ചെങ്കോട്ടയായി തെക്കന്‍ കേരളം; മുപ്പതില്‍ 27 സീറ്റ്; നാലിടത്ത് അട്ടിമറി

sivankutty-vishnunath-01
SHARE

ചെങ്കോട്ടയായി മാറിയ തെക്കന്‍ കേരളത്തില്‍ മുപ്പതില്‍ 27 സീറ്റും ഇടത് പക്ഷത്തിന്. യു.ഡി.എഫ് മൂന്നില്‍ ഒതുങ്ങിയപ്പോള്‍ വി.ശിവന്‍കുട്ടിയുടെ മിന്നും പ്രകടനത്തോടെ ബി.ജെ.പിയുടെ നേമത്തെ അക്കൗണ്ടും ക്ളോസ് ചെയ്തു. തിരുവനന്തപുരം, അരുവിക്കര മണ്ഡലങ്ങളില്‍ ഇടത് അട്ടിമറി കണ്ടപ്പോള്‍ കുണ്ടറയും കരുനാഗപ്പള്ളിയും പിടിച്ചതാണ് വലത് ക്യാംപിന്റെ ആശ്വാസം.

നേമത്തെ കരുത്തനാര് എന്ന ചോദ്യത്തിന് ഉത്തരമായി. അയ്യായിരത്തിലേറെ വോട്ടിന്റെ അഭിമാനജയം നേടിയ വി.ശിവന്‍കുട്ടി. ഒ.രാജഗോപാലിനേക്കാള്‍ പതിനയ്യായിരത്തോളം വോട്ട് കുമ്മനത്തിന് കുറഞ്ഞു. എന്നാല്‍ യു.ഡി.എഫ് വോട്ട് പതിമൂവായിരത്തില്‍ നിന്ന് മുപ്പത്തയ്യായിരത്തിലേക്ക് ഉയര്‍ത്താന്‍ കെ.മുരളീധരനായെങ്കിലും മൂന്നാം സ്ഥാനത്തൊതുങ്ങി. ബി.ജെ.പിയിലേക്ക് പോയ യു.ഡി.എഫ് വോട്ടുകള്‍ മുരളീധരന്‍ തിരിച്ച് പിടിച്ചതും ന്യൂനപക്ഷവോട്ടുകള്‍ ശിവന്‍കുട്ടി നിലനിര്‍ത്തിയതുമാണ് ബി.ജെ.പിയുടെ നേമത്തെ വഴിയടച്ചത്. 

രണ്ട് അട്ടിമറിക്കും തലസ്ഥാനജില്ല സാക്ഷിയായി. അരുവിക്കരയില്‍ ജി.സ്റ്റീഫന്‍ കെ.എസ്.ശബരിനാഥിനെ തോല്‍പിച്ചപ്പോള്‍ അവസാനിച്ചത് കോണ്‍ഗ്രസിന്റെ മൂന്ന് പതിറ്റാണ്ടിന്റെ വിജയചരിത്രം. നഗരവും തീരവും കയ്യൊഴിഞ്ഞതോടെ വി.എസ്.ശിവകുമാര്‍ ആന്റണി രാജുവിന് മുന്നില്‍ വീണു. ശബരിമല ആളിക്കത്തിച്ച ശോഭാ സുരേന്ദ്രന് കടകംപള്ളി സുരേന്ദ്രനെ കുലുക്കാന്‍ പോലുമായില്ല.. വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്ത്, പാറശാലയില്‍ സി.കെ.ഹരീന്ദ്രന്‍, നെടുമങ്ങാട് ജി.ആര്‍.അനില്‍, ആറ്റിങ്ങലില്‍ എം.ബി. അംബിക തുടങ്ങിയവര്‍ ഇരുപതിനായിരത്തിന് മുകളിലേക്ക് ഭൂരിപക്ഷം ഉയര്‍ത്തിയതോടെ തലസ്ഥാനത്തെ 14ല്‍ 13ലും ചുവന്നു. വ്യക്തിഗത മികവില്‍ വിന്‍സെന്റ് ജയിച്ചതോടെ കോവളം മാത്രം യു.ഡി.എഫ് തുരുത്തായി. 

പത്തനംതിട്ടയില്‍ യു.ഡി.എഫ് സംപൂജ്യര്‍. കോന്നി പിടിക്കാനിറങ്ങിയ കെ.സുരേന്ദ്രന് ഉപതിരഞ്ഞെടുപ്പിലെ പ്രകടനം പോലും പുറത്തെടുക്കാനായില്ല. ആറന്‍മുളയില്‍ വീണാ ജോര്‍ജ് മികച്ച ലീഡ് നേടിയപ്പോള്‍ തര്‍ക്കങ്ങള്‍ നിന്ന റാന്നിയില്‍  ഇടത് ജയം ഫോട്ടോഫിനീഷില്‍. കൊല്ലത്ത് ഇത്തവണ സംപൂജ്യരായില്ലെന്ന് മാത്രമാണ് വലത് ക്യാംപിന്റെ ആശ്വാസം. കരുനാഗപ്പള്ളിയില്‍ സി.ആര്‍.മഹേഷും കുണ്ടറയില്‍ മേഴ്സിക്കുട്ടിയമ്മയെ അട്ടിമറിച്ച് പി.സി.വിഷ്ണുനാഥും മാനം കാത്തു. ഷിബു ബേബി ജോണിന്റെ പ്രകടനത്തിനപ്പുറം ആര്‍.എസ്.പി കരതൊട്ടില്ല. ഗണേഷ് പത്തനാപുരം കോട്ട വീണ്ടും കാത്തു. അല്‍പം വിയര്‍ത്തെങ്കിലും മുകേഷ് രണ്ടാം തവണയും നിയമസഭയില്‍ ഇരിപ്പിടം ഉറപ്പിച്ചു. തര്‍ക്കങ്ങളെയെല്ലാം തരണം ചെയ്ത് ചിഞ്ചുറാണിയും പി.എസ്.സുപാലും ജയിച്ചതോടെ തെക്കന്‍ കേരളത്തില്‍ ഏഴില്‍ ആറും നേടി സി.പി.ഐക്കും മിന്നും നേട്ടം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...