അരൂരിൽ ഷാനിമോൾക്കു ജയം; ഇടതുകോട്ട തകർത്ത പെൺകരുത്ത്

shanimol-won
SHARE

അരൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റിൽ യുഡിഎഫ് സ്ഥാനാർഥി ഷാനി മോൾ ഉസ്മാനു ജയം. ആദ്യ റൗണ്ടിലൊഴികെ ഒരു ഘട്ടത്തിലും ഷാനിമോള്‍ പിന്നിലായിട്ടില്ല. എല്‍ഡിഎഫ് ശക്തികേന്ദ്രമായ പള്ളിപ്പുറവും തുറവൂരും തുണച്ചത് യുഡിഎഫിനെയായിരുന്നു. മൂന്നു തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഷാനി മോളുടെ ആദ്യജയമാണിത്. ദൈവനിയോഗമാണ് അരൂരിലെ ജയമെന്ന് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. അരൂരിലെ ജനങ്ങള്‍ക്കും യു.ഡി.എഫ് നേതൃത്വത്തിനും ജയം സമര്‍പ്പിക്കുന്നുവെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. 

ആലപ്പുഴ ലോക്സഭാ തിരഞ്ഞെടുപ്പിൽ അരൂരിൽ യുഡിഎഫ് നേരിയ ലീഡ് നേടിയിരുന്നു. അരൂരിൽ ആദ്യമായാണ് കോൺഗ്രസ് സ്ഥാനാർഥി ജയിക്കുന്നത്. അരൂർ മണ്ഡലം രൂപീകരിക്കപ്പെട്ട ശേഷം ആകെ നാലു പേർ മാത്രമാണ് ഇവിടെ നിന്നു നിയമസഭയിലെത്തിയിട്ടുള്ളത്. ആരാണ് അരൂരിനെ പ്രതിനിധീകരിക്കുന്ന അഞ്ചാമത്തെയാൾ എന്നതാണ് ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പിന്റെ ചോദ്യം. ആ ചോദ്യത്തിന്റെ ഉത്തരമാണ് കിട്ടിയിരിക്കുന്നത്. മണ്ഡലം രൂപീകൃതമായ ശേഷം നടന്ന 15 തിരഞ്ഞെടുപ്പുകളിൽ പത്തിലും അരൂർ ഇടത്തേക്കാണു ചാഞ്ഞത്. വലത്തേക്കു ചിന്തിച്ചപ്പോഴാകട്ടെ, രണ്ടു തവണ യുഡിഎഫിലായിരുന്ന ഗൗരിയമ്മയ്ക്കൊപ്പവും ഒരു തവണ കോൺഗ്രസിന്റെ പിന്തുണയോടെ ഗൗരിയമ്മയെ തോൽപ്പിച്ച സിപിഐക്കൊപ്പവുമായിരുന്നു അരൂർ. ആദ്യത്തെ രണ്ടു തിരഞ്ഞെടുപ്പുകളിൽ മാത്രമാണ് നിയമസഭയിൽ അരൂരിൽ നിന്നുള്ള കോൺഗ്രസ് പതാക പാറിയത്.

ആലപ്പുഴ തകഴി സ്വദേശിനിയായ ഷാനിമോൾ നിയമ ബിരുദധാരിയാണ്. കേരളത്തിൽനിന്ന് എഐസിസി സെക്രട്ടറി ആയ ആദ്യ വനിതയാണ്. മഹിള കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ. ഭർത്താവ്: എ.മുഹമ്മദ് ഉസ്മാൻ (മുൻ തഹസിൽദാർ, ഇപ്പോൾ അഭിഭാഷകൻ). ആലപ്പുഴ എസ്ഡി കോളജിലും ലോ അക്കാദമിയിലുമായിരുന്നു ഷാനിമോളുടെ വിദ്യാഭ്യാസം.

MORE IN ASSEMBLY BYELECTION 2019
SHOW MORE
Loading...
Loading...