രണ്ടാം ഘട്ടത്തില്‍ യുഡിഎഫ് മുന്നേറ്റമെന്ന് പ്രവചനം; ഒരു ജില്ലയില്‍ എല്‍ഡിഎഫ്

survey-day-two-04
SHARE

മനോരമ ന്യൂസ്–വിഎംആര്‍ അഭിപ്രായ സര്‍വേയുടെ രണ്ടാംഘട്ടത്തില്‍ യുഡിഎഫിന് മുന്നേറ്റമെന്ന് പ്രവചനം. മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ 46 മണ്ഡലങ്ങളില്‍ 32 ലും യു.ഡി.എഫിന് സാധ്യതയെന്നാണ് സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നത്. കടുത്ത രാഷ്ട്രീയപോരാട്ടം നടക്കുന്ന പലമണ്ഡലങ്ങളും അട്ടിമറിയിലൂടെ യു.ഡി.എഫിന് സ്വന്തമാകുമെന്നും സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സമഗ്രചിത്രം തെളിയുന്ന വിഡിയോ കാണാം. 

അഭിപ്രായ സര്‍വേ ഫലങ്ങള്‍ തിരഞ്ഞെടുപ്പ് അട്ടിമറിയാണെന്ന് ആരോപിച്ച് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചദിവസത്തില്‍ യാദൃശ്ചികമായി അവരെ കാത്തിരുന്നത് ആശ്വാസത്തിന്റെ കണക്കുകളാണ്. തിരഞ്ഞെടുപ്പ് പ്രവണതകളുടെ ദിശാസൂചിയാകും എന്ന് അനുഭവസാക്ഷ്യങ്ങള്‍ അടിവരയിടുന്ന നാലു ജില്ലകളിലെ 46 മണ്ഡലങ്ങളില്‍ 32 ലും യു.ഡി.എഫ് മുന്നിലെത്തുമെന്നാണ് മനോരമ ന്യൂസ് – വി.എം.ആര്‍ അഭിപ്രായ സര്‍വേയുടെ രണ്ടാംഘട്ടം പ്രവചിക്കുന്നത്.

മലപ്പുറം 

മലപ്പുറം ജില്ലയിലെ പതിനാറ് മണ്ഡലങ്ങളില്‍ പതിനഞ്ചും യു.ഡി.എഫിനെ തുണയ്ക്കും. നിലമ്പൂര്‍ അട്ടിമറിയിലൂടെ യു.ഡി.എഫ് തിരിച്ചുപിടിക്കും. കൊണ്ടോട്ടിയും ഏറനാടും വണ്ടൂരും കോട്ടയ്ക്കലും നിലനിര്‍ത്തും. പെരിന്തല്‍മണ്ണയും മങ്കടയും മലപ്പുറവും വേങ്ങരയും വള്ളിക്കുന്നും യു.ഡി.എഫിനെത്തന്നെ വരിക്കും.  ലീഗ് ശക്തികേന്ദ്രമായ മഞ്ചേരിയില്‍ കടുത്ത മല്‍സരമാണ് യു.ഡി.എഫ് നേരിടുന്നത്. സീറ്റ് നിലനിര്‍ത്തും എന്ന് അന്തിമഫലം വരുമ്പോഴും മഞ്ചേരിയില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള വോട്ടുവത്യാസം 3.9 മാത്രമാണ്.

സമാനമായ അഗ്നിപരീക്ഷയാണ് തിരൂരിലും യു.ഡി.എഫിനെ കാത്തിരിക്കുമ്പോഴും. വിജയിക്കുമ്പോള്‍ പോലും എല്‍.ഡി.എഫുമായുള്ള വോട്ടുവ്യത്യാസം 0.97 ശതമാനത്തിലേക്ക് ചുരുങ്ങുന്നു. തിരൂരില്‍ നിന്ന് തിരൂരങ്ങാടിയില്‍ എത്തുമ്പോഴും യു.ഡി.എഫിനെ കാത്തിരിക്കുന്നത് വിയര്‍ത്തുനേടുന്ന വിജയമാണ്. ഇവിടെ 2.9 ശതമാനം മാത്രമാണ് എല്‍.ഡി.എഫുമായുള്ള വോട്ടുവത്യാസം. മണ്ഡലം നിലനിര്‍ത്താന്‍ എല്‍.ഡി.എഫും തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും കടുത്ത പോരാട്ടം നടത്തുന്ന പൊന്നാനിയില്‍ 5.3 ശതമാനം വോട്ടുകളുടെ മേല്‍ക്കൈയോടെ യു.ഡി.എഫ് തന്നെ അട്ടിമറിജയം നേടും. താനൂര്‍ കൂടി തിരിച്ചുപിടിച്ച് ജില്ലയില്‍ ആധികാരിക രാഷ്ട്രീയ മുന്നേറ്റം യു.ഡി.എഫ് നടത്തുമെന്നും സര്‍വെഫലം വ്യക്തമാക്കുന്നു. മലപ്പുറം ജില്ലയില്‍ എല്‍.ഡി.എഫ് നേടുന്ന ആശ്വാസജയം തവനൂരില്‍ മാത്രമാണ്. മലപ്പുറം ജില്ലയിലാകെ 48.22 ശതമാനമാണ് യു.ഡി.എഫിന്റെ വോട്ടുവിഹിതം. എല്‍.ഡി.എഫ് 39.15 ശതമാനവും എന്‍.ഡി.എ 9.34 ശതമാനവും മറ്റുള്ളവര്‍ 3.29 ശതമാനവും വോട്ടുവിഹിതം നേടും. 

പാലക്കാട്

വേനല്‍ച്ചൂടിനെ നിഷ്പ്രഭമാക്കുന്ന രാഷ്ട്രീയപോരാട്ടച്ചൂടാണ് പാലക്കാടിനെ കാത്തിരിക്കുന്നതെന്ന് അഭിപ്രായ സര്‍വെഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ പന്ത്രണ്ടില്‍ ഏഴിടത്ത് യു.ഡി.എഫിനും അഞ്ചിടത്ത് എല്‍.ഡി.എഫിനും അഭിപ്രായസര്‍വെ ജയസാധ്യത കല്‍പ്പിക്കുന്നു.  ഇരുമുന്നണികളുടെയും പ്രബലര്‍ ഏറ്റുമുട്ടുന്ന തൃത്താല 5.5 ശതമാനത്തിന്റെ നേരിയ മേല്‍ക്കൈയോടെ യു.ഡി.എഫ് നിലനിര്‍ത്തുമെന്നാണ് സര്‍വെഫലങ്ങള്‍ വ്യക്തമാക്കുന്നത്. 

ഷൊര്‍ണൂരിലെ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റ്  2.07 ശതമാനം വോട്ടുകളുടെ മാത്രം മേല്‍ക്കൈയോടെ യു.ഡി.എഫ് പിടിച്ചെടുക്കുമെന്നാണ് പ്രവചനം. പട്ടാമ്പിയിലും ഒറ്റപ്പാലത്തും ഇടതുമുന്നണി വിജയരഥം തെളിക്കും. കൊങ്ങാട് മണ്ഡലത്തിലും യു.ഡി.എഫിന്റെ അട്ടിമറിജയമാണ് സര്‍വെ പ്രവചിക്കുന്നത്. മണ്ണാര്‍ക്കാട് ഇത്തവണയും യു.ഡി.എഫിനൊപ്പം നില്‍ക്കും.  ജില്ലയിലെ പ്രബലമായ മല്‍സരക്കളങ്ങളില്‍ ഒന്നായ മലമ്പുഴയിലെ ഇടതുകോട്ട ഇക്കുറിയും ഭദ്രമായിരിക്കുമെന്നും സര്‍വെ വ്യക്തമാക്കുന്നു. ജില്ലയിലെയും സംസ്ഥാനത്തെയും ശക്തമായ ത്രികോണ മല്‍സരത്തിന് വേദിയാകുന്ന പാലക്കാട് മണ്ഡലത്തിലും അന്തിമഫലം യു.ഡി.എഫിന് അനുകൂലമാണ്. പാലക്കാട് 5.38 ശതമാനം വോട്ടുകളുടെ ആധിപത്യമാണ് പാലക്കാടിനെ യു.ഡി.എഫിന്റെ കയ്യില്‍ നിലനിര്‍ത്തുന്നത്. 

സര്‍വെയുടെ ഫലപ്രകാരം ജില്ലയെ കാത്തിരിക്കുന്ന രണ്ട് രാഷ്ട്രീയ അട്ടിമറി സാധ്യതകള്‍ തരൂരിലും നെന്മാറയിലുമാണ്. രണ്ടിടത്തും യു.ഡി.എഫ്  വിജയക്കൊടിപാറിക്കുമെന്നാണ് സര്‍വെയുടെ പ്രവചനം. തരൂരില്‍ 1.87 ശതമാനത്തിന്റെ നേരിയ വ്യത്യാസത്തിലാണ് യു.ഡി.എഫിന്റെ വിജയസാധ്യത ചൂണ്ടിക്കാട്ടപ്പെടുന്നത്.  

ചിറ്റൂരും ആലത്തൂരും  എല്‍.ഡി.എഫ് മുന്നിലെത്തും.  സീറ്റുകളുടെ എണ്ണത്തില്‍ പിന്നില്‍ പോകുമെങ്കിലും പാലക്കാട് ജില്ലയില്‍  41.96 ശതമാനം ജനപിന്തുണയുമായി വോട്ടുവിഹിതത്തില്‍ എല്‍.ഡി.എംഫ് തന്നെയാണ് മുന്നില്‍. യു.ഡി.എഫിന് 37.75 ശതമാനമാണ് യു.ഡി.എഫിന്റെ വോട്ടുവിഹിതം. എന്‍.ഡി.എയ്ക്ക് 19.71 ശതമാനം വോട്ടര്‍മാരുടെ പിന്തുണയുണ്ട്.  

തൃശൂർ

തൃശൂരിലെ മല്‍സരക്കളത്തില്‍ കഴിഞ്ഞതവണയുണ്ടായിരുന്ന സമഗ്രാധിപത്യം ഇക്കുറി എല്‍.ഡി.എഫിനില്ലെന്നാണ് മനോരമ ന്യൂസ്– വി.എം.ആര്‍ അഭിപ്രായ സര്‍വേയുടെ അന്തിമഫലം വ്യക്തമാക്കുന്നത്. ജില്ലയില്‍ എട്ടുസീറ്റുകള്‍ എല്‍.ഡി.എഫും അഞ്ചുസീറ്റുകള്‍ യു.ഡി.എഫും നേടുമെന്നാണ് സര്‍വെയുടെ പ്രവചനം. ചേലക്കര, കുന്നംകുളം, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ യു.ഡി.എഫിന്റെ അട്ടിമറിജയസാധ്യതയുണ്ടെന്നാണ് സര്‍വെയിലെ കണ്ടെത്തല്‍. 

വടക്കാഞ്ചേരിയിലെ ശക്തമായ മല്‍സരത്തില്‍ യു.ഡി.എഫ് മേല്‍ക്കൈ നേടുമെന്നും സര്‍വെ പ്രവചിക്കുന്നു.  ഒല്ലൂര്‍ കടുത്ത മല്‍സരത്തിനൊടുവില്‍ യു.ഡി.എഫ് പിടിച്ചെടുക്കുമെന്നാണ് അഭിപ്രായ സര്‍വെയുടെ കണ്ടെത്തല്‍. തൃശൂര്‍ മണ്ഡലത്തിന് എല്‍.ഡി.എഫിലുള്ള വിശ്വാസം ഇക്കുറിയും ഭദ്രമെന്നും സര്‍വെഫലം അടിവരയിടുന്നു.  തൃശൂരിന് പുറമെ നാട്ടികയും കൈപ്പമംഗലവും എല്‍.ഡി.എഫ് നിലനിര്‍ത്തും. ഇരിങ്ങാലക്കുടയും പുതുക്കാടും ഇടതുമുന്നണിയെ തുണയ്ക്കും. ചാലക്കുടിയിലെ കടുത്ത മല്‍സരത്തിന്റെ അന്തിമഫലവും ഇടതുമുന്നണിക്ക് അനുകൂലമാണ്. കൊടുങ്ങല്ലൂരിലെ വിജയം ഇക്കുറിയും ആവര്‍ത്തിക്കും. യു.ഡി.എഫിനേക്കാള്‍ 4.71 ശതമാനം അധികം വോട്ടുവിഹിതമാണ് തൃശൂരില്‍ എല്‍.ഡി.എഫ് നേടുന്നത്. 41.85 ശതമാനമാണ് എല്‍.ഡി.എഫിന്റെ ജില്ലയിലെ വോട്ടുവിഹിതം. യു.ഡി.എഫിന് 37.14 ശതമാനവും എന്‍.ഡി.എയ്ക്ക് 19.52 ശതമാനവും മറ്റുള്ളവര്‍ക്ക് 1.49 ശതമാനവും വോട്ടുകള്‍ ലഭിക്കുമെന്ന് സര്‍വെ പ്രവചിക്കുന്നു

ഇടുക്കി

ഇടുക്കി ജില്ലയിലെ  അഞ്ചുമണ്ഡലങ്ങളിലും യു.ഡി.എഫ് ശക്തമായ മേല്‍ക്കൈനേടുമെന്നാണ് അഭിപ്രായസര്‍വെ ഫലങ്ങള്‍ പ്രവചിക്കുന്നത്. ദേവികുളത്തും  ഉടുമ്പന്‍ചോലയിലും യു.ഡി.എഫിന്റെ അട്ടിമറിജയത്തിനുള്ള സാധ്യതയിലേക്ക് സര്‍വെ വിരല്‍ചൂണ്ടുന്നു. മൃഗീയമേധാവിത്തത്തോടെ കഴിഞ്ഞതവണ വിജയിച്ച തൊടുപുഴയില്‍ കടുത്ത വെല്ലുവിളിയാണ് യു.ഡി.എഫ് നേരിടുന്നത്. മണ്ഡലം നിലനിര്‍ത്തുമ്പോഴും  എല്‍.ഡി.എഫുമായുള്ള വോട്ടുവ്യത്യാസം കേവലം 0.07 ശതമാനം മാത്രമാണ്. ഇടുക്കി പതിവുപോലെ യു.ഡി.എഫിനോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ പീരുമേട്ടില്‍ ഇടത് മേധാവിത്തം അട്ടിമറിയിലൂടെ യു.ഡി.എഫ് പിടിച്ചെടുക്കുമെന്നും സര്‍വെഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

എല്‍.ഡി.എഫിനേക്കാള്‍ 6.02 ശതമാനം വോട്ടുകള്‍ അധികം നേടി 41.48 ശതമാനം വോട്ടര്‍മാരുടെ പിന്തുണയാണ് ഇടുക്കിയില്‍ യു.ഡി.എഫിനുള്ളത്.  എല്‍.ഡി.എഫിന് 35.46 ശതമാനവും എന്‍.ഡി.എ 19.76 ശതമാനവും മറ്റുള്ളവര്‍ 3.30 ശതമാനവും വോട്ടുവിഹിതവും സര്‍വെ പ്രവചിക്കുന്നു.

വിജയസാധ്യതകള്‍ക്കൊപ്പം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയരുന്ന വിവിധ വിഷയങ്ങളിലും വോട്ടര്‍മാരുടെ നിലപാടുകള്‍ സര്‍വെയിലൂടെ പുറത്തുവന്നു. ശബരിമല ഇപ്പോഴും തിരഞ്ഞെടുപ്പ് വിഷയമാണോ എന്ന ചോദ്യത്തിന്  ആണെന്ന് 43 ശതമാനവും അല്ലെന്ന് 33 ശതമാനവും വോട്ടര്‍മാര്‍ പ്രതികരിച്ചപ്പോള്‍ നിലപാടില്ലെന്ന് 24 ശതമാനംപേരും പ്രതികരിച്ചു. സോളര്‍ കേസിലെ സി.ബി.ഐ അന്വേഷണത്തില്‍ രാഷ്ട്രീയമുണ്ടെന്ന് 40 ശതമാനം വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയമില്ലെന്ന് 22 ശതമാനംപേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 38 ശതമാനം പേര്‍ ഒരു നിലപാടും സ്വീകരിച്ചില്ല

മതസൗഹാര്‍ദം സംരക്ഷിക്കുന്നതില്‍  എല്‍.ഡി.എഫ് മികച്ച മുന്നണിയെന്ന് 48 ശതമാനം വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. യു.ഡി.എഫാണ് മികച്ചതെന്ന് 34 ശതമാനം പേര്‍ പ്രതികരിച്ചപ്പോള്‍ എന്‍.ഡി.എയില്‍ 13 ശതമാനംപേര്‍ പ്രതീക്ഷയും വിശ്വാസവുമര്‍പ്പിച്ചു. പ്രീ പോള്‍ സര്‍വെയുടെ രണ്ടു ഘട്ടങ്ങളിലായി എട്ടു ജില്ലകളിലെ 78 മണ്ഡലങ്ങളുടെ സാധ്യതകള്‍ പുറത്തുവന്നപ്പോള്‍ എല്‍.ഡി.എഫിന് 41 മണ്ഡലങ്ങളും യു.ഡി.എഫിന് 36 മണ്ഡലങ്ങളും എന്‍.ഡി.എയ്ക്ക് ഒരു മണ്ഡലത്തിലും സൂചനകള്‍ അനുകൂലമാണ്. മറ്റു മണ്ഡലങ്ങളിലെ സര്‍വെഫലം വരുംദിവസങ്ങളില്‍ മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്യും.  

MORE IN PRE-POLL SURVEY 2021
SHOW MORE
Loading...
Loading...