തരംഗത്തില്‍ അടിപതറി യുഡിഎഫ്; എല്ലാ പരീക്ഷണങ്ങളും പാളി; ഇനി പൊട്ടിത്തെറി

kpcc-leaders-1
SHARE

അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഭരണമാറ്റമെന്ന ചരിത്രം പിണറായിയുടെ നിശ്ചദാര്‍ഢ്യത്തിന് മുന്നില്‍ വഴിമാറിയപ്പോള്‍, യു.ഡി.എഫ് പതിച്ചത് കാലത്തിന്റ കടുത്ത ദശാസന്ധിയില്‍. ആഞ്ഞടിച്ച സര്‍ക്കാര്‍ അനുകൂല തരംഗത്തില്‍ യു.‍‍ഡി.എഫ് തകര്‍ന്നടിഞ്ഞപ്പോള്‍ സിറ്റിങ് സീറ്റുകള്‍ പോലും ‌നിലനിര്‍ത്താനായില്ലെന്ന നാണക്കേടിലാണ് കോണ്‍ഗ്രസ്. 

സര്‍ക്കാര്‍ അനുകൂല വികാരം സംസ്ഥാനത്താകെ പ്രതിഫലിച്ച തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, ഭൂരിപക്ഷവും കോണ്‍ഗ്രസിനെ കൈവിട്ടു. കൂടുതല്‍ സീറ്റ് ലക്ഷ്യമിട്ടിരുന്ന തിരുവനന്തപുരം കൊല്ലം ആലപ്പുഴ തൃശൂര്‍ ജില്ലകളിലെങ്ങും ചലനമുണ്ടാക്കാനായില്ല. ശബരിമലയും ആഴക്കടല്‍ മല്‍സ്യബന്ധനവും ഉള്‍പ്പടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം ജനം പുഛിച്ചുതള്ളി. ഏഴുപത് ശതമാനം പുതുമുഖങ്ങളേയും ചെറുപ്പക്കാരേയും അണിനിരത്തിയുള്ള പരീക്ഷണ‌ം ഗുണം ചെയ്തില്ല. പുതുമുഖങ്ങള്‍ മല്‍സരിച്ച പലയിടത്തും മുതിര്‍ന്ന നേതാക്കള്‍ പ്രചാരണത്തില്‍ നിര്‍ജീവമായി.‌ 

ജയിക്കേണ്ടത് സ്ഥാനാര്‍ഥികളുടെ മാത്രം ഉത്തരവാദിത്തമായി. സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളും ലതിക സുഭാഷിന്റ തലമുണ്ഡനവുമെല്ലാം തിരിച്ചടിച്ചു. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ നേമത്ത് ശക്തനെയിറക്കിയുള്ള തന്ത്രവും പരാജയപ്പെട്ടു. ദുര്‍ബലമായിരുന്ന താഴേത്തട്ടിലെ സംഘടന സംവിധാനം അമ്പേ പരാജയപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാലത്തില്‍ ഡിസിസി തലങ്ങളില്‍ അഴിച്ചുപണിവേണമെന്ന് നിര്‍ദേശിച്ചെങ്കിലും ഇഷ്ടക്കാരെ മാറ്റാന്‍ മുതിര്‍ന്ന നേതാക്കള്‍ തയാറായിരുന്നില്ല.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അകന്നുപോയ ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാന്‍ ഉമ്മന്‍ചാണ്ടിയെ കളത്തിലിറക്കി നടത്തിയ രക്ഷാപ്രവര്‍ത്തനവും ഏശിയില്ല. മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള െഎക്യമില്ലായ്മയും എല്‍.ഡി.എഫിന് ചരിത്രമെഴുതാന്‍ അവസരമൊരുക്കി. എല്ലാറ്റിനും ഉപരി ജോസ് കെ മാണിയേയും കൂട്ടരേയും മുന്നണിയില്‍ നിന്ന് പുറത്താക്കിയ യു.ഡി.എഫ് നേതാക്കള്‍ക്ക് ഇനി പശ്ചാത്തപിക്കാം.  

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ പത്തൊന്‍പത് സീറ്റും നേടി വെന്നിക്കൊടി പാറിച്ച ഒരു മുന്നണിക്കാണ് ഈ ഗതിയെന്ന് ഒാര്‍ക്കണം. ഹൈക്കമാന്‍ഡിന്റ സര്‍വ ‌സന്നാഹങ്ങളിറക്കിയിട്ടും, രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും മുഴുവന്‍സമയ പ്രചാരണത്തിനെത്തിയിട്ടും  തകര്‍ന്നടിഞ്ഞുപോയത് പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറിയുണ്ടാക്കും.   

MORE IN BREAKING NEWS
SHOW MORE
Loading...
Loading...