ദുരന്തങ്ങളില്‍ രക്ഷകനായി; പെന്‍ഷനും കിറ്റും തുണച്ചു; ‘വിജയ’വഴി ഇതാ

pinarayi-vijayan-03
SHARE

ഭരണത്തിലേറിയപ്പോള്‍ മുതല്‍ തുടര്‍ഭരണം ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങളിലായിരുന്നു സിപിഎമ്മും ഇടതുമുന്നണിയും. പ്രളയവും കോവിഡും അടക്കം ഒന്നിനുപുറകെ ഒന്നായി വന്ന ദുരന്തങ്ങളില്‍ രക്ഷകനായി  മുഖ്യമന്ത്രി പിണറായി വിജയനെ ജനം അംഗീകരിച്ചു. ക്ഷേമപെന്‍ഷനും സൗജന്യഭക്ഷ്യകിറ്റുമെല്ലാം സര്‍ക്കാരിന് ജനഹൃദയങ്ങളില്‍ ഇടം നല്‍കി. പ്രതിപക്ഷം ഒന്നിനുപുറകെ ഒന്നായി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ജനവിശ്വാസം നേടാനായില്ലെന്നും തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. 

ഓഖി, നിപ്പ, രണ്ടു പ്രളയം ഒടുവില്‍ കോവിഡും. കഴിഞ്ഞ അഞ്ചുവര്‍ഷവും ദുരന്തങ്ങളില്‍ നിന്ന് ദുരന്തങ്ങളിലേക്ക് നീങ്ങിയപ്പോള്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ പകരാന്‍ സര്‍ക്കാരിനായി. സര്‍ക്കാരിന്‍റെ തലപ്പത്ത് രക്ഷക പ്രതിച്ഛായയില്‍ കരുത്തനായി പിണറായി വിജയനും. ജനം വലഞ്ഞകാലത്ത് സൗജന്യ ഭക്ഷ്യകിറ്റുകള്‍ നല്‍കിയതും, ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തിയതും, ന്യായവില ഹോട്ടലുകള്‍ തുറന്നതുമെല്ലാം സര്‍ക്കാരിന്‍റെ ജനകീയ പ്രതിച്ഛായ ഉയര്‍ത്തി. വന്‍കിട പദ്ധതികള്‍ക്ക് പിന്നാലെ പോകാതെ സാമ്പത്തികപ്രതിസന്ധിയുടെ കാലത്തും കിഫ്ബി വഴി ആശുപത്രികളും വിദ്യാലയങ്ങളും റോഡുകളും പാലങ്ങളും നിര്‍മിച്ചു. ചെയ്ത കാര്യങ്ങള്‍ കൃത്യമായി ജനങ്ങളിലെത്തിക്കുന്നതിലും സര്‍ക്കാര്‍ വിജയിച്ചു. 

ആരോപണങ്ങള്‍ ഉയര്‍ത്തിയ പ്രതിപക്ഷത്തെ അന്നംമുടക്കികളെന്നും വികസനവിരോധികളെന്നും വിളിച്ച് പ്രതിരോധത്തിലാക്കി. പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട നിലപാടിന് പിന്നാലെ ബിജെപിയുടെ കേരളത്തിലെ അക്കൗണ്ട് പൂട്ടിക്കുമെന്ന പ്രഖ്യാപനം ന്യൂനപക്ഷവിഭാഗങ്ങളെയും ഇടതുപക്ഷത്ത് ഉറപ്പിച്ചു നിര്‍ത്തി. ആര്‍.എസ്.എസിനും എസ്ഡിപിഐക്കും എതിരെ ഒരേ നിലപാടെടുത്തതിന് പൊതുസ്വീകാര്യത ലഭിച്ചു. 

സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത്, ലൈഫ് മിഷന്‍ കേസുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയമെന്ന് പ്രചരിപ്പിക്കുന്നതില്‍ വിജയിച്ചു. കേന്ദ്രഏജന്‍സികള്‍ക്കെതിരെ ശക്തമായ രാഷ്ട്രീയനിലപാടെടുത്ത് അവരെ പ്രതിരോധത്തിലാക്കി. ലോക്സഭാതിരഞ്ഞെടുപ്പിലെ തിരിച്ചടി ഉള്‍ക്കൊണ്ട് ശബരമല വിഷയത്തില്‍ നിലപാട് മാറ്റി, അക്കാര്യം ഗൃഹസന്ദര്‍ശനം നടത്തി ജനങ്ങളോട് തുറന്നുപറഞ്ഞു. വോട്ടുബാങ്ക് ലക്ഷ്യമിട്ട് മുന്നാക്ക സംവരണവും നാടാര്‍ സംവരണവും നടപ്പാക്കി.  ജോസ് കെ.മാണിയെയും എല്‍ജെഡിയെയും മുന്നണിയിലെത്തിച്ചതോടെ നഷ്ടപ്പെടുന്ന സീറ്റുകള്‍ക്ക് പകരം സീറ്റുകള്‍ ഉറപ്പിച്ചു. 

സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ജാഗ്രതകാണിച്ചു. രണ്ടുടേം സ്ഥാനാര്‍ഥികളായവരെ മുഖംനോക്കാതെ മാറ്റിനിര്‍ത്തി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി. പാര്‍ട്ടി തുടര്‍ച്ചയായി അധികാരത്തിലിരുന്ന ബംഗാളില്‍ നേതാക്കള്‍ തുടര്‍ച്ചയായി മല്‍സരിച്ചതുമൂലമുണ്ടായ അപചയം ചൂണ്ടിക്കാണിച്ച് ഇതിനെ രാഷ്ട്രീയ നിലപാടാക്കി ഉയര്‍ത്തിക്കാണിക്കുന്നതിലും സിപിഎം വിജയിച്ചു. ഒറ്റപ്പാലത്തും ഷൊര്‍ണൂരിലും ജനവികാരം മുന്നേയറിഞ്ഞ് എം.എല്‍.എമാരെ മാറ്റി. മുന്നണിയില്‍ പ്രശ്നങ്ങളില്ലാതിരുന്നതും ഗുണമായി. 

കാനം രാജേന്ദ്രനെ പോലും നിശബ്ദനാക്കുന്നതില്‍ പിണറായി വിജയന്‍ വിജയിച്ചു. കേരളകോണ്‍ഗ്രസിനെ വലിയ എതിര്‍പ്പുകളില്ലാതെ മുന്നണിയിലെത്തിക്കാനായതും ഇതുകൊണ്ടാണ്. പ്രകടനപത്രികയില്‍ പറഞ്ഞകാര്യങ്ങള്‍ നടപ്പാക്കുകയും നടപ്പാക്കാവുന്ന വാഗ്ദാനങ്ങള്‍ ഇത്തവണ മുന്നോട്ടുവയ്ക്കുകയും ചെയ്തു. ഒടുവില്‍ തിരഞ്ഞെടുപ്പ് കാലത്ത് എതിരാളികളെ തേജോവധം ചെയ്യാതിരിക്കുന്നതില്‍ ജാഗ്രത പാലിച്ചതും ജനവികാരം എതിരാകാതിരിക്കാന്‍ സഹായിച്ചു. 

ചരിത്രം തിരുത്തി തുടര്‍ഭരണം നേടിയിരിക്കുന്നു പിണറായി വിജയന്‍. തരംഗം തീര്‍ത്തുള്ള വിജയത്തില്‍ അനിഷേധ്യനായകസ്ഥാനത്താണ് പിണറായി. മറ്റെല്ലാ ഘടകങ്ങളും ക്യാപ്റ്റന്‍ പിണറായിക്കുപിന്നില്‍ മാത്രം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...