മന്ത്രിസഭ രൂപീകരണത്തിന് ഇടതുമുന്നണി; ചർച്ചകൾ സജീവം: ആകാംക്ഷയേറ്റി ഈ പേരുകൾ

ldf
ഫയൽ ചിത്രം
SHARE

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇടതുമുന്നണി, മന്ത്രിസഭ രൂപീകരണ ചര്‍ച്ചകളിലേക്ക്. രണ്ടാം പിണറായി മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകുമെന്ന കാര്യത്തില്‍ വൈകാതെ വ്യക്തത വരും. സിപിഎമ്മില്‍ നിന്ന് മല്‍സരിച്ച കേന്ദ്രകമ്മിറ്റിയംഗങ്ങളിലും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളിലും മിക്കവരും മന്ത്രിസഭയില്‍ ഇടംപിടിക്കും. 

നിലവില്‍ 20 മന്ത്രിമാരാണ് ഉള്ളത്, 13 പേര്‍ സിപിഎമ്മില്‍ നിന്ന്. സിപിഐക്ക് നാലും, ജെഡിഎസ്, എന്‍സിപി, കേരളകോണ്‍ഗ്രസ് എസ് എന്നിവയ്ക്ക് ഓരോന്നുവീതവും. ഇത്തവണ കേരളകോണ്‍ഗ്രസ് എം, എല്‍ജെഡി എന്നീ പാര്‍ട്ടികള്‍ മുന്നണിയിലേക്ക് വന്നു. ജനാധിപത്യകേരളകോണ്‍ഗ്രസും കേരളകോണ്‍ഗ്രസ് ബിയും മന്ത്രിസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കും. മന്ത്രിമാരുടെ എണ്ണം കൂട്ടുകയോ സിപിഎമ്മും സിപിഐയും മന്ത്രിമാരുടെ എണ്ണത്തില്‍ വിട്ടുവീഴ്ച ചെയ്യുകയോ വേണ്ടി വരും. മിന്നുന്ന വിജയത്തിന് പിന്നാലെ ഇന്ന് എ.കെ.ജി സെന്‍ററില്‍ ചേര്‍ന്ന അവൈലബിള്‍ സെക്രട്ടേറിയറ്റില്‍ മന്ത്രിസഭാരൂപീകരണം സംബന്ധിച്ചും പ്രാഥമിക ചര്‍ച്ച നടന്നു.  കേന്ദ്രകമ്മിറ്റിയംഗങ്ങളായ കെ.കെ.ശൈലജ, എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍ എന്നിവരും സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണന്‍, എം.എം.മണി, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ എന്നിവരും മന്ത്രിമാരാകാനാണ് സാധ്യത. കടകംപള്ളി സുരേന്ദ്രനെ നിലനിര്‍ത്തുമോ നേമം പിടിച്ചെടുത്ത് ബിജെപി അക്കൗണ്ട് പൂട്ടിയ വി.ശിവന്‍കുട്ടിക്ക് അവസരം നല്‍കുമോ എന്നാണ് അറിയേണ്ടത്.

യുവരക്തത്തിന് അവസരം നല്‍കാന്‍ തീരുമാനിച്ചാല്‍ വി.കെ.പ്രശാന്തിനും വഴിതുറക്കും. മേഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ട സാഹചര്യത്തില്‍ സിപിഎമ്മിന്‍റെ രണ്ടാം വനിതാമന്ത്രിയായി വീണ ജോര്‍ജിനെ പരിഗണിച്ചാലും അത്ഭുതമില്ല. ആലപ്പുഴജില്ലയില്‍ നിന്ന് സജി ചെറിയാനും കോട്ടയം ജില്ലയില്‍ നിന്ന് വി.എന്‍.വാസവനും മന്ത്രിയാകാന്‍ സാധ്യത കല്‍പിക്കപ്പെടുന്നു. തൃത്താല പിടിച്ച എം.ബി.രാജേഷിനും സാധ്യതയുണ്ട്. എ.സി.മൊയ്തീന്‍ തുടര്‍ന്നേക്കും. സിപിഐയില്‍ ഇ.ചന്ദ്രശേഖരന്‍, പി.പ്രസാദ്, കെ.രാജന്‍, ജെ.ചിഞ്ചുറാണി എന്നിവര്‍ക്കാണ് സാധ്യത. കേരളകോണ്‍ഗ്രസ് എമ്മില്‍ സീനിയോറിറ്റി റോഷി അഗസ്റ്റിനാണെങ്കിലും ജോസ് കെ.മാണിയുടെ നിലപാടാകും നിര്‍ണായകം. രണ്ട് മന്ത്രി സ്ഥാനം ചോദിക്കാനും സാധ്യതയുണ്ട്. എ.കെ.ശശീന്ദ്രന്‍ തുടരുമോ തോമസ് കെ. തോമസ് മന്ത്രിയാകുമോ എന്നതിലും ആകാംക്ഷയുണ്ട്.  കെ.കൃഷ്ണന്‍കുട്ടി, മാത്യു ടി.തോമസ് എന്നിവരിലാര് മന്ത്രിയാകണം എന്നത് ജെഡിഎസില്‍ തര്‍ക്കത്തിന് ഇടയാക്കാം. എല്‍ജെഡിയില്‍ നിന്ന് ജയിച്ചത് കെ.പി.മോഹനന്‍ മാത്രമായതിനാല്‍ ആശയക്കുഴപ്പമില്ല. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...