മലബാറിലെ ഇടതുകാറ്റ്; യുഡിഎഫിന് ആശ്വാസമായി 2 മണ്ഡലങ്ങൾ

ldf-puthupally
SHARE

മലബാറില്‍ വീശിയത് ഇടതുകാറ്റ്. വയനാട്ടിലും മലപ്പുറത്തുമാണ് തരംഗത്തില്‍ യുഡിഎഫിന് പിടിച്ചുനില്‍ക്കാനായത്. കോഴിക്കോടും കണ്ണൂരും പാലക്കാടും ഇടതുമുന്നണി കരുത്തുകാട്ടി. പ്രതീക്ഷ പുലര്‍ത്തിയ മഞ്ചേശ്വരവും പാലക്കാടും തോറ്റത് എന്‍ഡിഎ യ്ക്ക് കനത്ത ക്ഷീണമായി. 

കണ്ണൂരില്‍ ഇടതു തരംഗത്തില്‍ യുഡിഎഫ് തകര്‍ന്നടിഞ്ഞു. പേരാവൂരിലും ഇരിക്കൂറിലും മാത്രമാണ് യുഡിഎഫിന് ജയിക്കാനായത്. യുഡിഎഫ് ശക്തികേന്ദ്രങ്ങളായ ഇരു മണ്ഡലങ്ങളിലും ഭൂരിപക്ഷം കുറഞ്ഞത് തകര്‍ച്ചയുടെ ആഴം കൂട്ടുന്നു. അഴീക്കോട് കെ എം ഷാജിയില്‍ നിന്ന് പിടിച്ചെടുക്കാനായതാണ് എല്‍ഡിഎഫിന്‍റെ വലിയ നേട്ടം. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെയും ഭൂരിപക്ഷം അര ലക്ഷം കടന്നത് ചരിത്ര നേട്ടം.

തൃത്താല കൂടി പിടിച്ചെടുത്താണ് പാലക്കാട് ഇക്കുറിയും ഇടതോരം ചേര്‍ന്ന് നടന്നത്. 3173 വോട്ടുകള്‍ക്കാണ് തൃത്താലയില്‍ എംബി രാജേഷിന്റെ ജയം. ഇ ശ്രീധരന്റെ വെല്ലുവിളിയെ അതിജീവിച്ച് ഷാഫി പറമ്പില്‍ പാലക്കാട് നേടിയത് തിളക്കമുള്ള ഹാട്രിക്. മണാര്‍കാട് 5870 വോട്ടുകള്‍ക്കാണ് യുഡിഎഫ് ജയം. കാസര്‍കോട് തൃക്കരിപ്പൂരിലും ഉദുമയിലും  കാഞ്ഞങ്ങാടും എല്‍ഡിഎഫ് ഭൂരിപക്ഷം കൂടി. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനെ യുഡിഎഫ് മറികടന്നത് 745 വോട്ടുകള്‍ക്ക്. കാസര്‍കോട് ലീഡ് ഉയര്‍ത്തിയതും യുഡിഎഫിന് ആശ്വാസമായി.

ഇടതും തരംഗം ആഞ്ഞടിച്ചപ്പോള്‍ വയനാട്ടില്‍ യുഡിഎഫ് പിടിച്ചു നിന്നു. കല്‍പറ്റ പിടിച്ചെടുത്തതിനൊപ്പം ബത്തേരി നിലനില്‍ത്തി. മാനന്തവാടിയില്‍ പക്ഷെ പി.കെ ജയലക്ഷ്മിക്ക് ജയിക്കാനായില്ല.മലപ്പുറത്ത് ലീഗ് കോട്ടകള്‍ പിടിച്ചു നിന്നു. കഴിഞ്ഞ തവണ നേടിയ പന്ത്രണ്ടും യുഡിഎഫ് നിലനില്‍ത്തി. പക്ഷെ പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം ജയിച്ചത് 38 വോട്ടുകള്‍ക്ക്. തവനൂരില്‍ കെ.ടി ജലീലിന്റെ ലീഡ് 2564 ആയി കുറഞ്ഞു. പൊന്നാനിയില്‍ ഇടത് മുന്നണിക്ക് ലീഡ് കൂടിയെങ്കിലും താനൂരിലും നിലമ്പൂരിലും ഭൂരിപക്ഷം കുറഞ്ഞു.

ഇക്കുറി പ്രതീക്ഷ വെച്ചിരുന്നെങ്കിലും കോഴിക്കോടും യുഡിഎഫിന് മുന്നേറാനായില്ല. പതിമൂന്നില്‍ പതിനൊന്നും നേടി എല്‍ഡിഎഫ് കരുത്ത് കാട്ടി. കൊടുവള്ളി യുഡിഎഫ് നേടിയപ്പോള്‍ കോഴിക്കോട് സൗത്തും ഫോട്ടോഫിനിഷിനൊടുവില്‍ കുറ്റ്യാടിയും നഷ്ടമായി. ടിപി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനത്തിന് രണ്ടു നാള്‍ മുമ്പ് നേടിയ ജയം കെ.കെ രമയ്ക്കും ആര്‍എംപിക്കും വൈകാരികാനുഭവമായി.

MORE IN KERALA
SHOW MORE
Loading...
Loading...