പിണറായി മന്ത്രിസഭയിലേക്ക് ആരൊക്കെ?; പ്രാഥമിക പട്ടികയില്‍ ഇവരൊക്കെ

veena-kk-sailaja-mb-rajesh
SHARE

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇടതുമുന്നണി മന്ത്രിസഭ രൂപീകരണ ചര്‍ച്ചകളിലേക്ക്. രണ്ടാം പിണറായി മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകുമെന്ന കാര്യത്തില്‍ നാലുദിവസത്തിനകം വ്യക്തത വന്നേക്കും. സിപിഎമ്മില്‍ നിന്ന് മല്‍സരിച്ച കേന്ദ്രകമ്മിറ്റിയംഗങ്ങളിലും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളിലും മിക്കവരും മന്ത്രിസഭയില്‍ ഇടംപിടിക്കും. ഘടകകക്ഷികള്‍ക്കെല്ലാം മന്ത്രിസ്ഥാനം നല്‍കാന്‍ ഇടതുമുന്നണിയില്‍ ധാരണയുണ്ടെന്നാണ് സൂചന.

നാളെ തലസ്ഥാനത്തെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് രാജി നല്‍കും. അതോടെ നിലവിലെ മന്ത്രിസഭ കാവല്‍ മന്ത്രിസഭയായി തുടരും. ചൊവ്വാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന സമിതി, ഇടതുമുന്നണി യോഗങ്ങളുടെ തീയതി തീരുമാനിക്കും. പിന്നാലെ ഇടതുമുന്നണി ഘടകകക്ഷികള്‍ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്ന് മന്ത്രിമാരെ തീരുമാനിക്കും. തുടര്‍ന്ന് ഇടതുമുന്നണി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ക്ക് കത്തുനല്‍കും. 

നിലവിലെ മന്ത്രിസഭയില്‍ 20 മന്ത്രിമാരാണ് ഉള്ളത്. ഇതില്‍ 13 പേര്‍ സിപിഎമ്മില്‍ നിന്നാണ്. സിപിഐക്ക് നാലും, ജെഡിഎസ്, എന്‍സിപി, കേരളകോണ്‍ഗ്രസ് എസ് എന്നിവയ്ക്ക് ഓരോന്നുവീതവും. ഇത്തവണ കേരളകോണ്‍ഗ്രസ് എം, എല്‍ജെഡി എന്നീ പാര്‍ട്ടികള്‍ മുന്നണിയിലേക്ക് വന്നു. ജനാധിപത്യകേരളകോണ്‍ഗ്രസ്, കേരളകോണ്‍ഗ്രസ് ബി എന്നീ പാര്‍ട്ടികളും മന്ത്രിസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കും. മന്ത്രിമാരുടെ എണ്ണം കൂട്ടുകയോ സിപിഎമ്മും സിപിഐയും മന്ത്രിമാരുടെ എണ്ണത്തില്‍ വിട്ടുവീഴ്ച ചെയ്യുകയോ വേണ്ടി വരും. കേന്ദ്രകമ്മിറ്റിയംഗങ്ങളായ കെ.കെ.ശൈലജ, എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍ എന്നിവരും സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണന്‍, എം.എം.മണി, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ എന്നിവരും മന്ത്രിമാരാകാനാണ് സാധ്യത. 

തിരുവനന്തപുരത്തുനിന്ന് കടകംപള്ളി സുരേന്ദ്രനെ നിലനിര്‍ത്തുമോ നേമം പിടിച്ചെടുത്ത് ബിജെപി അക്കൗണ്ട് പൂട്ടിയ വി.ശിവന്‍കുട്ടിക്ക് അവസരം നല്‍കുമോ എന്നാണ് അറിയേണ്ടത്. യുവരക്തത്തിന് അവസരം നല്‍കാന്‍ തീരുമാനിച്ചാല്‍ വി.കെ.പ്രശാന്തിനും വഴിതുറക്കും. മേഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ട സാഹചര്യത്തില്‍ സിപിഎമ്മിന്‍റെ രണ്ടാം വനിതാമന്ത്രിയായി വീണ ജോര്‍ജിനെ പരിഗണിച്ചാലും അത്ഭുതമില്ല. കെ.രാധാകൃഷ്ണന്‍ മന്ത്രിയാകുന്ന സാഹചര്യത്തല്‍ എ.സി.മൊയ്തീന്‍റെ സാധ്യത മങ്ങുകയാണ്. ആലപ്പുഴജില്ലയില്‍ നിന്ന് സജി ചെറിയാനും കോട്ടയം ജില്ലയില്‍ നിന്ന് വി.എന്‍.വാസവനും മന്ത്രിയാകാന്‍ സാധ്യത കല്‍പിക്കപ്പെടുന്നു. തൃത്താല പിടിച്ച എം.ബി.രാജേഷിനും സാധ്യതയുണ്ട്. സിപിഐയില്‍ ഇ.ചന്ദ്രശേഖരന്‍, പി.പ്രസാദ്, കെ.രാജന്‍, ജെ.ചിഞ്ചുറാണി എന്നിവര്‍ക്കാണ് സാധ്യത. കേരളകോണ്‍ഗ്രസ് എമ്മില്‍ സീനിയോറിറ്റി റോഷി അഗസ്റ്റിനാണെങ്കിലും ജോസ് കെ.മാണിയുടെ നിലപാടാകും നിര്‍ണായകം. 

കേരളകോണ്‍ഗ്രസിന് ചീഫ് വിപ്പ് പദവിക്കും സാധ്യതയുണ്ട്. കെ.കൃഷ്ണന്‍കുട്ടി, മാത്യു ടി.തോമസ് എന്നിവരിലാര് മന്ത്രിയാകണം എന്നത് ജെഡിഎസില്‍ തര്‍ക്കത്തിന് ഇടയാക്കാം. എല്‍ജെഡിയില്‍ നിന്ന് ജയിച്ചത് കെ.പി.മോഹനന്‍ മാത്രമായതിനാല്‍ ആശയക്കുഴപ്പമില്ല.

MORE IN KERALA
SHOW MORE
Loading...
Loading...