മഞ്ചേശ്വരത്ത് കമറുദ്ദീനു ജയം; കോട്ട കാത്ത് ലീഗ്; എൻഡിഎ നിരാശപ്പെടുത്തി

Kamarudheen-won
SHARE

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി എം.സി. കമറുദ്ദീനു ജയം. 7923 വോട്ടുകൾക്കാണ് ജയം. വിശ്വാസിയായ സ്ഥാനാർഥിയെ രംഗത്തിറക്കി ലീഗ് കോട്ട തകർക്കാനുള്ള  എൽഡിഎഫ് നീക്കമാണ് മഞ്ചേശ്വരത്ത് പാളിയത്.  ശബരിമല വിഷയം ഉൾപ്പെടെ ഉയർത്തിയ എൻഡിഎയ്ക്കും തുളുനാട്ടിൽ അത്ഭുതം കാണിക്കാനായില്ല. സ്ഥാനാർഥി നിർണയ സമയത്തുണ്ടായ ഉൾപാർട്ടി പ്രശ്നങ്ങൾ ലീഗിനെ ബാധിച്ചില്ല എന്നതിന്റെ തെളിവാണ് പാർട്ടിയുടെ ഉരുക്കുകോട്ടകളിൽ ഭൂരിപക്ഷം കൂടിയത്. ഉപതിരഞ്ഞെടുപ്പിൽ ശബരിമല ചർച്ചയാക്കേണ്ടെന്ന ഇടതു മുന്നണിയുടെ പൊതുനിലപാട് മഞ്ചേശ്വരത്തെത്തിയപ്പോൾ പാളി.

സ്ഥാനാർഥി തന്നെ വിശ്വാസ സംരക്ഷണത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. ഇതോടെ ജില്ലാ ഘടകത്തിന്റെ വിയോജിപ്പ് അവഗണിച്ചും മുഖ്യമന്ത്രിയും, സി പി എം സംസ്ഥാന സെക്രട്ടറിയും  സ്ഥാനാർഥിയെ പിന്തുണച്ച് രംഗത്തെത്തി. ശങ്കർ റൈയുടെ  നിലപാട് വിശ്വാസി സമൂഹത്തിന്റെ വോട്ടുകൾ അനുകൂലമാകുമെന്നായിരുന്നു നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഒപ്പം ഭാഷാന്യൂനപക്ഷങ്ങളുടെ വോട്ടിലും മുന്നണി പ്രതീക്ഷ വച്ചു. എന്നാൽ ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളുടെ  സ്വാധിനമേഖലകളിൽ പോലും ഇടതുമുന്നണി പിന്തള്ളപ്പെട്ടു. വിശ്വാസത്തിന്റെ പേരിൽ വോട്ടു തേടിയ എൻഡിഎയുടേയും പ്രതീക്ഷകൾ അസ്ഥാനത്തായി. എന്നാൽ ശബരിമലയും, വിശ്വാസവും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നാണ് യു ഡി എഫ് വിലയിരുത്തൽ.

പൈവളിഗെ തുടങ്ങി എൽഡിഎഫും  എൻഡിഎ യും പ്രതീക്ഷ വച്ചിരുന്ന പഞ്ചായത്തുകളിലും യു ഡി എഫ് ഒപ്പത്തിനൊപ്പമെത്തി. വോട്ട് വിഹിതത്തിലുണ്ടായ കുറവിനെക്കുറിച്ചുള്ള ചർച്ചകൾ എൽഡിഎഫിൽ വരും ദിവസങ്ങളിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്താം. വിശ്വാസ സംരക്ഷണത്തിലടക്കമുണ്ടായ നിലപാടു മാറ്റം തുളുനാട്ടിൽ മുന്നണിയെ ബാധിച്ചോയെന്നതാകും ഇതിൽ പ്രധാനം

MORE IN ASSEMBLY BYELECTION 2019
SHOW MORE
Loading...
Loading...