ഉള്ള സീറ്റും പോയി; തോല്‍വിയുടെ ആഘാതം കൂട്ടി ഈ കണക്കുകളും

K-Surendran
SHARE

കേരളത്തിലെ ഉള്ള അക്കൗണ്ട് കൂടി പൂട്ടിപോയ ബി.ജെ.പി നേരിട്ടത്ത് കനത്ത തോല്‍വി. പ്രധാന നേതാക്കളെല്ലാം ചിത്രത്തില്‍പ്പോലും ഇല്ലാതായപ്പോള്‍ മുതിര്‍ന്ന  നേതാവായ കുമ്മനം രാജശേഖരനും മെട്രോമാന്‍ ഇ. ശ്രീധരനുമാണ് എതിരാളികള്‍ക്ക് അല്‍പമെങ്കിലും വെല്ലുവിളി ഉയര്‍ത്തിയത്. മഞ്ചേശ്വരത്തും കോന്നിയിലും മല്‍സരിച്ച സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും കനത്ത പരാജയമാണ് ജനംവിധിച്ചത്.

വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ ബി.ജെ.പിയും ഒ. രാജഗോപാലും ചേര്‍ന്ന് തുറന്ന നിയമസഭയിലെ അക്കൗണ്ട് പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയായി. നേമത്ത് ആദ്യം മുതല്‍ നേരിയ ലീഡ് നേടി ഉച്ചവരെ മുന്നില്‍ തുടര്‍ന്ന കുമ്മനം രാജശേഖരന്‍ അവസാവട്ട വോട്ടെണ്ണലില്‍ പിന്നാക്കംപോയി. വി. ശിവന്‍കുട്ടിക്ക് മുന്നില്‍ അടിയറവ് പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 8,671 വോട്ടിന് രാജഗോപാല്‍ ജയിച്ച മണ്ഡലത്തില്‍ ലോക്സഭാ തിരഞ്ഞടുപ്പില്‍ ബിജെപി 12,041 വോട്ടിനും കഴിഞ്ഞ തദ്ദേശ തിരഞ്ഞടുപ്പില്‍ 2,204 വോട്ടിനും മുന്നിലായിരുന്നു. ഈ കണക്കുകളും തോല്‍വിയുടെ ആഘാതം കൂട്ടുന്നു. 

പാലക്കാട് അപ്രതീക്ഷിതമായി മുന്നേറിയ മെട്രോമാന്‍ ഇ. ശ്രീധരന്‍ ഒരുഘട്ടത്തില്‍ ലീഡ് ആറായിരത്തിലേറെ ഉയര്‍ത്തിയിരുന്നു. അവിടെയും അവസാന നിമിഷം യുഡിഎഫിന്റെ ഷാഫി പറമ്പിലിനോട് തോല്‍ക്കാനായിരുന്നു വിധി. നടന്‍ സുരേഷ് ഗോപിയാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച മറ്റൊരാള്‍. തൃശ്ശൂരില്‍ ചിലനേരങ്ങളിലില്‍ സുരേഷ്ഗോപിയുടെ ലീഡ് ആയിരവും രണ്ടായിരവും കടന്നു. പക്ഷേ അന്തിമവിധിയില്‍ മൂന്നാംസ്ഥാനം മാത്രം. കഴിഞ്ഞതവണ മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വച്ച സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചിത്രത്തിലേ വന്നില്ല. 

അദ്ദേഹം മല്‍സരിച്ച കോന്നിയിലാകട്ടെ മൂന്നാം സ്ഥാനത്തേയ്ക്ക് പോയി. കഴക്കൂട്ടത്ത് ശബരിമല പ്രശ്നം ഉയര്‍ത്തി തീപ്പൊരിപ്രചാരണം നടത്തിയ ശോഭാസുരേന്ദ്രന്‍, മുതിര്‍ന്ന നേതാക്കളായ പി.കെ.കൃഷ്ണദാസ്, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം തുടങ്ങിയവരെല്ലാം മങ്ങിപ്പോയി. വോട്ട്ശതമാനം കൂട്ടിയാല്‍പോര സീറ്റുകൂട്ടണമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശം. കൂടുതല്‍ കിട്ടിയില്ലെന്ന് മാത്രമല്ല ഉള്ള സീറ്റുകൂടി പോയതിന്റെ ആഘാതം വളരെ വലുതാണ്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...