ഉത്തരമലബാറില്‍ എല്‍ഡിഎഫ്; 32 സീറ്റില്‍ 27ലും മുൻതൂക്കം: സർവേ

malabar-4-districts-1
SHARE

ഉത്തരകേരളത്തിലെ നാല് ജില്ലകളില്‍ എല്‍.ഡി.എഫ് ശക്തമായ മേല്‍ക്കൈ നേടുമെന്ന് മനോരമ ന്യൂസ്–വി.എം.ആര്‍ അഭിപ്രായ സര്‍വേഫലം. നാല് ജില്ലകളിലെ 32 സീറ്റുകളില്‍ 27 ലും എല്‍.ഡി.എഫിന് വിജയസാധ്യതയെന്ന് അഭിപ്രായ സര്‍വെ ചൂണ്ടിക്കാട്ടുന്നു. മഞ്ചേശ്വരത്ത് എന്‍.ഡി.എയുടെ വിജയവും സര്‍വെ പ്രവചിക്കുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നേരിട്ട് സ്വാധീനിക്കുന്ന വിവാദ വിഷയങ്ങളിലടക്കം വോട്ടര്‍മാരുടെ നിലപാടുകളും അഭിപ്രായസര്‍വെ ഫല പ്രഖ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പുറത്തുവന്നു. 

തിരഞ്ഞെടുപ്പ് പടക്കളത്തില്‍ നേര്‍ക്കുനേര്‍ പോരടിക്കുകയാണ് മുന്നണികള്‍. രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തിന്റെ ജനമനസിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ പ്രതിദിനം വന്നും പോയുമിരിക്കുന്നു. ഇതിനെല്ലാമിടയിലൂടെ കേരള ജനതയുടെ ഉള്ളിലിരിപ്പ് പുറത്തു കൊണ്ടുവരികയാണ് മനോരമ ന്യൂസ്– വി.എം.ആര്‍ അഭിപ്രായ സര്‍വേഫലം. ഉത്തരകേരളത്തിലെ നാല് ജില്ലകളിലെ 32 സീറ്റുകളില്‍ പ്രമുഖ മുന്നണികളുടെ പ്രകടനം വ്യക്തമാക്കുന്ന ആദ്യഘട്ട സര്‍വെഫലം സര്‍ക്കാരിനും ഇടതുമുന്നണിക്കും ആശ്വാസത്തിന് വക നല്‍കുന്നതാണ്. കാസര്‍കോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളില്‍ എല്‍.‍ഡി.എഫും തൃക്കരിപ്പൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ യു.ഡി.എഫും മഞ്ചേശ്വരത്ത് എന്‍.ഡി.എയും മുന്നിലെത്തുമെന്ന് സര്‍വെ ചൂണ്ടിക്കാട്ടുന്നു.   

ഇടതുകോട്ടയായ തൃക്കരിപ്പൂരില്‍ എല്‍.ഡി.എഫിനുമേല്‍ .8 ശതമാനത്തിന്റെ മാത്രം മേധാവിത്തത്തോടെയാണ് യു.ഡി.എഫ് അട്ടിമറിസൂചന നല്‍കുന്നത്. യു.ഡി.എഫിന്  44.3 ശതമാനവും എല്‍ഡി.എഫിന്  43.5 ശതമാനമാണ് വോട്ടുവിഹിതം. ജില്ലയിലെ മൊത്തം വോട്ടുവിഹിതത്തിലും യു.ഡിഎഫിന് 3.10 ശതമാനത്തിന്റെ ലീഡുണ്ട്. UDF 38.94 %,  LDF - 35.84 %, NDA – 24.84 %, മറ്റുള്ളവര്‍ – 0.38 % എന്നിങ്ങനെയാണ് ജില്ലയിലെ വോട്ടുവിഹിതത്തിലേക്ക് സര്‍വെ ചൂണ്ടുന്ന വിരല്‍.  

കണ്ണൂരിലെ 11 മണ്ഡലങ്ങളില്‍ ഒന്‍പതില്‍ എല്‍.ഡി.എഫും രണ്ടില്‍ യു.ഡി.എഫും മുന്നിലെത്തുമാണ് അഭിപ്രായ സര്‍വെയുടെ കണ്ടെത്തല്‍. ഇരിക്കൂര്‍, അഴീക്കോടും യു.ഡി.എഫ് നിലനിര്‍ത്തുമെന്ന് സര്‍വെഫലം ചൂണ്ടിക്കാട്ടുമ്പോള്‍ ഇരിക്കൂരിലേത് കടുത്ത പോരാട്ടമെന്നും അഭിപ്രായസര്‍വെ അടിവരയിടുന്നു. പരമ്പരാഗത യു.ഡി.എഫ് ശക്തികേന്ദ്രത്തില്‍ 3.56 % മാത്രമാണ് യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള വോട്ടുവത്യാസം. രാഷ്ട്രീയ കേട്ടുകേള്‍വികളെ മാറ്റിയെഴുതി കൂത്ത്പറമ്പില്‍ എന്‍.ഡി.എ രണ്ടാംസ്ഥാനത്ത് എത്തുമെന്നും സര്‍വെ വ്യക്തമാക്കുന്നു.   

ജില്ലയിലെ ആകെ വോട്ടുവിഹിതത്തില്‍ 51.35 % നേടി ഇടതുമുന്നണി ശക്തമായ ആധിപത്യം ഉറപ്പിക്കുന്നു. യുഡിഎഫ്–34.46 %, എന്‍ഡിഎ–13.03 %, മറ്റുള്ളവര്‍–1.16 % എന്നിങ്ങനെയാണ് മല്‍സരക്കളത്തിലെ മറ്റ് മുന്നണികളുടെ വോട്ടുവിഹിതം. 

 മൂന്ന് നിയമസഭാ മണ്ഡലങ്ങളും നേടി വയനാട്ടില്‍ ഇടതുമുന്നണി സമ്പൂര്‍ണമായ ആധിപത്യം നേടുമെന്നാണ് സര്‍വെയുടെ പ്രവചനം. LDF–54.42 %, UDF–32.02 %, NDA–12.41 %, മറ്റുള്ളവര്‍–1.14 % എന്നിങ്ങനെയാണ് ജില്ലയിലെ വോട്ട് വിഹിതത്തെക്കുറിച്ചുള്ള സര്‍വെഫലം. വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫിന് യുഡിഎഫിനുമേല്‍ 22.40 ശതമാനം ലീഡാണ് സര്‍വെ പ്രവചിക്കുന്നത്. 

കോഴിക്കോട് ജില്ലയിലെ ജനവിധിയെകുറിച്ചുള്ള വോട്ടര്‍മാരുടെ അഭിപ്രായപ്രകടനവും സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കുന്നതാണ്. ജില്ലയിലെ കോഴിക്കോട്ടെ 13 സീറ്റിലും ഇടതുമുന്നണി മുന്നിലെത്തുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. സിറ്റിങ് സീറ്റുകളായ കുറ്റ്യാടിയും കോഴിക്കോട് സൗത്തും മുസ്‌ലിംലീഗിന് നഷ്ടമാകും.

കെ.കെ.രമയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള വിവരശേഖരണത്തില്‍ വടകരയും ഇടതിനൊപ്പമെന്നാണ് സര്‍വെ ചൂണ്ടിക്കാട്ടുന്നത്.  ജില്ലയില്‍ എല്‍ഡിഎഫിന് 47.94 % ഉം  UDFന്–33.60 % ഉം എന്‍ഡിഎയ്ക്ക് 14.93 %ഉം മറ്റുള്ളവര്‍ക്ക് 3.54 % ഉം വോട്ടുവിഹിതവും ലഭിക്കുമെന്നാണ് പ്രവചനം. വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫിന് യുഡിഎഫിനുമേല്‍ 14.34 % ലീഡ് ലഭിക്കുമെന്നും ഫലം വ്യക്തമാക്കുന്നു.  സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം ഏറ്റവും മികച്ചതെന്ന് സര്‍വെയില്‍ പങ്കെടുത്ത 25 ശതമാനം വോട്ടര്‍മാരും  മികച്ചതെന്ന് 39 ശതമാനം പേരും അഭിപ്രായപ്പെട്ടു. 28 % പേര്‍ ശരാശരി മാര്‍ക്കും ആറുശതമാനം പേര്‍ മോശമെന്നും   രണ്ടുശതമാനം പേര്‍ വളരെ മോശമെന്നും വിലയിരുത്തി.  അഴിമതി തടയുന്നതില്‍ എല്‍ഡിഎഫാണ് മികച്ചതെന്ന് 41 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 37 ശതമാനം പേര്‍ യുഡിഎഫിനെ പിന്തുണച്ചു. 15 ശതമാനം പേര്‍ക്ക് എന്‍.ഡി.എയിലാണ് വിശ്വാസം.  

ഏറെ രാഷ്ട്രീയ ഒച്ചപ്പാടുണ്ടാക്കിയ സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന്  39 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഇല്ലെന്ന് വാദിച്ചത് 34 ശതമാനം പേരാണ്. 27 ശതമാനംപേര്‍ ഒരു നിലപാടും സ്വീകരിച്ചില്ല. 140 മണ്ഡലങ്ങളിലെ 27,000 വോട്ടര്‍മാരെ നേരിട്ടുകണ്ട് നടത്തിയ സര്‍വെ ഫലത്തിന്റെ അടുത്ത ഘട്ടങ്ങള്‍ വരുംദിവസങ്ങളില്‍ മനോരമ ന്യൂസ് പുറത്തുവിടും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...