനന്തപുരം

തലസ്ഥാനജില്ലയിലെ പതിനാല് മണ്ഡലങ്ങളില്‍ പന്ത്രണ്ടിലും എല്‍.ഡി.എഫ് മുന്നിലെത്താനുള്ള സാധ്യതകളിലേക്കാണ് അഭിപ്രായ സര്‍വെ വിരല്‍ ചൂണ്ടുന്നത്. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട് മണ്ഡലങ്ങളില്‍ ഇടതുമുന്നണി മുന്നിലെത്തിയേക്കാം. വാമനപുരത്തും കഴക്കൂട്ടത്തും എല്‍.ഡി.എഫിന്റെ തന്നെ മുന്നേറ്റമുണ്ടാകാനുള്ള സാധ്യതകളിലേക്കാണ് സര്‍വെ വിരല്‍ചൂണ്ടുന്നത്. വട്ടിയൂര്‍ക്കാവിലും ഇടതുമുന്നേറ്റമാണ് പ്രവചിക്കപ്പെടുന്നത്. തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍.ഡി.എയുടെ മുന്നേറ്റം സര്‍വെ പ്രവചിക്കുന്നു. എല്‍.ഡി.എഫുമായി 2.1 ശതമാനം വോട്ടുകളുടെ മാത്രം വ്യത്യാസത്തിലാണ് ഭരണസിരാകേന്ദ്രം ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ എന്‍.ഡി.എ ഒന്നാമത്തെത്താനുള്ള സാധ്യത അഭിപ്രായസര്‍വെ ചൂണ്ടിക്കാട്ടുന്നത്. 

സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടവേദിയായ നേമം മണ്ഡലത്തിലും എന്‍.ഡി.എയുടെ  മുന്നിലെത്താന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. കടുത്ത മല്‍സരത്തിന്റെ തീവ്രതയത്രയും വ്യക്തമാക്കി 0.10 ശതമാനം വോട്ടുകളുടെ നേരിയ വ്യത്യാസം മാത്രമാണ്  രണ്ടാം സ്ഥാനത്തുള്ള എല്‍.ഡി.എഫും എന്‍.ഡി.എയും തമ്മിലുള്ളത്. 

അരുവിക്കര, പാറശാല, കാട്ടാക്കട മണ്ഡലങ്ങളിലും ഇടതുമുന്നണിയുടെ മുന്നേറ്റസാധ്യത സര്‍വെ പ്രവചിക്കുന്നു. കോവളത്തും നെയ്യാറ്റിന്‍കരയിലും ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് അഭിപ്രായ സര്‍വെയുടെ അന്തിമഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇരുമണ്ഡലങ്ങളിലും എല്‍.ഡി.എഫ് മുന്നിലെത്താനുള്ള സാധ്യതകള്‍ പ്രവചിക്കപ്പെടുമ്പോഴും കോവളത്ത്  4.4 ശതമാനവും നെയ്യാറ്റിന്‍കരയില്‍ 5.9 ശതമാനവും മാത്രമാണ് യു.ഡി.എഫുമായുള്ള വോട്ടുവ്യത്യാസം. 

MORE IN Pre-poll survey
SHOW MORE
Loading...
Loading...